
ന്യൂഡല്‍ഹി: കശ്മീര്‍, ആള്‍ക്കൂട്ട കൊലപാതകം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കിയ നടപടി പിന്‍വലിച്ചു. വര്‍ധയിലെ മഹാത്മാഗാന്ധി അന്തരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ (എം.ജി.എ.എച്ച്.വി)യിലെ ആറ് വിദ്യാര്‍ത്ഥികളെയാണ് കോളേജില്‍ തിരിച്ചെടുത്തത്.
രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തുറന്ന കത്തെഴുതിയ സിനിമാ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിയത്.
ആള്‍ക്കൂട്ട കൊലപാതകം, പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുക, കശ്മീര്‍ വിഷയം, ബലാത്സംഗ കേസുകളില്‍ പ്രതികളായ രാഷ്ട്രീയ നേതാക്കള്‍ക്ക് സംരക്ഷണം നല്‍കുക തുടങ്ങിയ വിഷയങ്ങളായിരുന്നു പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ പ്രതിപാദിച്ചത്. എന്നാല്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണ് നടത്തിയതെന്ന് കാണിച്ച് വാഴ്സിറ്റി അഡ്മിനിസ്ട്രേഷന് വിദ്യാര്‍ത്ഥികളെ പുറത്താക്കുകയായിരുന്നു.
ഭരണപരമായ പ്രക്രിയയില്‍ ഇടപെട്ടതിനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിനുമാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത് എന്നാണ് എം.ജി.എ.എച്ച്.വി അഡ്മിനിസ്ട്രേഷന് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞിരുന്നത്.





