
അരയ്ക്കു താഴോട്ട് തളര്‍ന്ന സഹോദരിയെ സ്വന്തം വിവാഹ നിശ്ചയത്തിന് എടുത്തുകൊണ്ട് പോകുന്ന യുവാവിന്റെ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ ഏവരുടെയും കണ്ണുനിറയ്ക്കുന്നത്. ഇതുപോലൊരു ആങ്ങളയെ ആ അനിയത്തിക്കുട്ടിയ്ക്ക് കൊടുത്തതുകൊണ്ടാകും പെങ്ങളുടെ അരയ്ക്ക് താഴോട്ടുള്ള ജീവന് ദൈവം തിരിച്ചെടുത്തത്. ചക്രകസേരയില്‍ തന്നെയാണ് 28 വയസുളള മീനൂട്ടിയെന്ന ഹരിയുടെ സഹോദരിയുടെ ജീവിതം മുന്നോട്ട് ഉരുളുന്നത്. എടുത്തുകൊണ്ട് നടക്കാന്‍ ഈ ചേട്ടനും.
നിശ്ചയദിനത്തില്‍ സഹോദരിയെ എടുത്തുകൊണ്ടുപോകുന്ന വീഡിയോ സുഹൃത്തുക്കളിലാരോ എടുത്ത് സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഇവരുടെ അച്ഛന് എട്ടുവര്‍ഷം മുമ്പ് മരിച്ചു. മീനുട്ടിക്ക് കൂട്ടായി ഹരിയും അമ്മയുമുണ്ട് ഒപ്പം.
മീനുട്ടിയെ സ്നേഹിക്കുന്നതിന് തടസമായി ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്ന് ഒരിക്കലും കരുതിയതല്ലെന്ന് ഹരി പ്രസാദ് ഒരു മാധ്യമത്തിന് നല്കിയ അഭിമുടത്തില്‍ പറയുന്നു. എന്നാല്‍ ഞാനൊരു വിവാഹം കഴിക്കണം എന്നത് അവളുടെ സ്വപ്നമായിരുന്നു. എന്റെ ഇഷ്ടങ്ങള്‍ക്ക് തടസമാകരുതെന്ന് അവള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് ഈ വിവാഹത്തില്‍ കാര്യങ്ങള്‍ എത്തിയത്.
അരയ്ക്ക് താഴോട്ട് ജീവനില്ലാത്തതിനു പുറമെ ഹൃദയ വാല്‍വിനും തകരാര്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്. കേള്‍വി ശക്തിയില്ല, മുതുകില്‍ നിന്ന് നീക്കം ചെയ്യാനാകാത്ത മുഴയുമുണ്ട്. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും മറ്റുള്ളവരുടെ സഹായം തേടണം. ഹരിയും അമ്മയുമാണ് മീനുട്ടിക്ക് എല്ലാത്തിനും കടെ. അവയവങ്ങള്‍ നമ്മുക്കൊരു ഭാരമായി തോന്നാറില്ലല്ലേ, അതുപോലെയാണ് എനിക്കെന്റെ പെങ്ങളൂട്ടിയുമെന്ന് ഹരി പറയുന്നു. പെങ്ങളെ എടുത്തുകൊണ്ട് പോകുന്നതില്‍ സഹതപിക്കുന്നവരോട് പുച്ഛം മാത്രമാണ്. അവള് എനിക്ക് ഭാരമല്ല. പ്രാണനാണ്. ഹരി പറഞ്ഞുനിര്‍ത്തി. തിരുവനന്തപുരം സ്വദേശിയായ ഹരി ഡ്രൈവറാണ്.






