തിരുവനന്തപുരം: മുന്‍ ജഡ്ജിയുടെ സ്വത്ത് വ്യാജ ഒസ്യത്തിലൂടെ തട്ടിയെടുക്കാന്‍ സഹായിച്ചുവെന്ന കേസില്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖിനെതിരെ അന്വേഷണം. അന്തരിച്ച റിട്ടയേര്‍ഡ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വ്യാജ ബന്ധുക്കള്‍ക്ക് സഹായം ചെയ്തുവെന്നാണ് കേസ്. ടി. സിദ്ദിഖ് ഉള്‍പ്പെടെ മൂന്ന് കോണ്‍ഗ്രസ് നേതാക്കളാണ് കേസിലെ പ്രതികള്‍. സിദ്ദിഖിന് പുറമെ എന്‍.കെ അബ്ദുറഹിമാന്, ഹബീബ് തമ്പി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
ലിങ്കണ് ഏബ്രഹാം എന്ന മുന്‍ ജഡ്ജിന്റെ പേരിലുള്ള 565.0623 ആര് ഭൂമി വ്യാജ ഒസ്യത്തിലൂടെ തട്ടിയെടുക്കാനാണ് സിദ്ദിഖും കൂട്ടുപ്രതികളും സഹായം ചെയ്തത്. സമകാലിക മലയാളമാണ് രേഖകള്‍ സഹിതം കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ലിങ്കണ് ഏബ്രഹാമിന്റെ സഹോദരന് എ.കെ ഫിലോമെന്‍ നേതാക്കള്‍ക്ക് ഭൂമി എഴുതി നല്കിയ തീറാധാരത്തിന്റെ പകര്‍പ്പ് ഉള്‍പ്പെടെയാണ് പരാതി. ഭൂമി കൈമാറ്റം സിദ്ദിഖ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കുള്ള പ്രതിഫലമാണോ എന്നത് ഉള്‍പ്പെടെയാണ് അന്വേഷിക്കുന്നത്.
2015 സെപ്റ്റംബര്‍ 22ന് താമരശേരി സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കിയിരിക്കുന്നത്. ഓരോരുത്തര്‍ക്കും 40.47 ആര് ഭൂമി വീതം നല്കി എന്നാണ് രേഖകള്‍ പ്രകാരം വ്യക്തമാകുന്നത്. വ്യാജ ഒസ്യത്ത് പ്രകാരമുള്ള ഭൂമി കൈമാറ്റത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനാണ് പരാതി ലഭിച്ചത്. അദ്ദേഹം അത് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. ഡി.ജി.പിയുടെ നിര്‍ദ്ദേശ പ്രകാരം താമരശേരി ഡി.വൈ.എസ്.പി അബ്ദുറസാഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
താമരശേരി രാരോത്ത് വില്ലേജ് പരിധിയിലെ സ്വപ്ന പ്ലാന്റേഷന്, അരിയൂര്‍ എസ്റ്റേറ്റ് എന്നിങ്ങനെ അറിയപ്പെടുന്ന ഭൂമികളും അതില്‍ ഉള്‍പ്പെട്ട വീടുമാണ് അനധികൃതമായ രീതിയില്‍ സ്വന്തമാക്കിയത്. ലിങ്കണ് ഏബ്രഹാമിന്റെ ഭൂമി പിതാവ് കെ.എം ഏബ്രഹാമിന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിനാണ് നീക്കിവച്ചിരുന്നത്. ഈ ഭൂമിയാണ് വ്യാജ ഒസ്യത്ത് പ്രകാരം സഹോദരന് ഫിലൊമെന് തട്ടിയെടുത്തത്.
ഫിലൊമെന്റെ ബന്ധുവും ടി. സിദ്ദിഖുമായുള്ള പരിചയത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഈ ഇടപാടില്‍ ഇടപെട്ടത്. അനധികൃത ഇടപെടലും വ്യാജ ഒസ്യത്തും അതിന് പ്രതിഫലമായി കോടികള്‍ വില വരുന്ന ഭൂമി നല്കിയതും പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായാല്‍ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യും. കെ.എ ഫിലൊമെന് വ്യാജ ഒസ്യത്തിലൂടെ ഭൂമി തട്ടിയെടുത്തെന്ന് കാണിച്ച് കെ.എം ഏബ്രഹാം ട്രസ്റ്റ് ഭാരവാഹികളായ ജീന്‍, അര്ജുന് കുമാര്‍, സണ്ണി സോളമന് എന്നിവര്‍ 2015ല്‍ താമരശേരി പോലീസിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ നടപടി ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് ഇവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.






