
തിരുവനന്തപുരം : വട്ടിയൂര്‍ക്കാവില്‍ ഒടുവില്‍ സി.പി.എമ്മിന്റെ ചിരി. ബാലികേറാമലയെന്നു കരുതിയ വട്ടിയൂര്‍ക്കാവിലെ മിന്നുന്ന ജയം സി.പി.എമ്മിന് ഏറെ തിളക്കമുള്ളതാണ്. 2011ല്‍ മണ്ഡലം രൂപീകൃതമായതു മുതല്‍ മൂന്നാംസ്ഥാനത്തായിരുന്ന പാര്‍ട്ടിക്കു വി.കെ. പ്രശാന്തിലൂടെ മധുരപ്രതികാരം.വട്ടിയൂര്‍ക്കാവിന്റെ പൂര്‍വരൂപമായിരുന്ന തിരുവനന്തപുരം നോര്‍ത്തില്‍ ഗ്ലാമര്താരമായി നിന്ന ജി. കാര്‍ത്തികേയനെ യുവതുര്‍ക്കിയായി എം. വിജയകുമാര്‍ മലര്‍ത്തിയടിച്ച ചരിത്രമുണ്ട്. ആ വിജയകുമാറിനെ പിന്നീടു പരാജയപ്പെടുത്തിയ കെ. മോഹന്‍കുമാറാണ് ഇപ്പോള്‍ പ്രശാന്തിനു മുന്നില്‍ തോറ്റത്.
2016ല്‍ കെ. മുരളീധരനും സി.പി.എം സ്ഥാനാര്‍ഥിയും തമ്മിലുണ്ടായിരുന്ന പതിനായിരത്തിലധികം വോട്ടിന്റെ വ്യത്യാസം മറികടന്ന് 14,000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിനാണു പ്രശാന്തിന്റെ വിജയം. കോണ്‍ഗ്രസിന് 11,000 വോട്ടുകള്‍ കുറഞ്ഞു. മണ്ഡലത്തില്‍ ആദ്യമായി മൂന്നാംസ്ഥാനത്തായ ബി.ജെ.പിക്ക് 16,247 വോട്ടുകള്‍ കുറഞ്ഞു. സി.പി.എമ്മിനു 14,000 ലധികം വോട്ടുകള്‍ വര്‍ധിക്കുകയും ചെയ്തു.
വോട്ട് മറിക്കല്‍ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുണ്ടെങ്കിലും സി.പി.എം. വിജയത്തിനു പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. ഏറ്റവും പ്രധാനം സ്ഥാനാര്‍ഥിനിര്‍ണയം തന്നെ. സ്ഥാനാര്‍ഥികളുടെ വ്യക്തിത്വം മണ്ഡലത്തില്‍ എന്നും പ്രധാനമായിരുന്നു. രണ്ടു തവണ കെ. മുരളീധരന് ജയിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ വ്യക്തിപരമായ മികവിനു പങ്കുണ്ട്. ആ ഘടകം ഇക്കുറി പ്രശാന്തിന് അനുകൂലമായി.
തിരുവനന്തപുരം മേയര്‍ എന്ന നിലയിലുള്ള പ്രശാന്തിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല പ്രതിച്ഛായ സൃഷ്ടിച്ചിരുന്നു. യുവവോട്ടര്‍മാരുടെ നിലപാടും സി.പി.എമ്മിന് അനുകൂലമായി. വോട്ടര്‍മാരില്‍ 25%വും 25 വയസിന് താഴെയുള്ളവരാണ്. പോളിങ് ശതമാനത്തിലെ ചെറിയ ഇടിവും യു.ഡി.എഫിനു തിരിച്ചടിയായി.
കെ. മോഹന്‍കുമാര്‍ മികച്ച സ്ഥാനാര്‍ഥി ആയിരുന്നെങ്കിലും ഒരു വിഭാഗത്തിന്റേതു മാത്രമെന്ന പ്രചാരണം തിരിച്ചടിയായി. എന്‍.എസ്.എസ്.പരസ്യമായി വോട്ടുപിടിച്ചതോടെ മറ്റു വിഭാഗങ്ങളുടെ വോട്ടുകളില്‍ ഏകീകരണമുണ്ടായതു മോഹന്‍ കുമാറിനു വിനയായി. നായര്‍സമുദായത്തിന്റെ വോട്ട് പ്രതീക്ഷിച്ചപോലെ മോഹന്‍കുമാറിനു ലഭിച്ചുമില്ല. സി.എസ്.ഐയുടെ പ്രബലമായ ഒരു വിഭാഗം ഇടതുമുന്നണിയെ പിന്തുണയ്ക്കുകയും ചെയ്തു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ പ്രാദേശിക നേതൃത്വത്തിനു താല്പര്യമുള്ളവരായിരുന്നില്ല സി.പി.എം. സ്ഥാനാര്‍ഥികള്‍. അതുകൊണ്ടുതന്നെ പ്രവര്‍ത്തനങ്ങളില്‍ പാളിച്ചയുണ്ടായി. ഇക്കുറി പ്രശാന്ത് സ്ഥാനാര്‍ഥിയായതോടെ ആ പ്രതിസന്ധി മറികടക്കാനായി. പാര്‍ട്ടി ഒന്നാകെ എണ്ണയിട്ട യന്ത്രം പോലെ രംഗത്തിറങ്ങി. വീടുകള്‍ കയറിയുള്ള പ്രചാരണത്തിനാണ് അവര്‍ ഊന്നല്‍ നല്‍കിയത്. അതേസമയം കോണ്‍ഗ്രസിന്റെ സംഘടനാസംവിധാനം തളര്‍ന്ന അവസ്ഥയിലായിരുന്നു. സ്ഥാനാര്‍ഥി നിര്ണയവേളയിലുണ്ടായ തര്‍ക്കവും പ്രചരണത്തെ ബാധിച്ചു.
പ്രചരണത്തിന് നേതാക്കളില്ലെന്ന പരാതി മോഹന്‍കുമാര്‍ തന്നെ ഉന്നയിച്ചിരുന്നു. കുമ്മനം രാജശേഖരനു പകരം ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി എസ്. സുരേഷ് വന്നതോടെ ബി.ജെ.പിയുടെ പ്രവര്‍ത്തനവും ദുര്‍ബലമായി. എന്‍.എസ്.എസ്. നിലപാടു കൂടി എതിരായതോടെ അവര്‍ ചിത്രത്തിലില്ലാതായി.
വി.കെ. പ്രശാന്ത് - 54830
കെ. മോഹന്‍കുമാര്‍ - 40365
എസ്. സുരേഷ് - 27453
നോട്ട - 820
എ. മോഹനകുമാര്‍ - 135
നാഗരാജ് ജി. - 100
മുരുകന് എ. - 76
സുരേഷ് എസ്.എസ്. - 93
മിത്രന് ജി. - 38
അസാധു - 20
ആകെ വോട്ട്: 1,97,570
പോള്‍ ചെയ്ത വോട്ട്: 1,23,910






