
പാലക്കാട്: വാളയാറിലെ അട്ടപ്പള്ളത്ത് പീഡനത്തിനിരകളായ ദളിത് പെണ്‍കുട്ടികള്‍ മരിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ടതില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പെണ്‍കുട്ടികളുടെ അമ്മ രംഗത്ത്. വിധിക്കെതിരെ അപ്പീലിനു പോകുമെന്ന പോലീസിന്റെ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിമര്‍ശനവുമായി മാതാവ് രംഗത്തെത്തിയത്. പോലീസ് അപ്പീലിനു പോകുന്നതില്‍ കാര്യമില്ലെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അതേസമയം കേസിലെ പ്രതികളെ എല്ലാം വെറുതെ വിട്ടതിനു പിന്നാലെ പോലീസിനെതിരെ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു, ഇതോടെയാണ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് പോലീസ് തീരുമാനിച്ചത്. പാലക്കാട് പോക്സോ കോടതിയുടെ വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കുക.
വിധി പകര്‍പ്പ് കിട്ടിയാല്‍ ഉടന്‍ അപ്പീല്‍ നല്‍കും. എന്നാല്‍ അന്വേഷണത്തില്‍ പാളിച്ചുയാണ്ടായതായി കരുതുന്നില്ലെന്നും ഡിഐജി വ്യക്തമാക്കി. വിധി വന്നതിന് പിന്നാലെ പോലീസിനെതിരെ കുട്ടികളുടെ അമ്മ രംഗത്തെത്തിയിരുന്നു. മൂത്തകുട്ടിയെ പീഡിപ്പിക്കുന്നത് നേരിട്ടു കണ്ടെന്ന് പറഞ്ഞിട്ടുള്ള അന്വേഷണ സംഘം നടപടിയെടുത്തില്ലെന്ന് കുട്ടികളുടെ മാതാവ് പറഞ്ഞു. പ്രതികളെ കോടതി വെറുതെ വിടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നും അന്വേഷണസംഘം തങ്ങളെ പറഞ്ഞു പറ്റിച്ചെന്നും ഇവര്‍ ഒരു പ്രമുഖ വാര്‍ത്താ ചാനലിനോട് പറഞ്ഞു.
വിധി വരുന്നത് പോലും അന്വേഷണസംഘം അറിയിച്ചില്ല. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വരെ കാരണമായ കേസില്‍ ആദ്യം അന്വേഷണം നടത്തിയ സംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ പിഴവ് ആരോപിച്ച് പുതിയ അന്വേഷണസംഘം ഏറ്റെടുത്ത കേസാണ് പ്രതികള്‍ രക്ഷപ്പെടാന്‍ കാരണമാണ്. സംഭവത്തില്‍ രണ്ടു പെണ്‍കുട്ടികളും പീഡനത്തിന് ഇരയായിരുന്നതായി പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ആത്മഹത്യയെന്ന് ആദ്യം അന്വേഷിച്ച സംഘം കണ്ടെത്തുകയും ചെയ്തിരുന്നു.
2017 ജനുവരി 13 നായിരുന്നു അട്ടപ്പളത്ത് 11 വയസ്സുള്ള പെണ്‍കുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ മാര്‍ച്ച് 4 ന് ഒമ്പതു വയസ്സുള്ള അനുജത്തിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേസില്‍ എഎസ്പി ജി പൂങ്കുഴലിയുടേയും ഡിവൈഎസ്പി എം.ജെ സോജന്റെയും നേതൃത്വത്തില്‍ ആയിരുന്നു ആദ്യം അന്വേഷണം നടത്തിയത്. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വാളയാര്‍ എസ്ഐ യ്ക്കും സിഐ യ്ക്കും ഡിവൈഎസ്പി യ്ക്കും എതിരേ നടപടിയെടുത്തിരുന്നു. പിന്നാലെയാണ് പുതിയസംഘം അന്വേഷണം ഏറ്റെടുത്തത്. രണ്ടു വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വന്നിരിക്കുന്നത്.






