
തിരുച്ചിറപ്പള്ളി: കുഴല്‍ക്കിണറില്‍ അകപ്പെട്ട രണ്ടരവയസ്സുകാരനെ രക്ഷിക്കാന്‍ സമാന്തര കിണര്‍ നിര്‍മ്മാണം പുനരാരംഭിച്ചു. താഴ്ചയിലേക്ക് പോകുന്തോറും പാറ തുരക്കേണ്ടി വരുന്നതും കുഴിക്കാനായി കൊണ്ടുവന്ന യന്ത്രം തകരാറിലായതും മൂലം പ്രവര്‍ത്തനം ഇന്ന് രാവിലെ താല്‍ക്കാലികമായി സമാന്തര കിണര്‍ നിര്‍മ്മാണം നിര്‍ത്തി വെച്ച ശേഷമാണ് വീണ്ടും പുനരാരംഭിച്ചത്.
അതേസമയം രക്ഷാപ്രവര്‍ത്തനം തുടങ്ങി 60 മണിക്കൂറുകള്‍ പിന്നിരിട്ടുന്ന സാഹചര്യത്തില്‍ കുട്ടിയില്‍ നിന്നും കാര്യമായ പ്രതികരണം ഇല്ലാത്തത് ആശങ്കയാണ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ അഞ്ചു മണി വരെ പ്രതികരണം ഉണ്ടായിരുന്നു. സമാന്തര കിണര്‍ നിര്‍മ്മിച്ച് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമത്തില്‍ കാഠിന്യമേറിയ പാറയാണ് ഏറ്റവും പുതിയ വെല്ലുവിളി. കുട്ടിവീണ കിണറില്‍ നിന്നും രണ്ടു മീറ്റര്‍ മാറിയാണ് സമാന്തര കിണര്‍ നിര്‍മ്മിക്കുന്നത്. അഞ്ചു മണിക്കൂര്‍ എടുത്ത് 10 അടി താഴ്ച വരെ ഉണ്ടാക്കാനായെങ്കിലും ഇനിയും 50 അടി കൂടി താഴ്ത്തിയാലേ കുട്ടിയുടെ അരികില്‍ എത്താനാകു.
വേഗത്തില്‍ തുരക്കാന്‍ കഴിയുന്ന റിംഗ് യന്ത്രം രാമനാഥപുരത്തു നിന്നും വരുത്തിയാണ് പാറ തുരക്കല്‍ ജോലി ചെയ്തിരുന്നത്. എന്നാല്‍ ഇതിനിടയില്‍ യന്ത്രത്തിനും തകരാര്‍ സംഭവിച്ചു. ഇതോടെ കുട്ടിയുടെ അരികിലേക്ക് എളുപ്പം എത്താന്‍ കഴിയുന്ന മറ്റൊരിടം പരിശോധിക്കുകയാണ്. ഇക്കാര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു. ഇന്ന് തന്നെ കുട്ടിയെ പുറത്തെടുക്കാനാണ് ശ്രമം നടത്തുന്നത്. കുട്ടിയെ ഇന്ന് തന്നെ പുറത്തെടുക്കാന്‍ എല്ലാ ശ്രമം നടത്തുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വവും വ്യക്തമാക്കിയിട്ടുണ്ട്. ഉപയോഗ ശൂന്യമായതും തുറന്നുകിടക്കുന്നതുമായ എല്ലാ കുഴല്‍ക്കിണറുകളുടെയും കണക്ക് എടുക്കാനുള്ള നീക്കത്തിലാണ് തമിഴ്നാട്.






