
കേള്‍വി മാത്രമല്ല, ശരീരത്തിന്റെ തുലനാവസ്ഥ നിലനിര്‍ത്തുന്നതിനും ചെവി പ്രധാന പങ്കുവഹിക്കുന്നു. എന്നാല്‍ ചെവിയുടെ ആരോഗ്യകാര്യത്തില്‍ ആരും വേണ്ടത്ര പരിഗണന നല്‍കാറില്ല. അശ്രദ്ധമായി ചെവിക്കായം നീക്കം ചെയ്യുമ്പോഴും ഹെഡ്ഫോണില് ദീര്‍ഘനേരം പാട്ടുകേള്‍ക്കുമ്പോഴും അത് ചെവിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന് ചിന്തിക്കാറില്ല. ചെവിയുടെ ആരോഗ്യവും സംരക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടാകാറുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും.
ചെവിയില്‍ എണ്ണയൊഴിക്കാമോ?
ചെവിക്കുള്ളിലെ അസ്വസ്ഥതകള്മാറാന് വെളിച്ചെണ്ണ ഒഴിക്കുന്നത് നല്ലതെന്ന് പറഞ്ഞു കേള്‍ക്കുന്നു. ഇത് ശരിയാണോ. ഇതുമൂലം ചെവിക്ക് എന്തെങ്കിലും തകരാറ് സംഭവിക്കുമോ?
അലോപ്പതി ചികിത്സാരീതി പ്രകാരം ചെവിയിലെ അസ്വസ്ഥതകള്‍ക്ക് വെളിച്ചെണ്ണ ഒഴിക്കുന്നത് ഒരു പ്രഥമ ശുശ്രൂഷയല്ല. വെളിച്ചെണ്ണ ചൂടാക്കി ഒഴിക്കുമ്പോള്‍ ആശ്വാസം തോന്നാമെങ്കിലും ഇത് പ്രത്യേകിച്ച് യാതൊരു ഗുണവും ചെയ്യുന്നില്ല. തന്നെയുമല്ല, ഫംഗസ് അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലുമാണ്. ചെവിയുടെ ആരോഗ്യകാര്യത്തില്‍ സ്വയം ചെയ്യാവുന്ന ചികിത്സകള്‍ ഒന്നുമില്ല എന്നു പറയുന്നതാവും ശരി. ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷമായിരിക്കും ചെയ്യുക. കര്‍ണപുടം പൊട്ടിപ്പോയവര്‍ ചെവിയില്‍ എണ്ണ ഒഴിക്കുമ്പോള്‍ പാട പിന്നീട് അടയാതിരിക്കാനും കര്‍ണത്തില്‍ എത്തി പഴുപ്പ് ഉണ്ടാകാനുമിടയുണ്ട്. അതിനാല്‍ ചെവി സംബന്ധമായ അസ്വസ്ഥതകള്‍ക്ക് എത്രയും വേഗം ഡോക്ടറെ കാണുക.
ചെവിയടിച്ചു വീണാല്‍
ചെവി അടിച്ചുള്ള ശക്തമായ വീഴ്ച ബധിരതയ്ക്കു കാരണമാകുമോ? ഇത്തരം ബധിരത ചികിത്സയിലൂടെ ശരിയാക്കാന്‍ കഴിയുമോ?
മധ്യകര്‍ണവും ആന്തരിക കര്‍ണവും സ്ഥിതി ചെയ്യുന്നത് ടെമ്പറല്‍ ബോണിലാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും കട്ടിയുള്ള എല്ലാണിത്. അതിനാല്‍ ശക്തമായ ക്ഷതമേല്‍ക്കുമ്പോള്‍ മാത്രമാണ് ഇതിനു പൊട്ടലുണ്ടാകുന്നത്. ശക്തമായി ചെവി അടിച്ചുള്ള വീഴ്ച, അപകടങ്ങള്‍ എന്നിവയൊക്കെ കാരണങ്ങളാണ്. എല്ലുകളുടെ സ്ഥാനമാറ്റമോ പൊട്ടലോ ഉണ്ടായാല്‍ ഒരു പരിധിവരെ ചികിത്സിച്ചു മാറ്റാവുന്നതാണ്. പ്രത്യേകിച്ചും മധ്യകര്‍ണത്തിലെ മൂന്ന് എല്ലകളുടെ. ആന്തരിക കര്‍ണത്തില്‍നിന്ന് മുകളിലേക്കുള്ള ഞരമ്പുകള്‍ക്കാണ് ക്ഷതം സംഭവിക്കുന്നതെങ്കില്‍ ചികിത്സ സാധ്യമല്ല. ഇത് ബധിരതയ്ക്കു കാരണമാകാം. ഹെല്‍മെറ്റ് ഉപയോഗിക്കുന്നതിലൂടെ അപകടംമൂലം ചെവിക്കുണ്ടാകുന്ന ക്ഷതങ്ങള്‍ കുറയ്ക്കാന്‍ കഴിയും. വെള്ളത്തിലേക്ക് ശക്തിയായി വീഴുന്നതും ചെവിയുടെ പാട പൊട്ടിപോകുന്നതിനു കാരണമാകാം. ഇത് ചികിത്സയിലൂടെ ശരിയാക്കാവുന്നതാണ്. ചെവിയില്‍നിന്ന് രക്തം വരുക, മൂളില്‍, കേള്‍വിക്കുറവ് എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഒരു ഇ. എന്‍. ടി ഡോക്ടറെ കാണിക്കണം.
ചെവിക്കായം നീക്കം ചെയ്യുമ്പോള്‍
ചെവിക്കായം എങ്ങനെ ഉണ്ടാകുന്നു? ഇത് നീക്കം ചെയ്യാന്‍ ചെവിതോണ്ടി ഉപയോഗിക്കുന്നത് കര്‍ണപുടത്തിന് ദോഷം ചെയ്യുമോ? സ്ഥിരമായി ബട്ട്സ് ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ?
ബാഹ്യ കര്‍ണത്തിലെ ചില ഗ്രന്ഥികളുടെ പ്രവര്‍ത്തന ഫലമായാണ് ചെവിക്കായം അഥവാ ഇയര്‍ വാക്സ് ഉണ്ടാകുന്നത്. ചെവിക്കായം ചെവിയുടെ ആരോഗ്യത്തിന് ആവശ്യമുള്ളതാണ്. അതിനാല്‍ ഇത് ചെവിതോണ്ടിയോ ബഡ്സോ ഉപയോഗിച്ച് വൃത്തിയാക്കേണ്ടതില്ല. ചെവിയുടെ തൊലിക്ക് മയം ഉണ്ടാക്കാന്‍ സഹായിക്കുക എന്നതാണ് ഇതിന്റെ പ്രധാന ധര്‍മ്മം. അണുബാധ തടയുവാനും ഇത് സഹായിക്കുന്നു. അതിനാല്‍ ചെവിക്കായം നീക്കംചെയ്യേണ്ടതില്ല. ബാഹ്യകര്‍ണം ഇതുമൂലം അടഞ്ഞു പോയാല്‍ മാത്രം ഒരു ഇ.എന്‍.ടി ഡോക്ടറെക്കൊണ്ട് ഇത് എടുത്തുകളിയിക്കാവൂ. ബാഹ്യകര്‍ണത്തിലെ ചര്‍മം സംവേദന ക്ഷമത കൂടുതലുള്ളതാണ്. അതിനാല്‍ ഇവ ഉപയോഗിക്കുമ്പോള്‍ കര്‍ണപുടത്തിനും കര്‍ണനാളത്തിനും മുറിവ്, കേടുപാടുകള്‍ എന്നിവ ഉണ്ടാകാം. ചെറിയ മുറിവുകള്‍പോലും അണുബാധയ്ക്കു കാരണമാകാം. അതിനാല്‍ ബഡ്സും ചെവിതോണ്ടിയും ഒരിക്കലും ഉപയോഗിക്കരുത്. ബഡ്സ് പൂര്‍ണമായും അണുവിമുക്തമല്ല. മാത്രമല്ല പഞ്ഞിയാണെങ്കിലും ഇതിന്റെ ആകൃതി ചെവിക്ക് മുറിവ് ഉണ്ടാക്കുന്നതാണ്.
ചെവിക്കായം നീക്കം ചെയ്യാന്‍ വിദഗ്ധന്റെ സഹായം തേടണം. കൃത്യമായ വെളിച്ച സംവിധാനവും ഉപകരണങ്ങളും ഇതിന് ആവശ്യമാണ്. ശീലമില്ലാത്ത ആള് എടുത്താല്‍ ചെവിയുടെ കര്‍ണപുടം പൊട്ടിപോകാന്വരെ ഇതു കാരണമാവാം. ചെവിയില്‍ ആവശ്യത്തിന് വാക്സ് ഇല്ലാതിരിക്കുന്നതാണ് ചെവിയില്‍ ചൊറിച്ചില്‍ അനുഭവപ്പെടാന്‍ കാരണമാകുന്നു. അസഹ്യമായ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കണ്ട് വാക്സിന്റെ കുറവ് പരിഹരിക്കണം.
ചെവിയില്‍ ഉറുമ്പ് അകപ്പെട്ടാല്‍
ഉറുമ്പ്, വണ്ട് മുതലായ ജീവികളോ അന്യവസ്തുക്കളോ ചെവിയില്‍ അകപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?
ജീവനുള്ള വലിയ പ്രാണികള്‍ ചെവിക്കകത്തു പ്രവേശിക്കുമ്പോള്‍ എത്രയും വേഗം ഡോക്ടറെ കാണണം. അസഹനീയമായ വേദനയും അസ്വസ്ഥതയുമാണ് ഇവ ചെവിക്കുള്ളില്‍ പ്രവേശിച്ചാല്‍. 3-4 തുള്ളി ആല്‍ക്കഹോള്‍ ചെവിയില്‍ ഒഴിക്കുന്നത് നല്ലതാണ്. ആല്‍ക്കഹോളിന്റെ രൂഷതയില് അവയ്ക്ക് ജീവിക്കാന്‍ കഴിയില്ല. എന്നാല്‍ വെള്ളം ഒഴിച്ചാല്‍ ജീവികള്‍ ചാവാന്‍ താമസമെടുക്കും. ആല്‍ക്കഹോളാണ് ഒഴിക്കുന്നതെങ്കില്‍ ചിലരില്‍ എഴുന്നേല്ക്കുമ്പോള് അല്പ സമയത്തേക്ക് തലകറക്കം അനുഭവപ്പെടാം. 5 മിനിറ്റ് ഇരുന്ന ശേഷം എഴുന്നേറ്റു നടക്കുക. മുകളില്‍ പറഞ്ഞ ദ്രാവകങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ മാത്രം കര്‍ണപുടം പൊട്ടാത്തവര് 2-3 തുള്ളി വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടാക്കാതെ ഒഴിക്കണം. ജീവി ചാകുന്നതോടെ ചെവിയിലെ അസ്വസ്ഥതകള്‍ കുറയും. അതിനാല്‍ ജീവിയെ കൊന്നുകഴിഞ്ഞ് ചെവിക്കുള്ളില്‍ കിടക്കുന്നുണ്ടെങ്കില്‍ പിറ്റേ ദിവസം ആശുപത്രിയില്‍ പോയി നീക്കം ചെയ്യണം. കിടക്കുന്ന മുറയില്‍ പ്രാണികള്‍ കടക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അഥവാ പ്രാണികള്‍ മുറികകത്തു പ്രവേശിച്ചാല്‍ അവയെ കൊന്നുകളയുക.
ചെവിയില്‍ വെള്ളം കയറിയാല്‍
കുളിക്കുമ്പോഴോ നീന്തുമ്പോഴോ ചെവിയില്‍ വെള്ളം കയറുന്നത് അണുബാധയ്ക്കു കാരണമാകുമോ?
കര്‍ണപുടത്തിലെ പാട പൊട്ടാത്തവരില്‍ ചെവിയില്‍ വെള്ളം കയറി എന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല. എന്നാല്‍ ചെവിയില്‍ വാക്സ് ഉണ്ടെങ്കില്‍ ഇത് കുതിര്‍ന്ന് ബധിരത ഉണ്ടാകാം. ഇത് എടുത്തുകളയുന്നതിലൂടെ ഇത്തരം ബധിരത ഒഴിവാക്കാം. മലിന ജലമാണെങ്കില്‍ ബാഹ്യ കര്‍ണത്തില്‍ അണുബാധയും മധ്യകര്‍ണത്തില്‍ പഴുപ്പും ഉണ്ടാകാം. ചെവിക്കകത്തു വെള്ളം കയറരുതെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചിട്ടുള്ളവര്‍, പഞ്ഞി ഉപയോഗിച്ചാലും അത് ശരിയായി അടച്ചുവച്ചില്ലെങ്കില്‍ ചെവിക്കകത്തു വെള്ളം കയറാം. പഞ്ഞിവച്ച ശേഷം വാസിലിന് പുരട്ടണം. ഇവര്‍ ഇക്കാര്യങ്ങളെല്ലാം ഡോക്ടറോടു ചോദിച്ചു കൃത്യമായി മനസിലാക്കണം. ഇപ്പോള്‍ ചെവിയില്‍ വയ്ക്കാവുന്നതരം ഇയര്‍പ്ലഗുകളും ലഭ്യമാണ്. കഴിവതും ഇക്കൂട്ടര്‍ മുങ്ങിക്കുളിക്കാതിരിക്കുക.
പഴുപ്പ് ഉണ്ടായാല്‍
ചിലരില്‍ ചെവിക്കുള്ളില്‍ ഇടയ്ക്കിടെ പഴുപ്പ് അനുഭവപ്പെടാറുണ്ട് പ്രത്യേകിച്ചും കുട്ടികളില്‍. ഇത് എന്തുകൊണ്ടാണ്?
കുട്ടികളില്‍ മധ്യകര്‍ണത്തില്‍ പഴുപ്പ് കാണാനുള്ള സാധ്യത കൂടുതലാണ്. സൈനസൈറ്റിസ്, ജലദോഷം, അണുബാധ എന്നിവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്. കര്‍ണങ്ങള്‍ മൂക്ക്, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂക്കില്‍നിന്നും മധ്യകര്‍ണത്തിലേക്കു തുറന്നിരിക്കുന്ന നാളിയാണ് യൂസ്റ്റേഷ്യന്‍ നാളി. മധ്യ കര്‍ണത്തില്‍ വായുവിന്റെ സമര്‍ദം നിയന്ത്രിക്കുവാന്‍ ഈ നാളി സഹായിക്കുന്നു. എന്നാല്‍ ജലദോഷമുള്ളപ്പോള്‍ ഈ നാളി വഴി മധ്യ കര്‍ണത്തില്‍ അണുബാധ ഉണ്ടാകുകയും സമര്‍ദംകൂടി പാട പൊട്ടിപ്പോവുകയും ചെയ്യുന്നു. ഇതുമൂലം മധ്യകര്‍ണം ബാഹ്യകര്ണത്തിലേക്കു തുറന്നിരിക്കും. സ്വയം ഈ പ്രശ്നം പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ ആറുമാസത്തിനുശേഷം ശസ്ത്രക്രിയയിലൂടെ ശരിയാക്കണം. ജലദോഷം ചികിത്സിക്കാന്‍ വൈകുന്നതാണ് ഇതിനു മുഖ്യ കാരണം. അതിനാല്‍ ജലദോഷം പഴകാന്‍ അനുവദിക്കരുത്. മൂക്ക് രണ്ടും അടച്ച് ശക്തമായി ചീറ്റുന്നതും അണുബാധയ്ക്കു കാരണമാകും. കുട്ടികളില്‍ മൂക്കിനു പുറകിലായി സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് അഡിനോയിഡ് ഗ്രന്ഥിയുടെ അണുബാധയും കുട്ടികളില്‍ ചെവിപഴുപ്പിനു കാരണമാവാം.
തീവ്രശബ്ദം ശ്രവിച്ചാല്‍
ശക്തമായ ശബ്ദങ്ങള്‍ കര്ണപുടത്തില് സുഷിരങ്ങള്‍ ഉണ്ടാക്കുമോ? ഈ സുഷിരങ്ങള്‍ തനിയെ അടയുമോ അതോ ദീര്‍ഘകാലം നില്‍ക്കുന്നവയാണോ?
ജലദോഷവും പനിയും
അമിത ജലദോഷം, പനി ഇവ എതെങ്കിലും തരത്തില്‍ മധ്യകര്‍ണത്തെ ബാധിക്കുമോ? ഇതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്? ഇതിനെതിരെ എന്തെങ്കിലും കരുതലുകള്‍ എടുക്കേണ്ടതുണ്ടോ?
അപൂര്‍വമായി ചില വൈറല്‍ പനികള്‍ ചെവിയെ ബാധിക്കാം. അമിത ജലദോഷംമൂലം യൂസ്റ്റേഷ്യന്‍ നാളിയില്‍ അണുബാധ ഉണ്ടായി അസഹ്യമായ വേദനയോടെ കര്‍ണപുടം പഴുത്ത് പൊട്ടുന്നു. ചികിത്സ വൈകിക്കുന്നതാണ് ഈ പ്രശ്നങ്ങള്‍ക്കൊക്കെ കാരണം. കേള്‍വിക്കുറവ്, ചെവിപഴുപ്പ്, അസഹ്യമായ വേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു ഇ.എന്‍.ടി ഡോക്ടറെ കണ്ട് കാരണം കണ്ടെത്തി ചികിത്സിക്കണം. ചികിത്സ വൈകുന്തോറും ചികിത്സാ ചെലവും കൂടുന്നു. ചെറിയ കുട്ടികള്‍ നിര്‍ത്താതെ കരഞ്ഞാലും ശ്രദ്ധിക്കണം. ചെവിവേദനയായിരിക്കും കാരണം. അതിനാല്‍ എത്രയും വേഗം കുഞ്ഞിനെ ഡോക്ടറുടെ അടുത്തെത്തിക്കണം. അല്ലെങ്കില്‍ ചെവി പഴുത്ത് പൊട്ടാം. അടുത്ത തവണ ജലദോഷംവരുമ്പോള് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും ഡോക്ടറോടു ചോദിച്ചു മനസിലാക്കണം.
ശ്രവണസാഹായികള്
ശ്രവണസഹായികള്‍ എത്രത്തോളം ഫലപ്രദമാണ്? ഇത് കേള്‍വിക്കുറവ് പൂര്‍ണമായി പരിഹരിക്കുമോ. ഇവയുടെ സഹായത്താടെ സാധാരണപോലെ കേള്‍വി ശക്തി കിട്ടുമോ?
ശ്രവണ സഹായികള്‍ പ്രധാനമായും ഉപയോഗിക്കുന്നത് പ്രായമായവരിലാണ്. 55 വയസുമുതലുള്ള കേള്‍വിക്കുറവിന് മെഡിക്കല്‍ സംബന്ധമായ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരിക്കുകയില്ല. അതിനാല്‍ ഇവര്‍ക്ക് ശ്രവണ സഹായികള്‍ ഫലപ്രദമാണ്. ശ്രവണ സഹായികള്‍ വയ്ക്കുന്നതിനുമുമ്പ് നിര്‍ബന്ധമായും ഒരു ഇ.എന്‍.ടി ഡോക്ടറെ കാണിച്ചിരിക്കണം. ഓരോരുത്തര്‍ക്കും അനുയോജ്യമായ ശ്രവണ സഹായി ഇങ്ങനെ കണ്ടെത്താം. ചെവിക്കായം ഇല്ലെന്നും ഉറപ്പു വരുത്തേണ്ടതുണ്ട്. 6000 മുതല്‍ ഒന്നര ലക്ഷത്തിനു മുകളിലുള്ള ശ്രവണ സഹായികള്വരെയുണ്ട്. ഓരോരുത്തരുടേയും ആവശ്യമനുസരിച്ച് ഏത് ശ്രവണ സഹായിവേണമെന്ന് നിശ്ചയിക്കാം. ഓരോരുത്തരുടെയും ജോലിയുടെ പ്രത്യേകതകള്‍കൂടി കണക്കിലെടുത്താണ് ഇത് നിര്‍ണയിക്കുന്നത്. ശ്രവണ സഹായികളിലൂടെ സാധാരണ കേള്‍വിശക്തി സാധ്യമാണ്. മൈക്രോഫോണും അനലോഗ് ഡിജിറ്റല്‍ പ്രോഗ്രാമുകളുമുണ്ട്. ഏത് ഫ്രീക്വന്‍സി ശബ്ദങ്ങളാണോ തിരിച്ചറിയാന്‍ കഴിയാത്തത് അതനുസരിച്ച് ഫ്രീക്വന്‍സി കൂട്ടികൊടുക്കാന്‍ അനലോഗ് ഡിജിറ്റല്‍ പ്രോഗ്രാമുകളുമുകള് സഹായിക്കുന്നു.
യാത്ര ചെയ്യുമ്പോള്‍ ഛര്‍ദി
മോഷന്‍ സിക്ക്നസിന് കാരണമെന്താണ്? എന്തുകൊണ്ടാണ് യാത്ര ചെയ്യുമ്പോള്‍ ഇത് കൂടുതലായി അനുഭവപ്പെടുന്നത്?
കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്കുമ്പോള്
നവജാതശിശുക്കളെ കിടത്തിക്കൊണ്ട് പാല് കൊടുക്കുന്നത് ചെവിയിലെ അണുബാധയ്ക്കു കാരണമാകുമെന്ന് പറയുന്നത് എന്തുകൊണ്ടാണ്?
നവജാത ശിശുക്കളെ കിടത്തിക്കൊണ്ടു പാല് കൊടുക്കുന്ന ശീലം പല അമ്മമാര്‍ക്കും ഉണ്ട്. ഇത് വളരെ തെറ്റായ ഒരു രീതിയാണ്. കിടത്തികൊണ്ടു പാല് കൊടുക്കുമ്പോള്‍ യൂസ്റ്റേഷ്യന്‍ നാളിയിലൂടെ പാല് ഒഴുകി ചെവിയിലെത്തുകയും അണുബാധയ്ക്കു കാരണമാകുകയും ചെയ്യും. ശരീരം 45 ഡിഗ്രി ചെരിച്ചു പിടിച്ചു വേണം പാല് കൊടുക്കാന്‍. തലമാത്രം പൊക്കി കുഞ്ഞിന് പാല് കൊടുക്കരുത്.
തലകറക്കം
കര്‍ണരോഗങ്ങളുടെ ഭാഗമായി തലകറക്കം അനുഭവപ്പെടാറുണ്ടല്ലോ. ഇത് ഗുരുതരമായ അവസ്ഥയാണോ. പാരമ്പര്യം കര്ണരോഗങ്ങള്ക്കു കാരണമാകുമോ?
ആന്തരിക കര്ണത്തിന് ഉണ്ടാകുന്ന രോഗങ്ങളാണ് തലകറക്കത്തിനു കാരണം. ഈ രോഗി വണ്ടി ഓടിക്കുകയോ ഉയരത്തില്‍നിന്നു ജോലി ചെയ്യുക തുടങ്ങിയ സമയത്ത് തലകറക്കം ഉണ്ടാകുന്നത് ജീവനുതന്നെ ഭീക്ഷണിയായിത്തീരാം. അതിനാല്‍ കാരണം കണ്ടെത്തി എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. തലകറക്കംമൂലം ഉണ്ടാകാവുന്ന അപകട സാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍ ഈ രോഗം ഗുരുതമായ ഒന്നാണ്. ചെവിയുടെ ഞരമ്പില്‍ ഉണ്ടാകുന്ന കാന്‍സര്‍, അണുബാധ എന്നിവയും തലകറക്കത്തിനു കാരണമാകും. അതിനാല്‍ ഉടനടി ചികിത്സ ലഭ്യമാക്കണം. പാരമ്പര്യം കര്ണരോഗങ്ങള്ക്ക് കാരണമാവാം. പ്രധാനമായും കേള്‍വിക്കുറവ്. ജന്മനാല് ഉണ്ടാകുന്ന കേള്‍വിക്കുറവിന് പാരമ്പര്യം മുഖ്യ ഘടകമാണ്. ഒരു കുട്ടിക്ക് ഈ പ്രശ്നം ഉണ്ടായാല്‍ മറ്റു കൂട്ടികള്‍ക്കും കേള്‍വിക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അടുത്ത കുട്ടി ജനിക്കുന്നതിനുമുമ്പ് ഈ കാര്യങ്ങളെല്ലാം ഡോക്ടറോടു പറഞ്ഞിരിക്കണം. രക്തബന്ധമുള്ളവര്‍ തമ്മിലുള്ള വിവാഹം ഇത്തരം കേള്‍വിക്കുറവിന് കാരണമാകാറുണ്ട്.
ഓട്ടോസ്കോപ്പ് പരിശോധന
ഓട്ടോസ്കോപ്പ് പരിശോധന എന്തിനു വേണ്ടിയാണ്. ഇതിലൂടെ കര്‍ണരോഗങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമോ?
കര്‍ണപുടവും ബാഹ്യകര്‍ണവും വ്യക്തമായി കാണാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഓട്ടോസ്കോപ്പ്. ചെവിയുടെ ഉള്‍വശം കൃത്യമായി മനസിലാക്കാന്‍ ഈ ഉപകരണം സഹായിക്കും. ചെവി രോഗങ്ങളെക്കുറിച്ചുള്ള എല്ലാ പരിശോധനകള്‍ക്കും ഇത് ഉപയോഗിക്കും.
കേള്‍വിക്കുറവ് തിരിച്ചറിയാം
കേള്‍വിക്കുറവ് എങ്ങനെ മനസിലാക്കാം. നവജാതശിശുക്കളില്‍ ഇത് ജന്മനാല്‍തന്നെ തിരിച്ചറിയാന്‍ സാധിക്കുമോ?
അതിശക്തമായ ശബ്ദം കേള്‍ക്കുമ്പോള്‍പോലും കുട്ടി ഞെട്ടുകയോ തലതിരിക്കാതിരിക്കുകയോ ചെയ്താല്‍ ജനിച്ച് ഏതാനും ആഴ്ചകള്‍ക്കുള്ളില്‍തന്നെ കേള്‍വിക്കുറവ് മനസിലാക്കാം. മാതാപിതാക്കളുടെ ശ്രദ്ധയോടെയുള്ള വീക്ഷണം ഇക്കാര്യത്തില്‍ പ്രധാനമാണ്. ജനിച്ചുകഴിഞ്ഞ് ആശുപത്രിയില്‍തന്നെ നടത്തുന്ന കേള്‍വി പരിശോധനയിലൂടെയും കുട്ടിയുടെ കേള്‍വിക്കുറവ് അറിയാം.
കേള്‍വിക്കുറവുണ്ടെന്ന് ആരംഭത്തിലേ കണ്ടെത്തിയാലേ പ്രയോജനമുള്ളൂ. കാരണം കേള്‍ക്കുന്ന കുട്ടിക്കുമാത്രമേ സംസാരിക്കാന്‍ കഴിയൂ. ജന്മനാല് ഉള്ള കേള്‍വിക്കുറവ് സംസാരശേഷി വളരാന്‍ അനുവദിക്കാത്തതുമൂലം കേള്‍വിക്കുറവു മാത്രമല്ല സംസാരശേഷിയും കുഞ്ഞിന് നഷ്ടപ്പെടാം. അതിനാല്‍ 2 വയസിനുമുമ്പ് നിര്‍ബന്ധമായും കേള്‍വിക്കുറവ് കണ്ടെത്തി ചികിത്സ ആരംഭിക്കണം.
ദശവളര്‍ച്ചയും കേള്‍വിക്കുറവും
ചെവിയില്‍ ദശ വളരുന്നത് കേള്‍വിക്കുറവിനു കാരണമാകുമോ. എന്തുകൊണ്ടാണ് ചെവിയില്‍ ഇങ്ങനെ ദശ വളരുന്നത്. ഇത് മരുന്നുകള്‍കൊണ്ട് പൂര്‍ണമായും നീക്കം ചെയ്യാമോ?
ചെവിയില്‍ ദശ വളരുന്നത് കേള്‍വിക്കുറവിന് കാരണമാവാം. എന്നാല്‍ ഇത് വളരെ അപൂര്‍വമായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. മധ്യകര്ണത്തിലാണ് ഇത് കാണപ്പെടുന്നത്. ചികിത്സയിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്. പരിശോധനയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഇതിന് ശസ്ത്രക്രിയ വേണമോ വേണ്ടയോയെന്ന് നിര്‍ണയിക്കാന്‍ കഴിയൂ.
ചെവിയില്‍ രക്തസ്രാവം
ചെവിയില്‍നിന്നു രക്തം വരുന്ന അവസ്ഥ ഗുരുതരമാണോ. എന്തൊക്കെ കാരണങ്ങള്‍കൊണ്ട് ചെവിയില്‍നിന്നു രക്തസ്രാവം ഉണ്ടാകാം?
ഇത് വളരെ ഗുരുതരമായ അവസ്ഥയാണ്. ചെവിയില്‍നിന്നു രക്തം വരുന്ന ഈ അവസ്ഥയില്‍ അടിയന്തിര ചികിത്സ അത്യാവശ്യമാണ്. ചിലപ്പോള്‍ വാക്സ് ഒഴുകുന്നത് രക്തമായി തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. കര്‍ണപുടം പൊട്ടുക, ചെവിയില്‍ എന്തെങ്കിലും ഇട്ടുക, ചെവി അടിച്ചുള്ള വീഴ്ചകള്‍ എന്നിവയെല്ലാം ചെവിയില്‍നിന്നു രക്തം വരുന്നതിനുള്ള കാരണങ്ങളാണ്.
വരള്‍ച്ചയും മുഴക്കവും
ചെവിയുടെ ഉള്‍വശത്ത് വരള്‍ച്ച, ചെവിയില്‍ സീല്ക്കാരത്തോടു കൂടിയുള്ള മുഴക്കം ഇത് സാധാരണ കാണപ്പെടുന്ന പ്രശ്നങ്ങളാണോ? ഈ വരള്‍ച്ച മാറാന്‍ എന്താണു ചെയ്യേണ്ടത്?
ബഡ്സ് ഉപയോഗിക്കുന്നവര്‍, പ്രമേഹ രോഗമുള്ളവര്‍ എന്നിവരില്‍ കൂടുതലായി കാണപ്പെടുന്ന പ്രശ്നമാണിത്. മുകളില്‍പ്പറഞ്ഞ കാരണങ്ങള്‍കൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ചികിത്സ പരിമിതമാണ്. ഫംഗസ് അണുബാധ, ചെവിക്കായം, ആന്തരിക കര്‍ണത്തിന്റെ പ്രശ്നങ്ങള്‍ എന്നിവയും ചെവിയുടെ ഉള്‍വശത്ത് വരള്‍ച്ച, ചെവിയില്‍ സീല്ക്കാരത്തോടു കൂടിയുള്ള മുഴക്കം ഇവയ്ക്കു കാരണമാവാം. ഇവ ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. ബഡ്സ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
വേദനയും വീക്കവും
ചെവിക്കു ചുറ്റുമുള്ള ഗ്രന്ഥികള്‍ക്ക് വേദനയും വീക്കവും അനുഭവപ്പെടുന്നത് എന്തുകൊണ്ടാണ്?
ചെവിക്കു ചുറ്റിനുമായി കാണപ്പെടുന്ന ഗ്രന്ഥിയാണ് ലിംഫിനോയിഡ്. ചെവിയ്ക്ക് ഉണ്ടാകുന്ന അണുബാധകള്‍ പ്രത്യേകിച്ച് ബാഹ്യകര്ണത്തിനു ഉണ്ടാകുന്ന അണുബാധകള്‍ ലിംഫിനോയിഡിന് വേദനയും വീക്കവും ഉളവാക്കാം.