
ലീല എന്ന രഞ്ജിത് ചിത്രത്തിലെ നായിക. ഈ വിശേഷണം മാത്രം മതി പാര്‍വതി നമ്പ്യാരെ തിരിച്ചറിയാന്‍. നര്‍ത്തകിയായും തിയേറ്റര്‍ ആര്‍ട്ടിസ്റ്റായും വേദികളില്‍ നിറഞ്ഞു നില്ക്കുന്ന പാര്‍വതി വിവാഹ സ്വപ്നങ്ങള്‍ കണ്ടു തുടങ്ങുകയാണ്.
വിവാഹ സ്വപ്നങ്ങള്‍
വിവാഹ നിശ്ചയം കഴിഞ്ഞു. ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടത്താനാണു തീരുമാനം. വളരെ സിംപിളായ ആളാണ് ഞാന്‍. അതുകൊണ്ടുതന്നെ ലളിതമായ വിവാഹ ചടങ്ങുകളോടാണ് താല്പര്യം. അച്ഛന്റെ വലിയ ആഗ്രഹമായിരുന്നു എന്റെ വിവാഹം കെങ്കേമമായി നടത്തണമെന്നത്. അതുകൊണ്ട് വിവാഹം നന്നായി സെലിബ്രേറ്റ് ചെയ്യണമെന്നാണ് കുടുംബാംഗങ്ങളുടെ പ്ലാന്‍.
ഞാനത്യാവശ്യം ടോംബോയിഷാണ്. ഒരുപാട് ഒരുങ്ങി നടക്കുന്നതൊന്നും ഇഷ്ടമല്ല. സാധാരണ കല്യാണപ്പെണ്ണാവാനാണ് എനിക്കിഷ്ടം. വിവാഹശേഷം അഭിനയിക്കുമോ എന്നാണ് പലര്‍ക്കും അറിയേണ്ടത്. സിനിമയും നൃത്തവുമൊക്കെയാണ് എന്റെ പാഷന്. അത് തുടര്‍ന്നുകൊണ്ടുപോകാനാണ് തീരുമാനം.
പട്ടാഭിരാമന്
സമൂഹത്തിന് നല്ലൊരു മെസേജ് നല്കുന്ന സിനിമയുടെ ഭാഗമായ സന്തോഷത്തിലാണ് ഞാന്‍. വളരെ നല്ല എക്സ്പീരിയന്‍സായിരുന്നു. നല്ലൊരു ടീമിനൊപ്പം വര്‍ക്കു ചെയ്യാനുമായി. പട്ടാഭിരാമനില്‍ എന്റേത് മുഴുനീള വേഷമല്ല. എങ്കിലും നടി എന്ന നിലയില്‍ സംതൃപ്തി നല്കിയ കഥാപാത്രമാണ് ആക്ടിവിസ്റ്റായ കനി. പ്രിവ്യു ഒന്നും കാണാതെ റിലീസ് ചെയ്ത ദിവസം തിയേറ്ററില്‍ പോയാണ് പട്ടാഭിരാമന് കണ്ടത്. പ്രേക്ഷക പ്രതികരണം എനിക്ക് നേരിട്ടറിയാന്‍ കഴിയുന്നുണ്ടായിരുന്നു.
ബുള്ളറ്റ് റൈഡിംഗ്
പട്ടാഭിരാമനില്‍ ഞാന്‍ ബുള്ളറ്റ് ഓടിക്കുന്ന സീനുകളുണ്ടായിരുന്നു. സിനിമ കമ്മിറ്റ് ചെയ്യുന്നതിന് മൂന്ന് മാസം മുമ്പ് എനിക്കൊരു ബൈക്ക് ആക്സിഡന്റുണ്ടായി. കാല് മുട്ടിന് പരിക്കേറ്റ് സര്‍ജറി കഴിഞ്ഞ് റെസ്റ്റ് എടുക്കുന്ന സമയത്താണ് സംവിധായകന് കണ്ണന് താമരക്കുളം കാണാനെത്തുന്നതും കഥ പറയുന്നതും. ഫേസും ബോഡി ലാംഗ്വേജുമൊക്കെ കനിയ്ക്ക് അനുയോജ്യമാണെന്നും മനസിലുള്ള കനി നീയാണെന്നുംം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കോണ്ഫിഡന്സിനെക്കുറിച്ചാണ് ഞാനോര്‍ത്തത്.
ഞാന്‍ ബുള്ളറ്റ് ഓടിക്കുന്ന സീനൊക്കെ സിനിമയിലുണ്ടെന്ന് പറഞ്ഞു. ആക്സിഡന്റിനുശേഷം ഞാന്‍ നടന്നു തുടങ്ങിയത് പട്ടാഭിരാമനിലാണ്. ചിത്രത്തില്‍ എന്റെ ആദ്യ സീന്‍ പടികള്‍ ഓടിക്കയറുന്നതായിരുന്നു. എന്റെ സ്വന്തം റിസ്ക്കിലാണ് ഞാനാ ചിത്രം പൂര്‍ത്തിയാക്കിയത്.
ഹൈറേഞ്ച് റോഡിലായിരുന്നു ബുള്ളറ്റ് റൈഡിംഗ് ഷൂട്ട് ചെയ്തത്. അന്നുവരെ ഞാന്‍ ബൈക്ക് മാത്രമേ ഓടിച്ചിരുന്നുള്ളു. ആ സിനിമയ്ക്കുവേണ്ടിയാണ് ബുള്ളറ്റ് ഓടിച്ചത്. ആക്സിഡന്റിനുശേഷം ടൂവിലറിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തിലാണ് സിനിമയ്ക്കുവേണ്ടി ബുള്ളറ്റ് ഓടിച്ചത്.
ലീലയ്ക്കുശേഷം
കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണ് ലീല. ആ സിനിമയ്ക്കു ശേഷമാണ് ഒരു നടിയെന്ന നിലയ്ക്ക് ഞാന്‍ അംഗീകരിക്കപ്പെട്ടത്. സ്റ്റാര്‍ഡത്തെക്കാള്‍ നല്ലൊരു അഭിനേത്രിയായി അറിയപ്പെടാന്‍ ആഗ്രഹിച്ച എനിക്ക് രഞ്ജിത് സാര്‍ തന്ന സമ്മാനമാണ് ലീല എന്ന കഥാപാത്രം.
ഇന്‍ഡസ്ട്രിയിലുള്ളവരും പ്രേക്ഷകരുമൊക്കെ ലീലയെക്കുറിച്ച് ഇന്നും പറയാറുണ്ട്. സിനിമയില്‍ പാര്‍വതി എന്ന പേരില്‍ ഒന്നിലേറെ നായികമാരുള്ളതുകൊണ്ട് പലരും എന്നെ തിരിച്ചറിയാനായി ലീല പാര്‍വതി എന്നാണ് വിളിക്കുന്നതുപോലും. അതുതന്നെയാണ് ലീല എന്ന സിനിമ എന്റെ ജീവിതത്തിലുണ്ടാക്കിയ മാറ്റവും.
ലീല പോലെ കരിയറില്‍ നിര്‍ണ്ണായകമായ സിനിമയായിരുന്നു എം.എ നിഷാദ് സാറിന്റെ കിണര്‍. ജയപ്രദ മാമിനൊപ്പം അഭിനയിക്കുക എന്നത് വലിയൊരു ഭാഗ്യമായിരുന്നു. ആ സിനിമയുടെ പ്രമേയവും എന്നെ ആകര്‍ഷിച്ചു.
തുടക്കം ചിലങ്കയണിഞ്ഞ്
സ്കൂള്‍ പഠനകാലത്തുതന്നെ നൃത്തമഭ്യസിച്ചിരുന്നു. കലോത്സവങ്ങളില്‍ അവതരിപ്പിക്കാനായി കൂടിയാട്ടം പഠിച്ചു. പിന്നെയതു ഗൗവരവമായെടുത്ത് പൈങ്കുളം നാരായണചാക്യാരുടെ കീഴില്‍ തുടര്‍പഠനം. എട്ടാം ക്ലാസിലെത്തിയപ്പോള്‍ നടന് വിനീതിനൊപ്പം നൃത്തപരിപാടികളില്‍ പങ്കെടുത്തു. പ്ലസ്ടു പഠനകാലത്ത് ഏഷ്യാനെറ്റിലെ മമ്മൂട്ടി ദ ബെസ്റ്റ് ആക്ടര്‍ മത്സരത്തില്‍ പങ്കെടുത്തു നാലാംസ്ഥാനം നേടി. കോളജില്‍ ആദ്യവര്ഷമെത്തിയപ്പോഴാണ് ഏഴുസുന്ദര രാത്രികളില്‍ നായികയായത്.
സ്വപ്നംപോലെ
എല്ലാതരം കഥാപാത്രങ്ങളും ചെയ്യണമെന്നുണ്ട്. ദംഗല്‍ കണ്ടപ്പോള്‍ എനിക്കും അതുപോലൊരു സിനിമ ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് തോന്നി. ഫാത്തിമ സന ശേഖറും സന്യാ മല്‍ഹോത്രയുമൊക്കെ ചെയ്ത കഥാപത്രം എനിക്ക് കിട്ടിയിരുന്നെങ്കില്‍ എന്ന് കൊതിച്ചിട്ടുണ്ട്.
തിയേറ്റര്‍ അനുഭവങ്ങള്‍
സ്കൂളില്‍ പഠിക്കുന്ന സമയത്തുപോലും നാടകങ്ങളില്‍ അഭിനയിച്ചിട്ടില്ലാത്ത എനിക്ക് നാടകമെന്നത് അത്ഭുതലോകം തന്നെയായിരുന്നു. രണ്ടോ മൂന്നോ മണിക്കൂര്‍ ലൈവായി സ്റ്റേജില്‍ പെര്‍ഫോം ചെയ്യുക എന്നത് ചലഞ്ചുമാണ്, ത്രില്ലുമാണ്. ദൈവം സഹിയിച്ച് ഞാന്‍ ചെയ്ത നാടകങ്ങളെല്ലാം നല്ല രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
സെലക്ടീവായിരുന്നില്ല
സിനിമയില്‍ ഞാനൊട്ടും സെലക്ടീവായിരുന്നില്ല. എനിക്ക് ചില പരിമിതികളുണ്ടെന്നറിയാം. അതിനുള്ളില്‍ നിന്നുകൊണ്ട് കിട്ടുന്ന സിനിമകള്‍ ഞാന്‍ ചെയ്തു. എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യമുണ്ടൈന്ന് തോന്നിയ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചത്. അതില്‍ ചിലത് ശ്രദ്ധിക്കപ്പെട്ടു, ചില ചിത്രങ്ങള്‍ പ്രതീക്ഷിച്ചത്ര വിജയമായില്ല. സിനിമയില്‍ ഭാഗ്യ മൊരു വലിയ ഘടകമാണ്.
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍
എന്റെ ആദ്യത്തെ സിനിമ ഏഴു സുന്ദരരാത്രികള്‍ മുതല്‍ ഞാന്‍ ചെയ്ത സിനിമകളെല്ലാം നല്ല ടീമിനൊപ്പമായിരുന്നു. സിനിമയില്‍ തുടക്കക്കാരിയായ എനിക്ക് ഏറ്റവും മികച്ച അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു.
ഏഴു സുന്ദരരാത്രികളില്‍ ബബ്ളിയായിട്ടൊരു കഥാപാത്രം, ലീലയില്‍ മറ്റൊരു വ്യത്യസ്ത വേഷം, സത്യയില്‍ ഒരു അള്‍ട്രാ മോഡേണ്‍ ഗേള്‍, കെയര്‍ഫുള്‍ എന്ന ചിത്രത്തില്‍ പോലീസ് ഓഫീസര്‍, കിണര്‍ എന്ന ചിത്രത്തില്‍ മികച്ചൊരു വേഷം, പട്ടാഭിരാമനിലാകട്ടെ ഇതിലൊന്നും പെടാത്തൊരു കഥാപാത്രം. അങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ് എന്നെ തേടി
യെത്തിയിട്ടുള്ളത്.
നാടും വീടും
അച്ഛന്റെയും അമ്മയുടെയും നാട് പയ്യന്നൂരാണ്. ഞാന്‍ പഠിച്ചതൊക്കെ പാലക്കാടായിരുന്നു. ഇപ്പോള്‍ കൊച്ചിയില്‍ സെറ്റില്‍ഡാണ്. വെക്കേഷന് മാത്രമാണ് നാട്ടില്‍ പോകുന്നത്.
വെക്കേഷന് കസിന്‍സെല്ലാവരും അച്ഛന്റെ തറവാട്ടില്‍ ഒത്തുകൂടിയാല്‍ പിന്നെ ആഘോഷമാണ്. ഇപ്പോള്‍ അച്ഛന് ഞങ്ങള്‍ക്കൊപ്പമില്ല. അമ്മയാണെന്റെ ലോകം. ഫാമിലി ഗേളാണ് ഞാന്‍. സിനിമയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ ഫാമിലിയോടൊപ്പം ചെലവഴിക്കാനിഷ്ടമാണ്.
അശ്വതി അശോക്