
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി (ജെ.എന്‍.യു)യില്‍ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍. ഹോസ്റ്റല്‍ മാനുവല്‍ ഏകപക്ഷീയമായി നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിനിടെ വിദ്യാര്‍ത്ഥികളും പോലീസും ഏറ്റുമുട്ടിയിരുന്നു. സമരം ഇന്ന് അവസാനിപ്പിച്ചാലും നാളെ മുതല്‍ ക്യാമ്പസിലേക്ക് മാറ്റുമെന്ന് വിദ്യാര്ത്ഥിയൂണിയന് അധ്യക്ഷ ഐഷി ഘോഷ് ഒരു മാധ്യമത്തിനോട് പറഞ്ഞു.
വന്‍ പോലീസ് സന്നാഹത്തെ കൂടാതെ അര്‍ധ സൈനികരും സമരക്കാരെ നേരിടാനായി സര്‍വ്വകലാശാലയില്‍ എത്തിയത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കു നേരെ പോലീസ് ബലപ്രയോഗം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങ് ബഹിഷ്കരിച്ചാണ് വിദ്യാര്‍ത്ഥികള്‍ കാമ്പസിനുള്ളിലും തെരുവിലും പ്രതിഷേധിച്ചത്. ചടങ്ങിനെത്തിയ കേന്ദ്രമന്ത്രി രമേശ് പൊക്രിയാനെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവച്ചു. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റു ചെയ്തു നീക്കിയിരുന്നു.
കഴിഞ്ഞ രണ്ടാഴ്ചയോളമായി ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ത്ഥികള്‍ രേഖാമൂലം വൈസ് ചാന്‍സിലറെ അറിയിച്ചിരുന്നു. ഹോസ്റ്റലുകളില്‍ നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ്സ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന ഫീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാര്‍ത്ഥികള്‍ വാദിക്കുന്നു. ഇതാണ് പ്രതിഷേധധത്തിനിടയാക്കിയത്. പാര്‍ത്ഥസാരഥി റോക്സില്‍ പ്രവേശനത്തിന് സമയനിയന്ത്രണം കൊണ്ടുവന്നതും വിദ്യാര്‍ത്ഥി യൂണിയന് ഓഫീസുകള്‍ പൂട്ടാന്‍ ശ്രമിച്ചതും പ്രതിഷേധത്തിന് കാരണമാണ്. ബിരുദദാന ചടങ്ങ് നടക്കുന്ന എഐസിടിഇ ഓഡിറ്റോറിയത്തിനു സമീപമാണ് പ്രതിഷേധം ആരംഭിച്ചത്. ഹോസ്റ്റല്‍ മാനുവല്‍ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.
1972ലാണ് കാമ്പസില്‍ ആദ്യ ബിരുദദാന ചടങ്ങ് നടത്തത്. വൈസ് ചാന്‍സലര്‍ ജി. പാര്‍ത്ഥസാരഥിയുടെ കാലത്തായിരുന്നു ഇത്. പിന്നീട് വിദ്യാര്‍ത്ഥി സമരങ്ങളെ തുടര്‍ന്ന് മുടങ്ങിയ ചടങ്ങ് 46 വര്‍ഷത്തിനു ശേഷം കഴിഞ്ഞ വര്‍ഷമാണ് നടത്തിയത്. വി.സി ജഗദീഷ് കുമാര്‍ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്ക് കടിഞ്ഞാണിടുന്നുവെന്ന് ആരോപിച്ച് അന്ന് ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്കരിച്ചിരുന്നു. 2018 ജൂലായ് ഒന്നിനും 2019 ജൂണ്‍ 30നുമിടയില്‍ ഉന്നതബിരുദം നേടിയവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കുന്ന ചടങ്ങാണ് ഇന്ന് നിശ്ചയിച്ചിരുന്നത്.





