വെറുതെ കണ്ട് ആസ്വദിക്കാനുള്ള ഒരു ചിത്രം എന്ന് ഒരിക്കലും വിശേഷിപ്പിക്കാനാവാത്ത സിനിമയാണ് നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്. തിയേറ്റര്‍ വിട്ടിറങ്ങുമ്പോളും ചിത്രത്തിലെ കഥാസന്ദര്‍ഭങ്ങളോ കഥാപാത്രങ്ങളോ നിങ്ങളെ പിന്തുടരാം. നിങ്ങളുടെ മനസിനെ വേട്ടയാടാം. പ്രണയവും സ്വാര്‍ത്ഥതയുമൊക്കെ മനുഷ്യനിലെങ്ങനെ തീവ്രമാകുന്നുവെന്ന ഒരു കഥപറച്ചിലാണ് മൂത്തോന് എന്ന ചിത്രം.
ലക്ഷദ്വീപിലെ യാഥാസ്ഥിതിക മുസ്ലീം കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. മലയാളി സമൂഹത്തെ കണക്കിന് പ്രഹരിക്കുന്നു ചിത്രം. ലൈംഗികതയുടെ പേരില്‍ സമൂഹം തള്ളിക്കളയുന്ന അല്ലെങ്കില്‍ ഒറ്റപ്പെടുത്തുന്ന ഒരു വ്യക്തി പിന്നീട് ഗുണ്ടയായി വളരുന്നതാണ് മലയാളി സമൂഹത്തിന് ചിത്രം നല്കുന്ന ആദ്യത്തെ അടി. നിവിന്‍ പോളി എന്ന നടന്റെ മുന്കാലവേഷങ്ങളെ മനസില്‍ സൂക്ഷിക്കുന്ന മലയാളിക്ക് അക്ബര്‍ ഖാന് എന്ന കഥാപാത്രം ചിന്തിക്കാവുന്നതിനപ്പുറമാണ്.
മുല്ല എന്ന കുട്ടി തന്റെ സഹോദരനെ തേടി മുംബൈ നഗരത്തിലേക്ക് വരുന്നതോടെയാണ് അക്ബര്‍ ഖാനിലേക്ക് കഥ എത്തുന്നത്. ഗുണ്ടയായ അക്ബറിന്റെ കരങ്ങളിലാണ് പന്ത്രണ്ട് വയസ്സുള്ള മുല്ല എത്തിപ്പെടുന്നത്. മയക്കുമരുന്ന് കച്ചവടവും കുട്ടികളെ ജോലിക്ക് വിട്ടും അതി ക്രൂരനായാണ് അക്ബറിന്റെ ജീവിതം. സ്വന്തം നാട്ടില്‍ നിന്നെത്തിയ കുട്ടി ആണെന്ന് അറിഞ്ഞിട്ട് പോലും തെല്ലു ദയ കാണിക്കാന്‍ അക്ബര്‍ തയ്യാറാകുന്നില്ല. അത്രയ്ക്കും ക്രൂരനായ അക്ബറിനെ സിനിമയുടെ ആദ്യ ഘട്ടങ്ങളില്‍ ഒരു പ്രേക്ഷകനും ഇഷ്ടപ്പെടില്ല.
ഇത്രയ്ക്കും ക്രൂരനായ ഒരു ഗുണ്ടയായി അക്ബര്‍ മാറാന്‍ കാരണം സമൂഹം ഭ്രഷ്ട് കല്‍പ്പിച്ച പ്രണയ സങ്കല്‍പ്പങ്ങളാണ്. മീന്‍ പിടിച്ചും മന്ത്രവാദം ചെയ്തും ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന അക്ബര്‍ എല്ലാവര്ക്കും ഇഷ്ടപ്പെട്ട ഒരുവനായിരുന്നു. എന്നാല്‍ ഒരു സുപ്രഭാദത്തില്‍ അക്ബറിനെ ഏവരും തള്ളിപ്പറയുന്നു. കേരള സമൂഹം ഇപ്പോഴും അംഗീകരിക്കാന്‍ മടിക്കുന്ന സ്വവര്‍ഗ പ്രണയം തന്നെയാണ് അക്ബറിനെതിരെ സമൂഹത്തെ തിരിക്കുന്നത്. അക്ബറും അദ്ദേഹത്തിന്റെ എല്ലാമായ പ്രണയപങ്കാളി അമീറും സമൂഹത്തിന്റെ സദാചാര സങ്കല്‍പ്പങ്ങളെ തകിടം മറികടക്കുന്നതോടെയാണ് സമൂഹത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്.
സ്വവര്‍ഗ പ്രണയം എന്നത് പാശ്ചാത്യ രാജ്യത്ത് നിന്നോ നഗരവല്ക്കരണത്തില് നിന്നോ ഉരുത്തിരിഞ്ഞതല്ലെന്ന് പറഞ്ഞുവയ്ക്കുകയാണ് ചിത്രം. മതമോ, ലിംഗമോ പ്രണയത്തിന് ഇല്ലെന്ന് വിളിച്ച് പറായാന്‍ ശ്രമിക്കുകയാണ് ഇവിടെ രണ്ട് ചെറുപ്പക്കാര്‍. അമീറിന് തന്നോടുള്ള പ്രണയം മനസിലാക്കിയ ശേഷം സന്തോഷവും ആശ്ചര്യവുമെല്ലാം അക്ബറിന്റെ മുഖത്ത് മിന്നി മായുന്നുണ്ട്. കണ്ണാടിയില്‍ നോക്കി നാണിച്ച് ചിരിക്കുന്നതും മറ്റും ഏറെ വൈകാരികമാണ്. ഭൂതകാലത്തില്‍ സംഭവിച്ച പ്രണയ നഷ്ടവും കാമുകന്റെ മരണവും നാടുവിടലുമൊക്കയാണ് അക്ബറിനെ വലിയൊരു ഗുണ്ടാ തലവനായി മാറ്റുന്നത്.
നിവിന്‍ പോളി എന്ന നടന് അക്ബര്‍ എന്ന കഥാപാത്രം ഏറ്റെടുത്ത് ചെയ്യാന്‍ കാണിച്ച ധൈര്യം എടുത്ത് പറയേണ്ടതാണ്. തന്നെക്കൊണ്ട് ഈ കഥാപാത്രം ചെയ്ത് ഫലിപ്പിക്കാന്‍ സാധിക്കുമോ എന്ന സംശയം ഉണ്ടായിരുന്നെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ നിവര്‍ന്ന് നിന്ന് അദ്ദേഹത്തിന് ഇപ്പോള്‍ പറയാം മറ്റാര്‍ക്കും ഈ കഥാപാത്രം ഇത്ര അനായാസമായി ചെയ്യാനാകില്ലെന്ന്. സേഫ് സോണില്‍ നിന്ന് മാത്രം ചിത്രം ചെയ്യുന്നു എന്ന് പറയുന്നവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തില്‍ നിവിന്‍ പോളി കാഴ്ച വെച്ചിരിക്കുന്നത്.
അക്ബറായി നിവിന്‍ പോളി തിളങ്ങിയപ്പോള്‍ അക്ബറിന്റെ പ്രണയമായ അമീറായി മികച്ച പ്രകടനം റോഷന് മാത്യുവും കാഴ്ചവച്ചു. കച്ചവട ചേരുവകള്‍ ഒന്നുമില്ലാതെ മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത പ്രേക്ഷകര്‍ ഇതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സഞ്ജന ദീപ്, ദിലീഷ് പോത്തന്, ശശാങ്ക് അറോറ എന്നിവരുടെ അഭിനയവും കൈയ്യടി നേടുന്നുണ്ട്. ഗീതു മോഹന്‍ദാസും അനുരാഗ് കശ്യപും ചേര്‍ന്നൊരുക്കിയ തിരക്കഥ പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത് അനുഭവിച്ച് പരിചയമില്ലാത്ത ചില തലങ്ങളിലാണ്.
അഞ്ച് വര്‍ഷം മുമ്പ് 2014ല്‍ Liar's Dice എന്ന് ഹിന്ദി ചിത്രത്തില്‍ നിന്നും മൂത്തോനില്‍ എത്തുമ്പോള്‍ ഗീതു മോഹന്‍ദാസ് എന്ന സംവിധായിക ഒരുപാട് സഞ്ചരിച്ച് കഴിഞ്ഞു. കാമാത്തി പുരത്തെ ഇരുണ്ട പശ്ചാത്തലത്തിലും മങ്ങിയ തെരുവുകളും ലക്ഷദ്വീപിലെ സൗന്ദര്യവുമെല്ലാം ക്യാമറയില്‍ ഒപ്പിയത് രാജീവ് രവിയാണ്. ഛായാഗ്രാഹകന്‍ എന്ന പേരില്‍ രാജീവ് രവിയുടെ ഒരു പൊന്‍തൂവല്‍ കൂടിയെന്ന് മൂത്തോനിലെ ദൃശ്യങ്ങളെ വിശേഷിപ്പിക്കാം. ബി അജിത് കുമാറിന്റെ എഡിറ്റിംഗും സ്നേഹ ഖാന്‍വാല്‍ക്കറും ഗോവിന്ദ് വസന്തയും ചേര്‍ന്ന് ഒരുക്കിയ സംഗീതവും ചിത്രത്തെ ആസ്വാദ്യമാക്കുന്നുണ്ട്. സംവിധായകന് അനുരാഗ് കശ്യപാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.