
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധന ഹര്‍ജികളില്‍ നാളെ വിധി വരാനിരിക്കെ സംസ്ഥാനത്ത് കര്‍ശന ജാഗ്രത നിര്‍ദേശം. വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നത്. വിധി വരുന്ന സാഹചര്യത്തില്‍ അക്രമപ്രവര്‍ത്തനങ്ങള്‍ക്കോ, വിദ്വേഷ പ്രചരണങ്ങള്‍ക്കോ ശ്രമിച്ചാല്‍ കര്‍ശന നടപടി എടുക്കമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വിധി ദുര്‍വ്യാഖ്യാനം ചെയ്ത് നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു. ശബരിമല യുവതി പ്രവേശന വിഷയവുമായി ബന്ധപ്പെട്ട ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജികളില്‍ മേലുള്ള വിധിയാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് പ്രഖ്യാപിക്കുന്നത്. രാവിലെ 10.30 നാണ് വിധി പ്രസ്താവം ആരംഭിക്കുന്നത്.
അതേസമയം സുപ്രീംകോടതി വിധി എന്തായാലും അംഗീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞിരുന്നു. സംയമനത്തോടെ വിധിയെ അംഗീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. വിധി എതിരായാല്‍ ഭരണഘടനാപരമായ മാര്‍ഗം തേടുമെന്ന് ബിജെപി നേതാവ് എംടി രമേശ് പ്രതികരിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബര്‍ 28 നാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.






