
ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനത്തിന് അനുമതി നല്കിയ വിധി പുനഃപരിശോധിക്കണമെന്ന ആവശ്യത്തില്‍ സുപ്രീം കോടതിവിധി ഇന്ന്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇന്നു രാവിലെ പത്തരയ്ക്കു വിധി പ്രഖ്യാപിക്കും. ഞായറാഴ്ച തുടങ്ങുന്ന മണ്ഡലകാലത്തിന്റെ അന്തരീക്ഷം നിശ്ചയിക്കുന്ന തീരുമാനം കൂടിയാകും ഇന്നുണ്ടാകുക. ഇന്നു നിര്‍ണായകമാകുക ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നിലപാട് ആയിരിക്കും.
അഞ്ചംഗ ബെഞ്ചില്‍ പുതുതായെത്തിയത് മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ സ്ഥാനത്തെത്തിയ അദ്ദേഹമാണ്. എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, റോഹിന്‍ടണ്‍ നരിമാന്, ഇന്ദു മല്‍ഹോത്ര എന്നിവര്‍ പഴയ ബെഞ്ചില്‍ വിധിയെഴുതിയവര്‍. വിശ്വാസങ്ങളെ യുക്തികൊണ്ട് അളക്കരുതെന്നു തീര്‍പ്പുകല്‍പ്പിച്ച ഇന്ദു മല്‍ഹോത്ര മാത്രമാണ് അന്നു യുവതീപ്രവേശനത്തെ എതിര്‍ത്തത്. പുനഃപരിശോധനാ ഹര്‍ജി കേട്ടപ്പോഴുള്ള അവരുടെ പരാമര്‍ശങ്ങള്‍ നിലപാട് മാറിയില്ലെന്നു സൂചിപ്പിക്കുന്നതായിരുന്നു.
ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, റോഹിന്‍ടണ്‍ നരിമാന്, ഡി.െവെ. ചന്ദ്രചൂഡ് എന്നിവരും യുവതീപ്രവേശനത്തിന് അനുകൂലമായ വിധിയാണു പുറപ്പെടുവിച്ചത്. എന്നാല്‍, വിയോജന വിധിന്യായമെഴുതിയ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇതിനോടു വിയോജിച്ചു. ജസ്റ്റിസ് ചന്ദ്രചൂഡ് അടുത്തിടെ നടത്തിയ രണ്ടു പ്രസംഗങ്ങള്‍ പഴയ വിധിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന സൂചന നല്കി. ഖാന്‍വില്‍ക്കര്‍, നരിമാന് എന്നിവരിലൊരാളെങ്കിലും നിലപാടു മാറ്റിയാലേ മാറ്റത്തിനു സാധ്യതയുള്ളൂ.
ശാരീരികവും ജീവശാസ്ത്രപരവുമായ സവിശേഷതകള്‍ വിവേചനത്തിനു കാരണമാകരുതെന്നും പ്രായത്തിന്റെ പേരില്‍ സ്ത്രീകള്‍ക്കു ശബരിമല ദര്‍ശനം നിഷേധിക്കുന്നതു ഭരണഘടന നല്കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നുമായിരുന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 28-ന് അന്നു ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ കാതല്‍. 'ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്' സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. ഇതിനെതിരേ 56 പുനഃപരിശോധനാ ഹര്‍ജികളും നാലു റിട്ട് ഹര്‍ജികളുമാണു സുപ്രീം കോടതിയിലെത്തിയത്. വിരമിച്ച ദീപക് മിശ്രയ്ക്കു പകരം രഞ്ജന്‍ ഗൊഗോയ് ബെഞ്ചിന്റെ അധ്യക്ഷനായി.
കേന്ദ്ര സര്‍ക്കാരിന് നിര്‍ണായകം
പുനഃപരിശോധനാ ഹര്‍ജികള്‍ ചേംബറില്‍ പരിഗണിക്കുന്ന പതിവില്‍നിന്നു വ്യത്യസ്തമായി ഫെബ്രുവരി ആറിനു തുറന്ന കോടതിയില്‍ വാദം കേട്ടു. പഴയ വിധി സ്റ്റേ ചെയ്തില്ല. നരേന്ദ്ര മോഡി സര്‍ക്കാര്‍ ആകാംക്ഷയോടെയാണു റാഫേല്‍ യുദ്ധവിമാനക്കരാര്‍ വിധിക്കു കാതോര്‍ക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ദസോ ഏവിയേഷനില്‍നിന്ന് 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു 2018 ഡിസംബറിലെ സുപ്രീം കോടതി വിധി.
കേന്ദ്രസര്‍ക്കാരിനു €ീന്ചിറ്റ് നല്കിയ വിധിക്കെതിരേയാണു പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണ് ഈ കേസിലും വിധി പറയുന്നത്. മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് തുടങ്ങിയവരാണു ഹര്‍ജിക്കാര്‍. രാഹുല്‍ ഗാന്ധിയുടെ ''ചൗക്കീദാര്‍ ചോര്‍ ഹെ'' പരാമര്‍ശത്തിനെതിരേ ബി.ജെ.പി. നേതാവ് മീനാക്ഷി ലേഖി നല്കിയ ഹര്‍ജിയിലും ഇന്നു വിധി.
രാഹുല്‍ ഗാന്ധിയെ കുരുക്കിയ കേസ്
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരേ കോടതിതന്നെ സമാനപരാമര്‍ശം നടത്തിയെന്ന രാഹുലിന്റെ വാദം കോടതിയലക്ഷ്യമാണെന്നാണു ലേഖിയുടെ വാദം. വിഷയത്തില്‍ മേയ് എട്ടിനു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍, മാപ്പപേക്ഷ തള്ളിക്കളഞ്ഞ് നടപടിയെടുക്കണമെന്നാണു ഹര്‍ജിക്കാരിയുടെ നിലപാട്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ചാണു വിധി പറയുന്നത്.






