
ന്യൂഡല്‍ഹി: ശബരിമലയ്ക്കൊപ്പം ഇന്ത്യ ഏറെ ശ്രദ്ധയോടെ വീക്ഷിച്ച റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമുള്ള വിധിയിലെ പുന: പരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളി. ഫ്രഞ്ച് കമ്പനി ഡസ്സാള്ട്ട ഏവിയേഷനുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ഡിസംബറിലെ വിധിക്കെതിരേയായിരുന്നു ഹര്‍ജി. ഇവയ്ക്കൊപ്പം വാര്‍ത്താപ്രാധാന്യം നേടിയ കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് താക്കീത് നല്കി കേസ് അവസാനിപ്പിച്ചു.
ഫ്രഞ്ച് സ്ഥാപനത്തില്‍ നിന്നും 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടില്‍ അഴിമതിയുണ്ടെന്നും അന്വേഷണം ആവശ്യമുണ്ടെന്നും കാണിച്ച് നല്കിയ ഹര്‍ജി 2018 ഡിസംബറില്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഈ വിധി പുന: പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. യശ്വന്ത് സിന്ഹയ്ക്കൊപ്പംഅരുണ്ഷൂരി, പ്രശാന്ത് ഭൂഷന് എന്നിവരും കക്ഷി ചേര്‍ന്നിരുന്ന കേസില്‍ അന്വേഷണത്തിന് സംശയാസ്പദ സാഹചര്യം ഇല്ലെന്നായിരുന്നു സുപ്രീംകോടതി കണ്ടെത്തിയത്.
ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായും ജസ്റ്റീസുമാരായ എസ് കെ കൗള്‍, കെ എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ടതുമായ ബഞ്ചാണ് കേസ് തള്ളിയത്. ഇടപാടിന്റെ പൂര്‍ണ്ണ വിശദാംശങ്ങള്‍ കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടില്ലെന്ന ഹര്‍ജിക്കാരുടെ വാദം മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലുള്ള കേസാണെന്നും തുറക്കാനാകില്ലെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
59,000 കോടിയുടെ വിമാനഇടപാടില്‍ വ്യവസായി അനില്‍ അംബാനിയുടെ ഇടപെടല്‍ ഉണ്ടെന്നും അംബാനിക്ക് വേണ്ടി വില കൂട്ടി കാണിച്ചെന്നും ഇതില്‍ അഴിമതി നടന്നിട്ടുണ്ട് എന്നുമായിരുന്നു കോണ്‍ഗ്രസ് ആരോപിച്ചത്. സംയുക്ത പാര്‍ലമെന്ററി സമിതിയെ വെച്ച് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ ആദ്യം നല്കിയ കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14 ന് തന്നെ റഫാല്‍ ഇടപാടില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്ന വിലയിരുത്തല്‍ സുപ്രീംകോടതി നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ 'ചൗക്കിദാര്‍ ചോര്‍ ഹൈ' എന്ന് അധിക്ഷേപിച്ചതിന് രാഹുല്‍ഗാന്ധിക്കെതിരേ ബിജെപി നേതാവ് മീനാക്ഷി ലേഖി നല്കിയ കേസും സുപ്രീംകോടതി ഇന്ന് പരിഗണിച്ചു. കോടതിയലക്ഷ്യം കാണിച്ച് സമര്‍പ്പിച്ച കേസ് കോണ്‍ഗ്രസ് നേതാവിന് താക്കീത് നല്കി അവസാനിപ്പിച്ചു. നേരത്തേ രാഹുല്‍ഗാന്ധി നടത്തിയ മാപ്പപേക്ഷ കോടതി സ്വീകരിക്കുകയും ചെയ്തു. ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ച് പരിഗണിച്ച കേസില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കരുതെന്നും ഇത്തരം പ്രസ്താവ്യങ്ങള്‍ മേലില്‍ നടത്തുമ്പോള്‍ ശ്രദ്ധ പുലര്‍ത്തണമെന്ന മുന്നറിയിപ്പും നല്കി.
റഫാല്‍ കേസുമായി ബന്ധപ്പെട്ട പരാമര്‍ശത്തിലായിരുന്നു രാഹുല്‍ മോഡിക്കെതിരേ ചൗക്കീദാര്‍ ചോര്‍ ഹൈ എന്ന പരാമര്‍ശം നടത്തിയത്. നരേന്ദ്രമോഡിക്കെതിരേ സുപ്രീംകോടതി തന്നെ ഈ പരാമര്‍ശനം നടത്തിയെന്ന് പറഞ്ഞതായിരുന്നു കോടതിയില്‍ എത്തിയത്. ഇതിനെതിരേ ബിജെപി നേതാവ് മീനാക്ഷി ലേഖി സുപ്രീംകോടതിയില്‍ എത്തുകയായിരുന്നു. ഏപ്രില്‍ 10 നുണ്ടായ വിവാദത്തില്‍ മെയ് 8 ന് രാഹുല്‍ തെറ്റ് അംഗീകരിച്ച് നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു. എന്നാല്‍ മാപ്പപേക്ഷ തള്ളിക്കളഞ്ഞ് നടപടിയെടുക്കണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം.






