
കട്ടക്ക്: മഹാത്മാഗാന്ധി മരിച്ചത് ഏതെങ്കിലും റോഡപകടത്തിലോ വാഹനാപകടത്തിലോ ആണോ? ഗാന്ധിജി മരിച്ചത് അപകടത്തിലാണെന്ന് പറയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയ്യാറാക്കിയ കൈപ്പുസ്തകം ഒഡീഷയില്‍ വിവാദമായി മാറുന്നു. പുസ്തകം അച്ചടിച്ചു വിതരണം ചെയ്തതിന്റെ പേരില്‍ സ്റ്റേറ്റ് സ്കൂള്‍ വിദ്യാഭ്യാസ വകുപ്പിനെതിരേ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു വിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്ക് വേണ്ടി തയ്യാറാക്കിയ 'ആമ ബാപ്പൂജി: ഏക ഝലക' എന്ന രണ്ടു പേജ് വരുന്ന കൈപ്പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍. 1948 ജനുവരി 30 ന് മഹാത്മാഗാന്ധി അപകടത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പറയുന്നത്.
സ്റ്റേറ്റ് സ്കൂള്‍ ആന്റ് മാസ് എഡ്യൂക്കേഷനെതിരേ വിദ്യാഭ്യാസമന്ത്രി സമീര്‍ രഞ്ജന്‍ ദാസ് അന്വേഷണത്തിന് ഉത്തരവിട്ടു. ഏതു സാഹചര്യത്തിലാണ് ഈ രീതിയില്‍ പരാമര്‍ശം ഉണ്ടായതെന്നും അത്തരം പുസ്തകം പ്രസിദ്ധപ്പെടുത്താനും സാഹചര്യം ഉണ്ടായതെന്ന് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാഥുറാം വിനായക് ഗോഡ്സേയുടെ വെടിയേറ്റ് നടന്ന ഗാന്ധിവധം തെറ്റിദ്ധാരണാജനകമായി അവതരിപ്പിച്ച പുസ്തകം പുറത്തുവന്നതിന് പിന്നാലെ സര്‍ക്കാരിനെ പരിഹസിച്ച് പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയതോടെയാണ് പുസ്തകം വിവാദമായത്. പുസ്തകം അടിയന്തിരമായി പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഗോഡ്സേ ഭക്തരായിരിക്കാം പുസ്തകം പുറത്തിറക്കിയതെന്നും വിമര്‍ശനമുണ്ട്.
നാഥുറാം വിനായക് ഗോഡ്സേ ഗാന്ധിയെ ബലിയാടാക്കി എന്നുള്ളതിന് പകരം ഗാന്ധിജി മരിച്ചത് അപകടത്തില്‍പെട്ടതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തിലാണ് എന്ന രീതിയിലുള്ള കണ്ടെത്തലുകള്‍ പുതിയ തലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന വിമര്‍ശനം വ്യാപകമാണ്്. ഗാന്ധിജിയുടെ 150 ാം ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാഷ്ട്രപിതാവിനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇവര്‍ പറഞ്ഞു.
സത്യത്തെ മറയ്്ക്കാനുള്ള പരാജയപ്പെട്ട ഒരു ശ്രമം എന്നാണ് ചില വിമര്‍ശനം. അപകടം എന്നു പറഞ്ഞാല്‍ എന്താണ് വിചാരിക്കുക? റോഡിലൂടെ യാത്ര ചെയ്യുമ്പോഴാണോ ഗാന്ധിജി മരിച്ചത്? നാഥുറാം ഗോഡ്സേയുടെ തോക്കില്‍ നിന്നുള്ള ബുള്ളറ്റുകള്‍ ഏറ്റാണ് മരണമെന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേയെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ചോദിക്കുന്നു. ഒഡീഷാ വിദ്യാഭ്യാസ മേഖലയില്‍ കാവിവല്‍ക്കരണവും കോര്‍പ്പറേറ്റ് വല്ക്കരണവും സംഭവിക്കുന്നതിന്റെ ഉദാഹരണമാണ് ഇതെന്നാണ് ചില വിമര്‍ശകര്‍ പറയുന്നത്.






