
വാൾട്ട് ഡിസ്നിയുടെ വീഡിയോ സ്ട്രീമിങ് സേവനമായ ഡിസ്നി പ്ലസ് യുഎസിൽ ഔദ്യോഗികമായി പുറത്തിറക്കി. ഇന്ത്യയിൽ ഡിസ്നി പ്ലസ് സേവനം എത്താൻ വൈകിയേക്കും. ഇന്ത്യയിൽ എന്നാണ് സേവനം ലഭ്യമാക്കുകയെന്ന് ഡിസ്നി ഇതുവരെ അറിയിച്ചിട്ടില്ല. പ്രതിമാസം 6.99 ഡോളറിലാണ് ഈ സേവനം യുഎസ് ഉപഭോക്താക്കൾക്ക് ലഭിക്കുക.
നിലവിൽ ഡിസ്നിയുടെ ചില എക്സ്ക്ല്യൂസീവ് പരിപാടികൾ ഹോട്സ്റ്റാർ പ്രീമിയത്തിലൂടെ ഇന്ത്യക്കാർക്ക് ലഭിക്കുന്നുണ്ട്. നേരത്തെ ഹോട്സ്റ്റാറിലൂടെ ഡിസ്നി പ്ലസ് സേവനം ഇന്ത്യക്കാർക്ക് ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഡിസ്നി പ്ലസ് ഇന്ത്യയിലെത്തിക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും അധികം വൈകാതെ തന്നെ ഔദ്യോഗിക ലോഞ്ചിങ് തീയതി അറിയിക്കുമെന്നും ഹോട്സ്റ്റാർ ട്വീറ്റ് ചെയ്തിരുന്നു.
ഇപ്പോൾ ഹോട്സ്റ്റാർ പ്രിതമാസം 299 രൂപയുടെയും പ്രതിവർഷം 999 രൂപയുടെയും പ്ലാനിലാണ് ഉപയോക്താക്കൾക്ക് സേവനം നൽകുന്നത്. ഡിസ്നി പ്ലസ് സേവനം ലഭ്യമാക്കുന്നതോടെ ഇത് ഇരട്ടിയായേക്കുമെന്നാണ് സൂചന. ഡിസ്നിയുടെ ഏകദേശം 500 ഓളം സിനിമകളും 7,500 ടിവി എപ്പിസോഡുകളും ഡിസ്നി പ്ലസിലൂടെ കാണാനാവും. ഡിസ്നി, പിക്സർ, മാർവൽ, സ്റ്റാർ വാർസ്, നാഷണൽ ജിയോഗ്രഫിക് തുടങ്ങിയ എക്സിക്ല്യൂസീവ് കണ്ടന്റുകൾ ഡിസ്നി പ്ലസിലൂടെ ലഭിക്കും.






