
കല്‍പ്പണിക്കാരനായ പൂങ്കാവ് പാടത്ത് വലിയവീട് ഷിബുവിന്റെ (43) വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ചികിത്സയുടെ ധനശേഖരണാര്‍ഥം ജനകീയ കമ്മിറ്റി പ്രവര്‍ത്തകര്‍ അലീന പൈലോയുടെ വീട്ടില്‍ പിരിവിന് എത്തിയപ്പോള്‍ അവള് ഒട്ടും വൈകിയില്ല. തന്റെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല ഊരി നല്‍കുകയായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി. പൂങ്കാവ് വടക്കേ പറമ്പില്‍ കയര്‍ തൊഴിലാളി പൈലോ ജോസഫിന്റെയും തയ്യല്‍ തൊഴിലാളി ജൂലിയുടെയും മകള്‍ അലീനയാണ് രക്ഷിതാക്കളുടെ സമ്മതത്തോടെ അര പവനിലേറെ തൂക്കമുള്ള മാല നല്‍കിയത്.
ഒരു വര്‍ഷത്തോളമായി നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന മാല കഴിഞ്ഞയാഴ്ചയാണ് അലമാരയില്‍ പേപ്പറുകള്‍ക്കിടയില്‍ നിന്നു കിട്ടിയത്. ഇതോടെയാണ് സ്വന്തം മാല അലാന നല്‍കിയത. മാല വിറ്റ് ലഭിച്ച 17000 രൂപയും പിന്നീട് ഫണ്ടിലേക്ക് വകയിരുത്തി.
ഷിബുവിന്റെ അയല്‍ക്കാരാണ് അലീനയുടെ കുടുംബം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10, 11, 12, 13, ആര്യാട് 15, 16, 17, 18 എന്നിങ്ങനെ 8 വാര്‍ഡുകളിലായി 48 സ്ക്വാഡുകളായി തിരിഞ്ഞ് അഞ്ഞൂറിലേറെ സന്നദ്ധ പ്രവര്‍ത്തകരാണ് ഫണ്ട് സമാഹരണത്തിനായി ഇറങ്ങിയത്. 2 മണിക്കൂറില്‍ 9,63,298 രൂപയാണ് സമാഹരിച്ചത്.
തുക ഉടന്‍ തന്നെ ഷിബുവിന്റെ കുടുംബത്തിന് കൈമാറുമെന്ന് സഹായ സമിതി ചെയര്മാന് എന്‍.പി.സ്നേഹജന്, വൈസ് ചെയര്മാന് സിനിമോള്‍ ജോജി കണ്‍വീനര്‍ ജയന് തോമസ് എന്നിവര്‍ പറഞ്ഞു. ചടങ്ങില്‍ അലീനയേയും ആദരിക്കും.






