
ചെന്നൈ: മലകളും പുഴയും കായലും കടലും പ്രകൃതി രമണീയത നോക്കുമ്പോള്‍ കേരളത്തിന്റെ ടൂറിസം ഖ്യാതി ലോകോത്തരമാണ്. എന്നാല്‍ ഇന്ത്യയിലെ മാലിന്യം നിറഞ്ഞ ഏറ്റവും വൃത്തികെട്ട ബീച്ചുകളുടെ കാര്യത്തിലും ദൈവത്തിന്റെ സ്വന്തം നാട് ഒന്നാമത്.
വെറും രണ്ടു മിനിറ്റു കൊണ്ട് കേരളത്തിലെ അഞ്ചു ബീച്ചുകളില്‍ നിന്നും പെറുക്കിയെടുത്തത് 9000 കിലോ ചവര്‍. സെപ്തംബറില്‍ നടന്ന കടലോരം വൃത്തിയാക്കല്‍ നടപടിയുടെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഇന്ത്യയിലെ 34 ബീച്ചുകളില്‍ നിന്നും 35 ടണ്‍ മാലിന്യമാണ് വോളണ്ടിയര്‍മാര്‍ ശേഖരിച്ചത്. രണ്ടാം സ്ഥാനത്ത് തമിഴ്നാടാണ്. ഏഴു ബീച്ചുകള്‍ വരുന്ന തമിഴ്നാട്ടില്‍ നിന്നും 6,804 കിലോ ചവര്‍ പെറുക്കിയെടുത്തു. മൂന്നാം സ്ഥാനത്തുള്ള മഹാരാഷ്ട്രയിലെ മൂന്ന് ബീച്ചുകളില്‍ നിന്നും 5,930 കിലോ ചവര്‍ ശേഖരിക്കാനായി.
ഒഡീഷയിലെ നാലു ബീച്ചുകളില്‍ നിന്നും 478 .2 കിലോ അഴുക്കുകളും പെറുക്കി. മൊത്തം 35 ടണ്‍ മാലിന്യത്തില്‍ 2.39 ലക്ഷത്തോളം വസ്തുക്കള്‍ ഉണ്ടായിരുന്നു. ഇതില്‍ പകുതിയും പ്ളാസ്റ്റിക്ക് മാലിന്യമായിരുന്നു. ബീച്ചിലെത്തുന്നവര്‍ ഉപേക്ഷിച്ചു പോയ വസ്തുക്കളായിരുന്നു കൂടുതലും. ഇവ തീരത്ത് തന്നെ അടിയുകയായിരുന്നു. മറ്റുള്ളവ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഉപേക്ഷിച്ചവയായിരുന്നു.
20 ശതമാനത്തോളം വസ്തുക്കള്‍ ഗ്ളാസ് ബോട്ടിലുകളായിരുന്നു. ഗ്ളാസ്സും പ്ളാസ്റ്റിക്കും ഉള്‍പ്പെട്ട മാലിന്യങ്ങളായിരുന്നു കൂടുതല്‍. മലിനീകരണത്തില്‍ നിന്നും ബീച്ചുകളെ രക്ഷിക്കുന്ന നടപടിയുടെ ഭാഗമായി നാഷണല്‍ സെന്റര്‍ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ആയിരുന്നു ബീച്ച് വൃത്തിയാക്കല്‍ നടപടിയെടുത്തത്.






