
ന്യൂയോര്‍ക്ക് : അന്പതുകോടി യാഹു ഉപയോക്താക്കളുടെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി. ഇതേതുടര്‍ന്ന് എത്രയും വേഗം പാസ്വേഡ് മാറ്റണമെന്ന് ഉപഭോക്താക്കളോട് യാഹൂ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നോ ഇന്നലെയോ അല്ലെന്നും 2014 മുതലാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ന്ന് തുടങ്ങിയതെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലോകത്തിലെ മുന്‍നിര ഇന്റര്‍നെറ്റ് കമ്പനികളിലൊന്നായിരുന്ന യാഹു തങ്ങളുടെ പ്രധാന സേവനങ്ങളായ ഇന്റര്‍നെറ്റ് അടക്കമുള്ളവ വെരിസോണ്‍ കമ്യൂണിക്കേഷന്‍സിനു 500 കോടി ഡോളറിനു വില്‍ക്കാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നതിനിടെയാണ് ഇത്തരമൊരു ഹാക്കിങ് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്. ഉപയോക്താക്കളുടെ പേര്, ഇമെയില്‍, ടെലഫോണ്‍ നമ്പര്‍, പാസ്വേഡ് തുടങ്ങിയവയാണ് ഹാക്കര്‍മാര്‍ ചോര്‍ത്തിയത്. അതേസമയം, ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നാണ് കമ്പനിയുടെ നിലപാട്.






