
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലില്‍ കഴിയുന്ന അനധികൃത താമസക്കാരെ പുറത്താക്കാന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. അനധികൃത താമസക്കാരെ പോലീസിന്റെ സഹായത്തോടെ പുറത്താക്കാനാണു നീക്കം.
ഒന്നരദശാബ്ദമായി കോളജ് ഹോസ്റ്റലില്‍ അനധികൃത കുടിയേറ്റക്കാരനായി കഴിഞ്ഞ ഏട്ടപ്പന്‍ മഹേഷും സംഘവും ഹോസ്റ്റലിനു പുറത്താകും. കഴിഞ്ഞദിവസങ്ങളില്‍ ഹോസ്റ്റലിലും കോളജിലുമുണ്ടായ അക്രമങ്ങളില്‍ ആരോപണവിധേയനാണ് ഏട്ടപ്പന്‍ മഹേഷ്.
ഹോസ്റ്റല്‍വാസികള്‍ക്ക് സംരക്ഷണം നല്കാന് പോലീസുമായി ബന്ധപ്പെടാനും പോലീസ് നിരീക്ഷണം ശക്തമാക്കാനും കോളജ് പ്രിന്‍സിപ്പല്‍ കത്ത് നല്‍കും. ഹോസ്റ്റലിലേക്കുള്ള പ്രവേശനം താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും. ഇവിടെ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക ഐഡന്റിറ്റി കാര്‍ഡ് വിതരണം ചെയ്യും.
ഹോസ്റ്റലില്‍ 24 മണിക്കൂറും സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കും. ഹോസ്റ്റലില്‍ അനധികൃതമായി പ്രവേശിക്കുകയോ താമസിക്കുന്നവരെ െകെയേറ്റം ചെയ്ത് പാര്‍ട്ടിക്കോ സംഘടനക്കോ നാണക്കേടുണ്ടാക്കരുതെന്ന് സി.പി.എം. പാര്‍ട്ടി നേതൃത്വവും എസ്.എഫ്.ഐ. ജില്ലാ നേതൃത്വവും പ്രവര്‍ത്തകര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എട്ടപ്പന്‍ മഹേഷ് കെ.എസ്.യുക്കാരായ വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ഡയറക്ടറുടെ ഇടപെടല്‍. യൂണിവേഴ്സിറ്റി കോളജിലെ ചില മുന്‍ യൂണിയന് നേതാക്കളടക്കം പല ഗുണ്ടകളുടെയും താവളമായി യൂണിവേഴ്സിറ്റി ഹോസ്റ്റല്‍ മാറിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഹോസ്റ്റലില്‍ കെ.എസ്.യു. പ്രവര്‍ത്തകനും യൂണിവേഴ്സിറ്റി കോളജിലെ എം.എ. വിദ്യാര്‍ഥിയുമായ നിതിന്‍ രാജിനെ ക്രൂരമായി മര്‍ദ്ദിക്കുകയും കൊലവിളി നടത്തുകയും ചെയ്ത ശേഷം ഒളിവില്‍ പോയ എട്ടപ്പനെ പിടികൂടാന്‍ പോലീസിനു ഇതുവരെയും കഴിഞ്ഞിട്ടില്ല. എട്ടപ്പന്‍ മഹേഷിനെ പിടികൂടാന്‍ സിറ്റി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.






