
കട്ടപ്പന: എസ്.ഐ അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥര്‍ വന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് കേസ് അന്വേഷിക്കുന്ന ഇടുക്കി ക്രൈം ബ്രാഞ്ചിന് വിവരം ലഭിച്ചതായി സൂചന. പോലീസ് അക്കാദമിയിലെ കാന്റീന് നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളില്‍ അനില്‍കുമാറും സഹനടത്തിപ്പുകാരായ പോലീസ് ഉദ്യോഗസ്ഥരും തമ്മില്‍ അഭിപ്രായ വ്യത്യാസം പതിവായിരുന്നു. സംഭവത്തില്‍ നാലുസഹപ്രവര്ത്തര് നിരീക്ഷണത്തിലാണ്.
പോലീസ് അസോസിയേഷനിലും ഓഫീസേഴ്സ് അസോസിയേഷനിലും ഇടത് അനുകൂല വിഭാഗത്തിന്റെ നേതൃസ്ഥാനത്ത് അനില്‍കുമാര്‍ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ക്യാന്റീന് നടത്തിപ്പില്‍ ഒപ്പമുണ്ടായിരുന്ന എ.എസ്.ഐയും മറ്റും എതിര് യൂണിയനില്‍ പെട്ടവരായിരുന്നു. ഈ െവെരാഗ്യവും ഇവര്‍ക്കിടയിലുണ്ടായിരുന്നു. സാമ്പത്തിക ക്രമക്കേടുകള്‍ ഉയര്‍ന്നു വരുമ്പോള്‍ ഇവര്‍ സംഘം ചേര്‍ന്ന് അനില്‍കുമാറിനെ കരുവാക്കുന്ന പതിവാണെന്നാണ് ആരോപണം. സാമ്പത്തിക ക്രമക്കേടുകള്‍ മൂടിവയ്ക്കാന്‍ അനില്‍കുമാര്‍ സ്വന്തം െകെയില്‍ നിന്നും ക്യാന്റീന് നടത്തിപ്പിനു പണം മുടക്കിയതായും ബന്ധുക്കള്‍ സൂചന നല്‍കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസില്‍ നിന്നും സ്ഥീരീകരണം ഉണ്ടായിട്ടില്ല.
ക്രമക്കേടുകള്‍ അനില്‍കുമാറിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഊമക്കത്തുകള്‍ അയക്കാറുമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്ത ഉന്നത ഉദ്യോഗസ്ഥര്‍ ശകാരിക്കുന്നതും നടപടിയെടുക്കുമെന്ന് പറയുന്നതും അനില്‍കുമാറിനെ മാനസിക സമ്മര്‍ദത്തിലാക്കിയെന്നും ഭാര്യയും ബന്ധുക്കളും പറയുന്നു. അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. അനില്‍കുമാറിന് കടുത്ത ജോലി സമ്മര്‍ദം ഉണ്ടായിരുന്നുവെന്ന് സഹോദരന് സുരേഷ് കുമാറും പറഞ്ഞു.
അമ്മയ്ക്ക് സുഖമില്ലാതായപ്പോള്‍ പോലും അവധി കൊടുത്തിരുന്നില്ല. രാഷ്ട്രീയ െവെരാഗ്യം തീര്‍ക്കാന്‍ പോലീസ് അക്കാദമയില്‍ മോശമായി ചിത്രീകരിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും പറഞ്ഞു. ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കണ്ടിട്ടും സഹ പ്രവര്‍ത്തകരുടെ പക പോക്കലിനെ തുടര്‍ന്ന് ഉണ്ടായ നിരന്തരമായ അന്വേഷണങ്ങള്‍ അദ്ദേഹത്തെ തളര്‍ത്തിയതായും ഇനിയൊരു പോലീസുകാരനും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും പോലീസ് അക്കാദമിയില്‍ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥ കൂടിയായ ഭാര്യ പ്രിയ അനില്‍ പറഞ്ഞു.
അനില്‍കുമാറിന്റെ ആത്മഹത്യാ കുറിപ്പ് പുറത്തു വന്നതോടെയാണ് സംഭവം വിവാദത്തിലേക്ക് നീങ്ങിയത്. ക്യാന്റീന് നടത്തിപ്പില്‍ കൂടെയുണ്ടായിരുന്ന എ.എസ്. ഐയും മൂന്ന് പോലീസ് ഉദ്യോഗസ്ഥരുമാണ് തന്റെ മരണത്തിനു കാരണമെന്നാണ് ആത്മഹത്യാ കുറിപ്പില്‍ ആരോപിക്കുന്നത്. എ.എസ്.ഐ. രാധാകൃഷ്ണന്, സിവില്‍ പോലീസുകാരായ നസീര്‍, സുരേഷ്, അനില്‍ എന്നിവരുടെ പേരുകളാണ് കുറിപ്പിലുള്ളത്. ഇവര്‍ നാലുപേരും ചേര്‍ന്ന് അനില്‍കുമാറിനെ സാമ്പത്തികബാധ്യതയിലേക്ക് തള്ളിവിട്ടെന്നാണ് ആരോപണം.
എ.എസ്.ഐ: രാധാകൃഷ്ണന്റെ അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആത്മഹത്യാ കുറിപ്പില്‍ ആവശ്യപ്പെടുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ അനില്‍കുമാറിനെ വേട്ടയാടിയിരുന്നതായി സ്പെഷല്‍ ബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം അനില്‍കുമാര്‍ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിച്ചു വരികയാണെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.






