
32 വര്‍ഷമായി നന്ദു അഭിനേതാവിന്റെ കുപ്പായമണിഞ്ഞിട്ട്. ചിരിച്ചും ചിന്തിപ്പിച്ചും പ്രേക്ഷകരുടെ കൈയടി നേടിയ നടന്. പരിപൂര്‍ണ്ണനായ നടനെന്ന് പോലും വിശേഷിപ്പിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍.
തുടക്കത്തില്‍ കോമാളി ഇമേജ് ലഭിച്ച തനിക്ക് നല്ല നടനെന്ന പേര് വാങ്ങിത്തന്നത് അടൂരിന്റെ നാല് പെണ്ണുങ്ങള് എന്ന ചിത്രമാണെന്ന് നന്ദു അഭിമാനത്തോടെ ഓര്‍ക്കുന്നു. പിന്നീടിറങ്ങിയ സ്പിരിറ്റ്, തിരക്കഥ, ക്വീന്‍ എന്നീ ചിത്രങ്ങളെല്ലാം ഈ വാക്കുകള്‍ ശരിവയ്ക്കുന്നത് തന്നെയായിരുന്നു. നന്ദുവിന്റെ വിശേഷങ്ങളിലേക്ക്.
പുതിയ ചിത്രവുമായി തിരക്കിലാണല്ലോ?
ഡ്രൈവിങ് ലൈസന്‍സാണ് ഇപ്പോള്‍ ചെയ്യുന്ന ചിത്രം. പൃഥ്വിരാജാണ് നായകന്. പൃഥ്വി ഈ ചിത്രത്തില്‍ ഒരു സൂപ്പര്‍ സ്റ്റാറായിട്ടാണ് അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ സന്തത സഹചാരിയാണ് ഞാന്‍. പൃഥ്വിയുമായി വളരെ അടുത്ത ബന്ധമുണ്ട്. അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തിലും പൃഥ്വി ഒരു സംഭവമാണ്. ലൂസിഫര്‍ സമയത്ത് സ്വയം കണ്ടറിഞ്ഞതാണത്. ഒരു സീന്‍ എടുത്തല് പൃഥ്വി കോണ്ഫിഡന്റാണ്. ഒരു പ്രാവശ്യംകൂടി ആ ഷോട്ട് എടുക്കേണ്ട കാര്യമില്ല. അത്രയ്ക്ക് ആത്മവിശ്വാസമുണ്ട് രാജുവിന്. വീണ്ടും രാജുവിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞതില്‍
സന്തോഷമുണ്ട്.
ജീവിതത്തിന്റെ നല്ല നാളുകളിലൂടെയാണോ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത് ?
അങ്ങനെ ചോദിച്ചാല്‍ അറിയില്ല. നല്ല നാളുകളാണ് ഇപ്പോള്‍ ഉള്ളതെന്നും ഇനി വരാന്‍ പോകുന്നതെന്നും നമുക്ക് വിശ്വസിക്കാം. ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ട് പോകുന്നുവെന്ന് വേണമെങ്കില്‍ പറയാം.
നാലു പെണ്ണുങ്ങളാണല്ലോ ജീവിതം മാറ്റിമറിച്ചത്?
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വഴിയോരത്ത് വച്ച് കണ്ട പരിചയമായിട്ടാണ് അടൂര്‍ സാറുമായുളള ബന്ധം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ വണ്ടി റോഡില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നു. അതുവഴി പോവുകയായിരുന്ന ഞാന്‍ ഉടനെ അവിടിറങ്ങി അദ്ദേഹത്തിന് വേണ്ട സഹായം ചെയ്തുകൊടുത്തു. എന്നോട് അദ്ദേഹം പേരും എന്ത് ചെയ്യുന്നുവെന്നും ചോദിച്ചു. ചെറിയ ചെറിയ വേഷങ്ങളൊക്കെ ചെയ്യാറുണ്ട് സാര്‍ എന്ന് ഞാന്‍ പറഞ്ഞു.
അന്നദ്ദേഹം ഒരു പേപ്പറില്‍ എന്റെ പേരും നമ്പറും എഴുതി വാങ്ങി. വെറുതെ കുറിച്ചെടുത്തതാവും എന്നാണ് ഞാന്‍ കരുതിയത്. പക്ഷേ പിറ്റേന്നു സാറിനെ കാണണമെന്നുപറഞ്ഞ് എനിക്ക് ഒരു ഫോണ്‍ വന്നു. അദ്ദേഹത്തിന്റെ നാല് പെണ്ണുങ്ങള് എന്ന ചിത്രത്തില്‍ ഒരു വേഷം തരാനാണത്രേ. ആ ചിത്രമാണ് എന്റെ ജീവിതത്തിന്റെ ഗതി മാറ്റി മറിച്ചത്. അതിന് ശേഷം ധാരാളം സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞു.
ഇപ്പോഴും അടൂര്‍ സാറിനെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ കാണും സംസാരിക്കും. അങ്ങനെ എന്നും വിളിക്കുന്ന ബന്ധമൊന്നും ഇല്ല. അദ്ദേഹം കഴിഞ്ഞ പടം ചെയ്തപ്പോള്‍ വിളിച്ചില്ല. അതിലെനിക്ക് വിഷമമുണ്ട്.
മലയാള സിനിമയില്‍നിന്ന് വേണ്ടത്ര അംഗീകാരങ്ങള്‍ കിട്ടാത്തതില്‍ വിഷമമുണ്ടോ?
വിഷമമൊന്നുമില്ല. ഇനിയുള്ള കാലത്ത് നല്ല നല്ല വേഷങ്ങള്‍ ചെയ്യുക. തീര്‍ച്ചയായും ഒരു നടനെ സംബന്ധിച്ചിടത്തോളം നല്ല വേഷങ്ങള്‍ ചെയ്യുക എന്നതുതന്നെയാണ് ആഗ്രഹം. ചെയ്യുന്ന വേഷങ്ങള്‍ മോശമാവാതിരിക്കുക. ഒരു സീനാണെങ്കിലും 50 സീനാണെങ്കിലും ചെയ്യുന്നത് ഭംഗിയായും ആത്മാര്‍ഥമായും ചെയ്യുക. അതാണ് ആഗ്രഹം.
അവാര്‍ഡിനെക്കാള്‍ വലിയ പ്രോത്സാഹനങ്ങള്‍?
തീര്‍ച്ചയായും അവാര്ഡുകളേക്കാളുപരിയായി മറ്റുള്ളവര്‍ പറയുന്ന നല്ല വാക്കുകളാണ് നമുക്ക് എപ്പോഴും സന്തോഷം പകരുന്നത്. അത്തരത്തില്‍ ഒരുപാട് ആളുകള്‍ വാക്കുകള്‍കൊണ്ട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സിപിരിറ്റ് റിലീസ് ചെയ്യും മുന്‍പ് പ്രിവ്യൂ കണ്ട് തീയറ്ററില്‍ നിന്നിറങ്ങി ഉടനെ പ്രിയദര്ശന് എന്നെ വിളിച്ചു. നീ ഗംഭീരമായിട്ട് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ ഇറങ്ങുന്നതോടെ നിന്റെ ലൈഫ് മാറുമെന്ന് പറഞ്ഞു.
അതുപോലെ ഒരു ദിവസം വീടിനടുത്തുള്ള ഒരു പച്ചക്കറിക്കടയില്‍ നിന്ന് സാധനവും വാങ്ങി റോഡ് ക്രോസ് ചെയ്യാന്‍ നില്ക്കുമ്പോള് കുറച്ച് പ്രായമുള്ള ഒരാള്‍ എന്റെ മുന്നില്‍ വന്ന് സ്കൂട്ടര്‍ നിര്‍ത്തി. സ്കൂട്ടറില്‍ ഇരുന്നുകൊണ്ടുതന്നെ എനിക്ക് ഷേക്ക് ഹാന്‍ഡ് തന്നിട്ട് പറഞ്ഞു. സ്പിരിറ്റ് കണ്ടു. അതി ഗംഭീരമായിട്ടുണ്ട്. ഞാന്‍ സിനിമ വളരെ സീരിയസായിട്ടെടുക്കുന്ന ഒരാളാണ്. 1971 ല്‍ അനുഭവങ്ങള്‍ പാളിച്ചകളില്‍ സത്യന് അഭിനയിച്ചു കണ്ടതിനോളം നന്നായി താങ്കളുടെ അഭിനയം..
ഇങ്ങനെ പറഞ്ഞിട്ട് ഇദ്ദേഹം സ്കൂട്ടറുംകൊണ്ട് ഒറ്റപ്പോക്ക്. ഞാന്‍ കുറച്ചുനേരത്തേക്ക് സ്തംഭിച്ച് നിന്നുപോയി. കാരണം അദ്ദേഹം മലയാള സിനിമ കണ്ട ഏറ്റവും മികച്ച നടനുമായിട്ടാണ് എന്നെപ്പോലൊരാളെ താരതമ്യം ചെയ്തത്. അപ്പോഴത്തെ എന്റെ മാനസികാവസ്ഥ പറഞ്ഞറിയിക്കാനാവാത്തതാണ്.
കല്‍പ്പന അടുത്ത സുഹൃത്തായിരുന്നല്ലോ?
കല്പ്പനയുമായി എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. കല്‍പ്പനയ്ക്ക് ഒരുപാട് ശാരീരിക പ്രശ്നങ്ങളുണ്ടായിരുന്നു. ശരീരത്തില്‍ നീര്‍ക്കെട്ട്, ഇസ്നോഫീലിയ അങ്ങനെ. ഞങ്ങള്‍ ഒരുമിച്ച് അമേരിക്കന്‍ ട്രിപ്പൊക്കെ പോയിട്ടുണ്ട്. എനിക്ക് നന്നായിട്ടറിയാം കല്‍പ്പനയ്ക്ക് എന്തൊക്കെ പ്രശ്നങ്ങളുണ്ടെന്ന്.
എന്നെ സ്വാമീ എന്നാണ് വിളിക്കുന്നത്. ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് തമിഴില്‍ സംസാരിക്കും. എവിടെപ്പോയാലും എന്നോട് പറയും എനിക്ക് താമസിക്കാന്‍ നല്ലൊരു റൂം ശരിയാക്കിതരണേ, ഇന്ന വണ്ടി ഏര്‍പ്പാട് ചെയ്തുതരണേണ എന്നെല്ലാം. കല്‍പ്പനയ്ക്ക് എ.സി ഇടുന്നത് ഇഷ്ടമല്ല. അപ്പോള്‍ ഞാന്‍ കല്പ്പനയുടെ ഇഷ്ടത്തിനുള്ള കാര്യങ്ങളെല്ലാം ഏര്‍പ്പാടാക്കി കൊടുക്കും.
സ്പിരിറ്റില്‍ ഞങ്ങള്‍ ഭാര്യാഭര്ത്താക്കന്മാരായിട്ടാണഭിനയിച്ചത്. ഇത്രയും വയ്യാത്ത കല്‍പ്പനയെ തൂക്കിയിട്ട് നല്ല അടികൊടുക്കുന്ന സീനുകളുണ്ടല്ലോ സിനിമയില്‍. എനിക്കതൊരു ബുദ്ധിമുട്ടായിരുന്നു. കാരണം അവര്‍ക്കത്രയും ശാരീരിക പ്രശ്നങ്ങളുണ്ട്. ഇടിക്കുകയും വേണം എന്നാല്‍ അവര്‍ക്കത് കൊള്ളാനും പാടില്ല. കല്‍പ്പന പറയും അങ്ങനെ വിചാരിക്കുകയേ വേണ്ട സ്വാമീ... നല്ല അടി തന്നോ എന്ന്. പക്ഷേ ഞാന്‍ അത്രയും ശ്രദ്ധിച്ചും ടെന്ഷനിലുമാണതില് അഭിനയിച്ചത്.
നടക്കാതെപോയ സ്വപ്നങ്ങള്‍?
നസീര്‍ സാറിന്റെയൊപ്പം അഭിനയിക്കണമെന്നുണ്ടായിരുന്നു അത് നടന്നില്ല. അടൂര്‍ഭാസി സാറിന്റെയൊപ്പം ഒരു പടത്തില്‍ ഒരു സീന്‍ അഭിനയിച്ചു. അതൊരു ഭാഗ്യമാണ്. മധുസാറിന്റെയും സുകുവേട്ടന്റെയും ഒപ്പം അഭിനയിച്ചിട്ടുണ്ട്. പുതിയ ആളുകളില്‍ നിവിന്‍പോളിയോടൊപ്പം മാത്രമേ അഭിനയിക്കാതെയുള്ളൂ. രജനീകാന്തിയൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അത് നടന്നിട്ടില്ല. ആഗ്രഹങ്ങള്‍ നടന്നാലും നടന്നില്ലെങ്കിലും നമ്മള് മുന്നോട്ട് പൊയ്ക്കൊണ്ടേയിരിക്കും.
സെല്‍ഫ് മാര്‍ക്കറ്റിംഗ് ഒട്ടുമില്ലാത്തയാളാണ്?
പല ജനറേഷനോടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. പഴയകാലത്തെ ആളുകളുടെ ജീവിതരീതിയും പുതിയ ആളുകളുടെ ജീവിതരീതിയും കണ്ടു.
ഏറ്റവും വലിയ മാറ്റം മൊബൈല്‍ ഫോണെന്ന സംഭവം നമ്മുടെ ജീവിതത്തിലേക്ക് വന്നുകയറിയതാണ്
അത് മനുഷ്യരില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ല. മുന്‍പ് ഫേസ്ബുക്കിലൊക്കെയുണ്ടായിരുന്നു. സോഷ്യല്‍മീഡിയ വഴി സ്വയം മാര്‍ക്കറ്റ് ചെയ്യാറില്ല. അതെന്റെയൊരു പോരായ്മയാണെന്നു വേണമെങ്കില്‍ പറയാം.
സര്‍വ്വകലാശാലയില്‍ അഭിനയിക്കാന്‍ വന്ന ആ പയ്യനെ ഇന്നുമോര്ക്കാറുണ്ടോ?
അതോര്‍ത്താല്‍ ചിരി വരും. ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രമാണ്. അന്നത്തെ ആ രൂപം സഹിക്കാന്‍ പറ്റില്ല. എല്ലും തോലുമായിട്ട്, ളോഹ പോലുള്ള ഒരു വേഷവുമൊക്കെയിട്ട്. അന്നൊക്കെ ഒരേ ടൈപ്പുള്ള വേഷങ്ങള്‍ ചെയ്തു. വീട്ടുകാരൊക്കെ എതിര്‍ത്തു. പിന്നീട് എതിര്‍പ്പുകളൊക്കെ മാറി. ചെപ്പ് എന്ന സിനിമയിലാണ് ആദ്യം വേഷം ലഭിച്ചത്. അന്ന് വീട്ടില്‍ നിന്ന് പോകാന്‍ അനുവദിച്ചില്ല. രണ്ടാമത് വന്ന ചിത്രമായിരുന്നു സര്‍വ്വകലാശാല.
മിക്ക പ്രിയദര്ശന് സിനിമയിലുമുണ്ടല്ലോ?
സിനിമയില്‍ വരുംമുന്പുതന്നെയുള്ള ബന്ധമാണത്. ഞങ്ങളൊക്കെ തിരുവനന്തപുരംകാരല്ലേ. എം. ജി രാധാകൃഷ്ണന്റെ വീടിനടുത്താണ് ഞാന്‍ താമസിക്കുന്നത്. അവരൊക്കെ എന്റെ വീട്ടില്‍ ഇടയ്ക്കൊക്കെ വരാറുണ്ട്. പ്രിയന് ചേട്ടന്റെയൊപ്പമാണ് ഞാന്‍ ഏറ്റവും കൂടുതല്‍ സിനിമ ചെയ്തത്. സ്വന്തം ചേട്ടനെപ്പോലെ കാണുന്നൊരു വ്യക്തിയാണ്. സിനിമയേക്കാള്‍, പുറത്താണ് സൗഹൃദങ്ങള്‍ കൂടുതല്‍. കുട്ടിക്കാലം മുതലേ ഒരുമിച്ച് കളിച്ചുവളര്ന്നവരുമായുള്ള സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നുണ്ട്.
വാഹനപ്രേമിയാണല്ലോ?
വാഹനങ്ങളോട് വലിയ കമ്പമാണ്. പക്ഷേ എനിക്ക് ഉള്ളത് മാരുതിയാണ്. തല്ക്കാലം നമ്മളെക്കൊണ്ട് അതേ പറ്റൂ.
എന്റെ കൈവശമുണ്ടായിരുന്ന ലാന്ഡ്മാസ്റ്ററാണ് ലൂസിഫറില്‍ ലാലേട്ടന് ഉപയോഗിച്ചത്. ആ ചിത്രത്തില്‍ വാഹനത്തിനും വലിയ പ്രാധാന്യമുണ്ടല്ലോ. എന്നെക്കാള്‍ കൂടുതല്‍ എന്റെ കാറാണ് ലൂസിഫറില്‍ അഭിനയിച്ചിരിക്കുന്നതെന്നുവേണമെങ്കില് പറയാം. 56 ല്‍ ഇറങ്ങിയ വണ്ടിയാണത്. പിന്നീട് ആ കാറ് ഞാന്‍ പൃഥ്വിരാജിന് വിറ്റു.
പുതിയ ചിത്രങ്ങള്‍?
ഇനി ഇറങ്ങാനുള്ളത് പ്രിയന് ചേട്ടന്റെ മരയ്ക്കാര്‍, അനൂപ് മേനോന്റെ കിങ് ഫിഷര്‍, ജയസൂര്യയുടെ അന്വേഷണം, സിജു വില്‍സന്റെ ചിത്രം... അങ്ങനെ നാലഞ്ച് ചിത്രങ്ങള്‍.
കുടുംബം?
ഷൂട്ടിംഗിനിടയ്ക്ക് രണ്ടോ മൂന്നോ ദിവസമൊക്കെ വീട്ടിലേക്ക് പോകാറുണ്ട്. വീട്ടുകാരോടൊപ്പം ചെലവഴിക്കുന്നതല്ലേ നമുക്കും സന്തോഷം.
ഭാര്യ കവിത. മകള്‍ നന്ദിത, മകന് കൃഷാന്‍ നന്ദു. മക്കള്‍ തമ്മില്‍ 14 വയസിന്റെ വൃത്യാസമുണ്ട്. അവരോടൊപ്പമിരിക്കാന് ലഭിക്കുന്ന സമയമാണ് ഏറ്റവും വിലപ്പെട്ടതെന്ന് കരുതുന്നു.
ഷെറിങ്ങ് പവിത്രന്