
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി ബില്‍ ലോക്സഭയില്‍ പാസ്സാക്കിയതിന് പിന്നാലെ രാജ്യസഭയിലും പിന്തുണ തേടാനൊരുങ്ങുന്ന ബിജെപിയുടെ പ്രതീക്ഷ ബില്ലിനെ അനുകൂലിക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളില്‍. പാകിസ്താന്, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍, പാഴ്സി, ബുദ്ധ, ജൈന, ഹിന്ദു മതങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനുള്ള ബില്‍ പാസ്സാക്കാന്‍ ബിജെപിയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ല എന്നതാണ് പ്രശ്നമാകുന്നത്. എന്നാല്‍ സുഹൃത്തുക്കളും എതിരാളികളും തുണച്ചാല്‍ രണ്ടു വോട്ട് അധികവും കിട്ടുമെന്ന് പ്രതീക്ഷ.
എന്നിരുന്നാലും തമിഴ്നാട്ടില്‍ നിന്നുള്ള എഐഎഡിഎംകെ, വൈഎസ്ആര്‍ കോണ്‍ഗ്രസ്, തെലുഗുദേശം പാര്‍ട്ടി, ബിജു ജനതാദള്‍ എന്നിവരെല്ലാം എന്‍ഡിഎയുടെ ഭാഗമല്ലെങ്കിലും പിന്തുണ നല്‍കുമെന്നാണ് ബിജെപി പ്രതീക്ഷ വെയ്ക്കുന്നത്. ശിവസേനയില്‍ നിന്നും മൂന്ന് പേരുടെ പിന്തുണ കൂടി കിട്ടിയാല്‍ ബില്‍ രാജ്യസഭയിലും പാസ്സാക്കാന്‍ കഴിയുമെന്ന് ഇവര്‍ കരുതുന്നു. മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രുപീകരണവുമായി ബന്ധപ്പെട്ട് ഉടക്കി മറുപക്ഷത്താണെങ്കിലും ലോക്സഭയില്‍ ശിവസേന ബിജെപിയെ പിന്തുണച്ചിരുന്നു.
മുമ്പ് ജമ്മു കശ്മീര്‍ വിഷയത്തില്‍ 370 ാം വകുപ്പ് ഭേദഗതി, മുത്തലാക്കിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ തുടങ്ങിയ ബില്ലില്‍ തങ്ങളെ പിന്തുണച്ച എന്‍ഡിഎയില്‍ പെടാത്തവര്‍ പൗരത്വഭേദഗതി ബില്ലിലും തുണയ്ക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. 245 അംഗ രാജ്യസഭയില്‍ ബിജെപിയ്ക്ക് 83 സീറ്റുകള്‍ മാത്രമാണ് ഉള്ളത്. എഐഎഡിഎംകെയില്‍ നിന്നും 11, ബിജെഡിയില്‍ നിന്നും ഏഴ്, ശിവസേനയില്‍ നിന്നും മൂന്ന്, വൈഎസ്ആര്സിപിയില് നിന്നും രണ്ട്, ടിഡിപിയില്‍ നിന്നും രണ്ട്, മൂന്ന് സ്വതന്ത്രന്മാരുടെയും പിന്തുണ എന്നിങ്ങനെയാണ് ബിജെപി എണ്ണുന്നത്. ഇതിന് പുറമേ എന്‍ഡിഎ കക്ഷികളില്‍ പെടുന്ന ജനതാദളിന്റെ ആറ് അംഗങ്ങള്‍, അകാലിദളില്‍ നിന്നും മൂന്ന്, റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ, ലോക് ജനശക്തി പാര്‍ട്ടി എന്നിവരില്‍ നിന്നും ഓരോന്ന്, പിന്നെ ചെറിയ പാര്‍ട്ടികളില്‍ നിന്നും 12 വോട്ടുകള്‍ കൂടി കിട്ടിയാല്‍ ബില്ല് അനായാസം പാസ്സാക്കാമെന്നാണ് ബിജെപി യുടെ പ്രതീക്ഷ.
പ്രതിപക്ഷത്ത് കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, രാഷ്ട്രീയ ജനതാദള്‍, സമാജ്വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, ഇടതു പാര്‍ട്ടികള്‍, തെലുങ്കാനാ രാഷ്ട്രീയ സമിതി, ആം ആദ്മി പാര്‍ട്ടി, ജനതാ ദള്‍ (എസ്) എന്നിവരാണ് ബില്ലിനെ ശക്തമായി എതിര്‍ക്കുന്നത്. ലോക്സഭയില്‍ പാസ്സാക്കപ്പെട്ടെങ്കിലൂം രാജ്യസഭയില്‍ പിടിക്കാമെന്ന ഉന്നമാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നത്.






