
പാറ്റ്ന: ബീഹാറില്‍ ബലാത്സംഗം പ്രതിരോധിക്കുന്നതിനിടയില്‍ അക്രമി തീ കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. 90 ശതമാനം പൊള്ളലുമായി പാറ്റ്നയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയ്ക്ക് തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാജാറായി എന്നയാളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീഹാറിലെ നിതീഷ് ഭരണകൂടത്തിനെതിരേ ശക്തമായ പ്രതിഷേധമാണ് കുടുംബാംഗങ്ങള്‍ നടത്തുന്നത്. നീതി ഉറപ്പാക്കാതെ സംസ്ക്കരിക്കില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ഡിസംബര്‍ ഏഴിനായിരുന്നു പെണ്‍കുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയ മുസാഫര്‍ പൂരിലെ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതോടെ പാറ്റ്നയിലേക്ക് മാറ്റി. യുവതി നാസിര്പൂരിലെ വീട്ടില്‍ തനിച്ചുള്ള സമയത്ത് പ്രതി രാജാ റായി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും പരാജയപ്പെട്ടതോടെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയും ആയിരുന്നു. പ്രദേശത്തെ ജന്മിയുടെ മകനാണ് രാജാറായി.
പെണ്‍കുട്ടിയുടെ മൃതദേഹം മറവ് ചെയ്യണമെങ്കില്‍ മുഖ്യമന്ത്രി ഇവിടെയെത്തണം എന്നും നീതി ഉറപ്പാക്കണമെന്നും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും പെണ്‍കുട്ടിയുടെ സഹോദരി ഭര്‍ത്താവും ആവശ്യപ്പെട്ടു. സീതാമര്‍ഹിയിലെ ബെയ്രിയയിലെ മിഡ്വൈഫായി ജോലി ചെയ്യുന്ന സഹോദരിയും മക്കളുമാണ് കേസിലെ പ്രധാന സാക്ഷികള്‍. ഇവര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ഭാര്യയെ മുസാഫര്‍പൂരിലേക്ക് സുരക്ഷാര്‍ത്ഥം മാറ്റം നല്‍കണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പെണ്‍കുട്ടിയുടെ കുടുംബം തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം സന്ദര്‍ശിച്ചിരുന്നു. യുവതിയെ ന്യൂഡല്‍ഹിയിലെ കൂടുതല്‍ വിദഗ്ദ്ധ ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റണമെന്നായിരുന്നു ഉന്നയിച്ച ഒരു ആവശ്യം. യുവതിയുടെ ചികിത്സയുടെ മുഴുവന്‍ ചെലവുകളും തങ്ങള്‍ വഹിക്കാമെന്ന മുസാഫര്‍നഗര്‍ ജില്ലാ ഭരണകൂടം കുടുംബത്തെ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് മരണം യുവതിയെ കീഴടക്കിയത്. റായിയുടെ ശല്യം കാരണം കുറേ നാളായി പെണ്‍കുട്ടി പഠനം നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു.






