
സിനിമയെ ആഗ്രഹിക്കാതെ, സ്വപ്നം കാണാതെ യാദൃശ്ചികമായി സിനിമയിലെത്തിയതാണ് മുംബൈ മലയാളി വീണ നായര്‍. എന്നാല്‍ ടിക് ടോക്കിലെ താരവും നര്‍ത്തകിയുമായ വീണയ്ക്ക് അഭിനയം കുട്ടിക്കളിയല്ല.
ആകാശഗംഗ 2 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ പുതുമുഖ താരം വീണ നായരുടെ സിനിമ വിശേഷങ്ങള്‍.
ടിക് ടോക് താരം
ഞാന്‍ ടിക് ടോക് വീഡിയോകള്‍ ചെയ്യുമായിരുന്നു. ചെയ്ത വീഡിയോ എന്റെ അധ്യാപകന് പറഞ്ഞിട്ടാണ് വിനയന് സാറിന് അയച്ചുകൊടുത്തത്.
അത് കണ്ട് ഇഷ്ടപ്പെട്ടാണ് വിനയന് സാര്‍ എന്നെ ആകാശഗംഗ 2ലേക്ക് വിളിക്കുന്നത്. ഞാനും അച്ഛനും സാറിനെ പോയി കണ്ടു. എന്നോട് ഒന്ന് രണ്ട് സീനുകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടു.
ആദ്യ സിനിമ
ഷൂട്ടിനെത്തിയപ്പോള്‍ ഞാന്‍ നെര്‍വസായിരുന്നു. കൂടെ അഭിനയിക്കുന്നവരെ പോലും പരിചയമില്ല, പക്ഷേ അണിയറപ്രവര്ത്തകരടക്കമുള്ള എല്ലാവരും വളരെ സപ്പോര്‍ട്ടായിരുന്നു. അതോടെ ഞാന്‍ ഹാപ്പിയായി.
ഹാപ്പി മൊമന്റ്സ്
ആകാശഗംഗ ഒന്നാം ഭാഗം ഷൂട്ട് ചെയ്ത സ്ഥലത്ത് തന്നെയായിരുന്നു രണ്ടാം ഭാഗത്തിന്റേയും ഷൂട്ട്, ഒളപ്പമണ്ണ മനയില്‍. ആദ്യ ഭാഗത്ത് അഭനിയിച്ച മയൂരി ചേച്ചി നമ്മോടൊപ്പം ഇല്ലെന്നത് വിഷമമായിരുന്നു.
മനയില്‍ ഓരോ ഭാഗത്തും എത്തുമ്പോള്‍ മയൂരി ചേച്ചി അഭിനയിച്ച സീനുകള്‍ ഒക്കെ മനസിലേക്ക് വന്നു.
ഷൂട്ടിനിടയിലുള്ള സ്മോക്കി എഫക്ടൊക്കെയുള്ള പശ്ചാത്തലം കാണുമ്പോള്‍ ആ ക്യാരക്ടറായി മാറിയതുപോലെ തോന്നി. അതോടെ പ്രേതമായാണ് അഭിനയിക്കുന്നതെന്ന ടെന്‍ഷന്‍ മാറി.
പാഷനല്ല അഭിനയം
എനിക്ക് സിനിമ ചെയ്യണമെന്ന് അത്ര ആഗ്രഹമൊന്നുമുണ്ടായിരുന്നില്ല. ഇങ്ങനെയൊരു വേഷം കിട്ടിയപ്പോള്‍ ചെയ്തു. ഞാനിപ്പോള്‍ ബി.എം.എസ് ചെയ്യുകയാണ്.
എച്ച്.ആര്, എംബിഎ ചെയ്ത് ജോലി ചെയ്യാനാണ് ആഗ്രഹം. ഇനി നല്ല സിനിമകള്‍ കിട്ടിയാല്‍ അഭിനയിക്കും. പഠനത്തെ ബാധിക്കാത്ത രീതിയില്‍ മാത്രമേ സിനിമ ചെയ്യാനാകൂ.
മുംബൈ ലൈഫ്
ഞാന്‍ മുംബൈയില്‍ സെറ്റില്‍ഡാണ്. കേരളത്തില്‍ നിന്ന് വ്യത്യസ്തമായ അന്തരീക്ഷമാണ് മുംബൈയില്‍. ഇവിടെ ലിബറലായ ആളുകളാണുള്ളത്.
നാട്ടില്‍ ഡബ്ബിങ് കഴിഞ്ഞ് രാത്രി മരുന്ന് വാങ്ങാന്‍ പുറത്തുപോയപ്പോള്‍ എല്ലാവരും അത്ഭുതത്തോടെ നോക്കുന്നത് കണ്ടു. മുംബൈയില്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ല.
മലയാള സിനിമ
മലയാള സിനിമകളൊക്കെ കാണാറുണ്ട്. ടോവിനോയും ദുല്‍ഖറുമാണ് ഇഷ്ടമുള്ള നടന്മാര്. നടിമാരില്‍ ശോഭന ചേച്ചിയാണെന്റെ ഫേവറേറ്റ്.
കുടുംബം
അമ്മ ശ്രീലത പ്രേംകുമാര്‍, അച്ഛന് പ്രേംകുമാര്‍ നായര്‍, അനിയത്തിമാരായ പൂജ, നന്ദന, സഹോദരന് ഋഷികേശ് എന്നിവരടങ്ങുന്നതാണ് എന്റെ കുടുംബം. അച്ഛന്റെ നാട് വടകരയിലാണ്. അമ്മ തൃശ്ശൂരുകാരിയും.
പ്രേതവും മൂങ്ങയും
ഞാന്‍ പ്രേതം ഉണ്ടെന്ന് വിശ്വസിക്കുന്നയാളാണ്. ഹോറര്‍ സിനിമകളും കാണാറുണ്ട്. ആകാശഗംഗ ഒന്നാം ഭാഗമൊക്കെ കണ്ട് പേടിച്ചിട്ടുണ്ട്. ത്രില്ലിങ് സിനിമയായിരുന്നു. അതിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞപ്പോള്‍ ഏറെ ത്രില്ലടിച്ചു.
ഷൂട്ടിനിടയില്‍ സ്ക്രിപ്റ്റ് വായിച്ചുകൊണ്ട് ഒരു ഓപ്പണ്‍ ഗാലറിയില്‍ ഇരുന്നപ്പോള്‍ എന്റെ അടുത്തായി ഒരു മൂങ്ങ വന്നിരുന്നു. ഞാനാദ്യമായിട്ടാണ് അത്രയും അടുത്തായി മൂങ്ങയെ കാണുന്നത്.
ആദ്യമൊന്ന് പേടിച്ചു. പിന്നെ അതിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. പറന്നുപോകുന്നതിനുമുമ്പായി തല ചെരിച്ചൊരു നോട്ടം നോക്കി, ഒന്നു പേടിച്ചു. പിന്നെ അതങ്ങ് പറന്നുപോയി.
അനഘ