
കൗമാരപ്രായത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന പെണ്‍കുട്ടിക്ക് ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകളില്‍ പ്രധാനമാണ് ആര്‍ത്തവ പ്രശ്നങ്ങള്‍. ശാരീരികവളര്‍ച്ചയുടെ ഭാഗമായി ചിലരില്‍ നേരത്തെയും താമസിച്ചും ആര്‍ത്തവം ആരംഭിക്കുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മയാണ് പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.
തുടക്കകാലം മുതലെ ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഗൈനക്കോളജിസ്റ്റിന്റെ സഹായത്തോടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളില്‍ ശാരീരിക മാറ്റം കണ്ടുതുടങ്ങിയാല്‍ ആര്‍ത്തവത്തെക്കുറിച്ചുള്ള വ്യക്തമായ അവബോധം മാതാപിതാക്കള്‍ നല്‍കണം.
ആര്‍ത്തവം ആരംഭഘട്ടത്തില്‍
ജീവിതരീതിയില്‍ ഉണ്ടായ മാറ്റങ്ങളുടെ ഫലമായി കുട്ടികള്‍ ചെറിയ പ്രായത്തില്‍ തന്നെ ഋതുമതികളാകുന്നു. എന്നിരുന്നാലും 8 വയസിന് മുമ്പുതന്നെ സ്തന വളര്‍ച്ചയും രോമ വളര്‍ച്ചയും ഉണ്ടാവുകയോ 10 വയസിന് മുന്‍പ് ഋതുമതികളാവുകയോ ചെയ്താല്‍ ഗൈനക്കോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.
13 വയസായിട്ടും സ്തന വളര്‍ച്ചയോ രോമവളര്‍ച്ചയോ തുടങ്ങിയിട്ടില്ലെങ്കിലും 15 വയസായിട്ടും ആര്‍ത്തവം ഉണ്ടായിട്ടില്ലെങ്കിലും ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്. ഹോര്‍മോണ്‍ കുറവ് മൂലം ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടായേക്കാം.
തലച്ചോറിലെ പിറ്റിയൂട്ടറി ഗ്രന്ഥി, അണ്ഡാശയം എന്നിവയുടെ ഹോര്‍മോണ്‍ പ്രവര്‍ത്തനം, ഗര്‍ഭപാത്രത്തിന്റെയും യോനിയുടെയും ഘടന എന്നിവ ശരിയാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്. അതിന്റെ ഫലമായി രക്തപരിശോധന, സ്കാന്‍ എന്നിവ ആവശ്യമായി വന്നേക്കാം.
ആര്‍ത്തവസമയത്തെ വയറുവേദന
ആര്‍ത്തവസമയത്ത് ചെറിയതോതിലുള്ള വയറുവേദനയും നടുവേദനയും ആദ്യദിവസങ്ങളില്‍ സാധാരണയാണ്. ആര്‍ത്തവം അടുക്കാറാകുമ്പോള്‍ ചിലരുടെ സ്തനങ്ങളില്‍ ചെറിയ വേദന അനുഭവപ്പെടാറുണ്ട്. ഇവ പേടിക്കേണ്ടതില്ല.
എന്നാല്‍ ക്ലാസില്‍ പോകാന്‍ സാധിക്കാത്ത വിധത്തിലുള്ള ശക്തമായ വയറുവേദനയെ നിസാരമായി കാണരുത്. തീര്‍ച്ചയായും ഡോക്ടറുടെ സേവനം ലഭ്യമാക്കേണ്ടതാണ്. തലകറക്കമോ ബ്ലീഡിങ് തുടങ്ങുന്നതിന് കുറച്ചു ദിവസം മുന്‍പ് വേദന ആരംഭിക്കുകയോ ചെയ്താല്‍ ഡോക്ടറെ കണ്ട് എന്‍ഡോമെട്രിയോസിസ് പോലുള്ള രോഗങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
അണ്ഡാശയമുഴ
കൗമാരപ്രായത്തില്‍ ഉണ്ടാവുന്ന അണ്ഡാശയമുഴകള്‍ മിക്കപ്പോഴും വലിയ പ്രശ്നങ്ങള്‍ ഉണ്ടാക്കാറില്ല. രണ്ടു മൂന്നു ആര്‍ത്തവം കഴിയുമ്പോള്‍ മിക്കതും തന്നെ ചുരുങ്ങി പോകാറുണ്ട്. ഈ അവസരത്തില്‍ സര്‍ജറി വേണ്ടി വരാറില്ല. എന്നാല്‍ ചിലപ്പോള്‍ ഈ മുഴ ഉള്ളില്‍ കിടന്ന് തിരിഞ്ഞ് അണ്ഡാശയത്തിലേക്കുള്ള രക്തയോട്ടം നിലയ്ക്കുമ്പോള്‍ ശക്തമായ വയറു വേദന അനുഭവപ്പെടാറുണ്ട്.
അങ്ങനെയെങ്കില്‍ എത്രയും വേഗം സര്‍ജറി ചെയ്ത് മുഴ നീക്കേണ്ടതാണ്. കൗമാരപ്രായത്തിലെ അണ്ഡാശയ മുഴകള്‍ ചിലപ്പോള്‍ കാന്‍സര്‍ ആകാം, പ്രത്യേകിച്ച് രണ്ടുവശത്തും മുഴ ഉണ്ടെങ്കില്‍. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ശരിയായ രക്തപരിശോധനകളും സ്കാനുകളും ചെയ്ത് ആവശ്യമെങ്കില്‍ മുഴ നീക്കം ചെയ്യേണ്ടതാണ്.
ആര്‍ത്തവത്തിലെ ക്രമക്കേടുകള്‍
സാധാരണയായി രണ്ട് മുതല്‍ ഏഴ് ദിവസം വരെ ബ്ലീഡിങ് ഉണ്ടാകാം. അതുപോലെ 24 മുതല്‍ 35 ദിവസം വരെ ഇടവിട്ട് ആര്‍ത്തവം വരാവുന്നതാണ്. ഇതില്‍ എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ ഡോക്ടറെ കാണിച്ച് പരിശോധിക്കേണ്ടതാണ്.
ചില കുട്ടികള്‍ക്ക് ആര്‍ത്തവചക്രം ക്രമമാകാന്‍ (പിറ്റിയൂട്ടറി ഗ്രന്ഥിയുടെയും അണ്ഡാശയത്തിന്റെയും ഹോര്‍മോണ്‍ പ്രവര്‍ത്തനം) നാലു മുതല്‍ അഞ്ചു വര്‍ഷം വരെ സമയം എടുത്തേക്കാം. ആര്‍ത്തവ സമയത്തെ അമിതരക്തസ്രാവം അപകടകാരിയാണ്. അമിതരക്തസ്രാവം ഉണ്ടെങ്കില്‍ ഗൈനക്കോളജിസ്റ്റിനെ കാണുക.
തൈറോയ്ഡ് ഹോര്‍മോണുകളുടെ അളവ് രക്തത്തില്‍ കൂടുതലോ, കുറവോ എന്നതിനെ ആശ്രയിച്ച് ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാകാം. സാധാരണ തണുപ്പോ ചൂടോ സഹിക്കാന്‍ ബുദ്ധിമുട്ട് തോന്നുക, കൈ വിരലുകളുടെ വിറയല്‍, മുടികൊഴിച്ചില്‍, തൊണ്ടമുഴ തുടങ്ങിയവ ഈ സമയങ്ങളില്‍ സൂക്ഷിക്കേണ്ടതാണ്.
പ്രൊലാക്ടിന്‍ ഹോര്‍മോണ്‍ രക്തത്തില്‍ കൂടുതലാണെങ്കില്‍ ഇങ്ങനെ സംഭവിക്കാം. സ്തനങ്ങളില്‍ നിന്ന് പാല് പോലെ വെളുത്ത സ്രവം വരുന്നുയെങ്കില്‍ രക്തപരിശോധന നടത്തുക. പിറ്റിയൂറ്ററി ഗ്രന്ഥിയില്‍ മുഴ ഉള്ളതായി സംശയം ഉന്നയിച്ചാല്‍ ഇവ കണ്ടെത്താന്‍ എം.ആര്.ഐ സ്കാന്‍ ആവശ്യമായി വരും.
അമിത രക്തസ്രാവവും രക്തക്കുറവും
ആവശ്യമായ മുന്‍കരുതലുകള്‍ (ഗര്‍ഭനിരോധന ഉറ, ഗുളിക) എടുക്കാതെയുള്ള ലൈംഗിക ബന്ധം സിഫിലിസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, എച്ച്.ഐ.വി അണുബാധ എച്ച്. പി.വി അണുബാധ എന്നിവയ്ക്ക് കാരണമാകുമെന്നും കൗമാര ഗര്‍ഭധാരണം എപ്രകാരം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പറഞ്ഞു മനസിലാക്കുക.
പോളിസിസ്റ്റിക് ഓവറി
ഹോര്‍മോണ്‍ തകരാറുകള്‍ മൂലം അണ്ഡവിസര്‍ജനം കൃത്യമായി നടന്നെന്നു വരില്ല. പ്രൊജസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അഭാവത്തില്‍ ഗര്‍ഭപാത്രത്തിനുള്ളില്‍ കട്ടി വെക്കുകയും ക്രമം തെറ്റി വരുന്ന ആര്‍ത്തവത്തില്‍ അമിത രക്തസ്രാവം ഉണ്ടാകുകയും ചെയ്യുന്നു.
പുരുഷ ഹോര്‍മോണ്‍ കൂടുതലായി ഉണ്ടാകുന്നതിനാല്‍ അമിത രോമവളര്‍ച്ച, മുഖക്കുരു, മുടികൊഴിച്ചില്‍ എന്നിവയും ഉണ്ടാകാം. അമിതവണ്ണമുള്ള കുട്ടികളാണെങ്കില്‍ പ്രമേഹം വരാന്‍ സാധ്യതയുണ്ട്. ഈ ഘട്ടത്തില്‍ രക്ത പരിശോധനകളും സ്കാനിംഗും ആവശ്യമായി വന്നേക്കാം.
പരിഹാരം മാര്‍ഗങ്ങള്‍
1. കൊഴുപ്പ് കൂടിയ ഭക്ഷണം, വറുത്തതും പൊരിച്ചതുമായ ബേക്കറി സാധനങ്ങള്‍ എന്നിവ ഒഴിവാക്കുക.
2. ദിവസവുമുള്ള വ്യായാമം, നടത്തം, നീന്തല്‍, യോഗ, ജിം, എക്സര്‍സൈസ് എന്നിവ പതിവാക്കാം.
3. ഗൈനക്കോളജിസ്റ്റിനെ കണ്ട് ആവശ്യമെങ്കില്‍ മരുന്ന് കഴിക്കുക.
രോമവളര്‍ച്ച, മുഖക്കുരു, മുടികൊഴിച്ചില്‍ എന്നിവയ്ക്ക് ഒരു കോസ്മെറ്റിക് ഡെര്‍മറ്റോളജിസ്റ്റിനെ കാണുക.
ഡോ. രേഷ്മ രാജ്
ഗൈനക്കോളജിസ്റ്റ് ആന്‍ഡ് ഇന്‍ഫെര്‍ട്ടിലിറ്റി സ്പെഷലിസ്റ്റ്
കിംസ് ഹോസ്പിറ്റല്‍, കോട്ടയം