
ക്രിസ്മസും പള്ളിപ്പെരുന്നാളുമൊക്കെ ആല്‍ഫിയെന്ന അങ്കമാലിക്കാരിക്ക് നാടിന്റെ ആഘോഷത്തിമിര്‍പ്പിനൊപ്പം ചേരാനുള്ള അസുലഭദിനങ്ങളാണ്. സണ്‍ഡേ ഹോളിഡേ, ശിക്കാരിശംഭു, വള്ളിക്കുടിലെ വെള്ളക്കാരന്, മാര്‍ക്കോണി മത്തായി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിച്ച ശേഷം തമിഴിലും ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ് ആല്‍ഫി.
ആഘോഷങ്ങളുടെ ആരവം
ഞങ്ങളുടെ വീട്ടിലെ ഏറ്റവും വലിയ ആഘോഷമാണ് ക്രിസ്മസ്. ഡിസംബര്‍ ഒന്നിന് തന്നെ വീട്ടില്‍ നക്ഷത്രമിട്ടുകൊണ്ടാണ് ഞങ്ങള്‍ ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. ക്രിസ്മസിന്റെ തനിമ ചോരാതെ ആഘോഷിക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ കുറച്ചു വര്‍ഷങ്ങള്‍ മുമ്പുവരെ അപ്പച്ചനാണ് വീട്ടില്‍ പുല്ക്കൂടൊരുക്കിയിരുന്നത്.
ഞാനും ചേച്ചിയുമൊക്കെ സഹായികളായി ഒപ്പം നില്ക്കും. ഇപ്പോഴാണ് പുല്‍ക്കൂട് വാങ്ങി അലങ്കരിക്കാന്‍ തുടങ്ങിയത്. ക്രിസ്മസാകുമ്പോഴേക്കും നക്ഷത്രങ്ങളും തോരണങ്ങളുമൊക്കെയായി വീട് നിറയെ അലങ്കാരമായിരിക്കും.
22-ാം തിയതി വൈകുന്നേരമാകുമ്പോഴേക്കും അലങ്കാരങ്ങളും ആഘോഷവുമായി ഞങ്ങളെല്ലാവരും തിരക്കിലാവും. ആന്റിമാരെല്ലാവരും വരുന്നതോടെ ആഘോഷം പൂര്‍ണ്ണമാകും. പാതിരാകുര്‍ബാന കൂടാന്‍ പോകുന്നതും നോയമ്പ് അവസാനിപ്പിച്ച് സ്പെഷ്യല്‍ വിഭവങ്ങള്‍ കഴിക്കാനുള്ള കാത്തിരിപ്പുമൊക്കെ ചേര്‍ന്ന് മനസാകെ ഉല്ലസിക്കുന്ന ദിനങ്ങളാണത്. കുട്ടിക്കാലത്തൊക്കെ പാതിരകുര്‍ബാന കഴിഞ്ഞ് വീട്ടിലെത്തി ഉറങ്ങുന്നത് എപ്പോഴാണെന്ന് പോലും ഓര്‍മ്മയുണ്ടാകില്ല.
ചെന്നൈയില്‍ ജോലി ചെയ്യുന്ന കാലത്തും ഡിസംബറാകുമ്പോള്‍ എന്റെ മനസിങ്ങ് വീട്ടിലായിരിക്കും. നേരത്തെ തന്നെ ഓഫീസില്‍ ലീവ് പറഞ്ഞ് ക്രിസ്മസാകുമ്പേഴേക്കും ഞാന്‍ വീട്ടിലെത്തും. സിനിമ ചെയ്യുമ്പോഴും ഭാഗ്യവശാല്‍ ആ സമയത്ത് ഷൂട്ടൊന്നും ഉണ്ടായിട്ടില്ല. അതുകൊണ്ടൊക്കെ എല്ലാ ക്രിസ്മസിനും വീട്ടില്‍ എല്ലാവര്ക്കുമൊപ്പമുണ്ടാകും.
എന്നെ സംബന്ധിച്ചിടത്തോളം ഡിസംബര്‍ വളരെ സ്പെഷ്യലാണ്. മഞ്ഞും തണുപ്പുമൊക്കെയായി നല്ല കാലാവസ്ഥയായതുകൊണ്ട് എല്ലാവര്ക്കും ഈ മാസം പ്രിയപ്പെട്ടതായിരിക്കും. പക്ഷേ എനിക്കത് വളരെ സ്പെഷ്യലാണ്. ഡിസംബര്‍ നാലിനാണ് എന്റെ ബര്‍ത്ത്ഡേ.
എന്റെ ചേച്ചിയുടെയും ബെസ്റ്റ് ഫ്രണ്ടിന്റെയും ബര്‍ത്ത് ഡേ ഈ മാസമാണ്. അതുകൊണ്ടുതന്നെ എനിക്കിത് ആഘോഷത്തിന്റെ നാളുകളാണ്. ഡിസംബര്‍ ആകാനുള്ള കാത്തിരിപ്പിനുമൊരു സുഖമുണ്ട്.
ചേച്ചിയുടെ മക്കള്‍ വന്ന ശേഷമുള്ള ക്രിസ്മസെല്ലാം വളരെയേറെ പ്രിയപ്പെട്ടതാണ്. വീട്ടിലെ നക്ഷത്രങ്ങളും അലങ്കാരങ്ങളുമൊക്കെ കാണുന്നത് കുട്ടികള്‍ക്കും ആവേശമാണ്. ക്രിസ്മസാകുമ്പോള് ഞാനും കസിന്‍സുമൊക്കെ അടുത്തുള്ള വീടുകളില്‍ പുല്‍ക്കൂട് കാണാന്‍ പോകും.
കുട്ടികള്‍ കൂടി വന്നതോടെ നടന്നുള്ള കാഴ്ച കാണല്‍ കളറാകും. വൈനിന്റെയും കേക്കിന്റെയും സമയം കൂടിയാണിത്. ഏത് വീട്ടില്‍ പോയാലും കേക്കും വൈനും കിട്ടും. തിരിച്ചവര്‍ക്ക് കൊടുക്കുകയും ചെയ്യും.
അങ്കമാലി സ്പെഷ്യല്‍
ഞങ്ങള്‍ അങ്കമാലിക്കാര്‍ക്ക് നാട് എന്നത് ഒരു വികാരംതന്നെയാണ്. സിറ്റിയുടെ സൗകര്യങ്ങളും ഗ്രാമത്തിന്റെ നന്മയുമൊക്കെയുള്ള മനോഹരമായ നാടാണ് അങ്കമാലി. ആഘോഷങ്ങള്‍ ഏറ്റവും നന്നായി ആഘോഷിക്കുന്ന നാടുകൂടിയാണിത്.
വട്ടയപ്പവും പോര്‍ക്കും മാങ്ങാക്കറിയും ബീഫുമൊക്കെയായി രുചിയുടെ മേളം തന്നെയായിരിക്കും ക്രിസ്മസിന് അടുക്കളയില്‍. ഞങ്ങള്‍ അങ്കമാലിക്കാര്‍ക്ക് ഒഴിവാക്കാന്‍ കഴിയാത്ത വിഭവങ്ങളാണ് മാങ്ങാക്കറിയും പോര്‍ക്കും ബീഫും. ചിക്കന്‍ ചിലപ്പോള്‍ വേണ്ടാന്ന് വച്ചേക്കും, പക്ഷേ ബീഫ് മസ്റ്റാണ്.
ക്രിസ്മസ് പള്ളിയിലും വലിയ ആഘോഷമാണ്. പള്ളിപ്പെരുന്നാളും ക്രിസ്മസും ഞങ്ങള്‍ അങ്കമാലിക്കാര് അടിപൊളിയാക്കും. ആ നാടു മൊത്തത്തില്‍ മത്സരിച്ച് ആഘോഷിക്കുകയാണെന്ന് പോലും തോന്നിപ്പോകും.
സിനിമ സ്വപ്നം
ഒരു മാഗസിനിലെ കവര്‍ ക്വീന്‍ മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഫൈനലില്‍ എത്തിയവരില്‍ ഞാനുമുണ്ടായിരുന്നു. അന്നൊക്കെ സിനിമയില്‍ അഭിനയിക്കാന്‍ ഒരു അവസരം കിട്ടുന്നത് എങ്ങനെയാണന്നൊന്നും അറിയില്ലായിരുന്നു. ഇപ്പോഴാണങ്കില്‍ എപ്പോഴും കാസ്റ്റിംഗ് കോളും ഓഡീഷന് കോളുമൊക്കെയുണ്ട്. മുമ്പ് അതൊന്നുമുണ്ടായിരുന്നില്ല.
കുറച്ചു നാളുകള്‍ക്കുശേഷം അനീഷ് ഉപാസനയെ പരിചയപ്പെട്ട്, ഒരു ഫോര്‍ട്ട്ഫോളിയോ ചെയ്തു. സെക്കന്‍ഡ്സ് എന്ന സിനിമയില്‍ ചെറിയ റോളും ചെയ്തു. പിന്നെയും കുറേ നാളുകള്‍ക്ക് ശേഷമാണ് സണ്‍ഡേ ഹോളിഡേയില്‍ അഭിനയിക്കുന്നത്. ചെന്നൈയിലായിരുന്നതുകൊണ്ട് ഇവിടുത്തെ സിനിമയിലുള്ളവരുമായി അടുത്ത പരിചയമൊന്നുമുണ്ടായിരുന്നില്ല.
പിന്നീട് സുഗീതേട്ടനെ പരിചയപ്പെട്ടു. ആദ്യമൊരു ചിത്രത്തിലേക്ക് വിളിച്ചെങ്കിലും ആ ചിത്രത്തില്‍ അഭിനയിക്കാനായില്ല. സുഗീതേട്ടന്റെ അടുത്ത സിനിമയായപ്പോഴും എന്നെ വിളിച്ചു. അങ്ങനെയാണ് ശിക്കാരി ശംഭുവില്‍ അഭിനയിക്കുന്നത്.
സുഹൃത്തുക്കള്‍ക്കൊപ്പവും ഒറ്റയ്ക്കുമൊക്കെ പോയി സിനിമ കാണുന്ന ആളാണ് ഞാന്‍. അത്രയും ഇഷ്ടമാണ്. സിനിമയുടെ ഭാഗമാകാന്‍ ആഗ്രഹമുണ്ടായിരുന്നു. ദൈവഭാഗ്യമെന്നു തന്നെ പറയണം ശിക്കാരി ശംഭു എന്നൊരു സിനിമ കിട്ടിയത്. ഒരു കാര്യം ആഗ്രഹിച്ചിട്ടുണ്ടെങ്കില്‍ അതെന്നായാലും കിട്ടുമെന്ന് പറയുന്നത് സത്യമാണെന്ന് എനിക്ക് മനസിലായി.
കഥാപാത്രമാണ് പ്രധാനം
നായികയായി മാത്രമേ അഭിനയിക്കൂ എന്നൊരു നിര്‍ബന്ധവുമില്ല. ശിക്കാരിശംഭുവിലും വള്ളിക്കുടിലിലെ വെള്ളക്കാരനിലും നായികമാരില്‍ ഒരാളായി. ഇളയരാജയിലും മാര്‍ക്കോണി മത്തായിയിലും ക്യാരക്ടര്‍ റോളാണ് ചെയ്തത്. സിനിമയില്‍ പ്രാധാന്യമുള്ള വേഷമായിരിക്കണമെന്നേയുള്ളൂ. പെര്‍ഫോം ചെയ്യാന്‍ കഴിയുന്ന കഥാപാത്രമായിരിക്കണം. സിനിമയില്‍ സ്പേസ് ഉള്ള കഥാപാത്രമായിരിക്കണം. ആദ്യമായി അഭിനയിക്കുന്ന തമിഴ് ചിത്രത്തിലും അത്തരമൊരു വേഷമാണെനിക്ക്.
പരസ്യ ചിത്രങ്ങളില്‍ തുടക്കം
അഞ്ച് വര്‍ഷം ചെന്നൈയില്‍ ജോലി ചെയ്തശേഷം ഇപ്പോള്‍ ചെറിയ ബ്രേക്കെടുത്തിരിക്കുകയാണ്.
ചെന്നൈയില്‍ സിനിമാബന്ധമുള്ള ധാരാളം സുഹൃത്തുക്കളുണ്ട്. മുമ്പൊക്കെ സിനിമയെക്കുറിച്ച് കൂടുതലൊന്നും അറിയാതെ അഭിനയിക്കാന്‍ വിടാന്‍ വീട്ടുകാര്‍ക്കും പേടിയായിരുന്നു. പക്ഷേ പരസ്യങ്ങ ള്‍ ചെയ്യുന്നുണ്ടായിരുന്നു. ഒട്ടേറെ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യം ചെയ്തിട്ടുണ്ട്.
ഫിറ്റ്നസ്
കാര്യമായ ഫിറ്റ്നസ് നിയന്ത്രണങ്ങളൊന്നു തന്നെയില്ല. ചെന്നൈയിലായിരുന്ന സമയത്ത് ഓഫീസ് ഫംഗ്ഷനുകളും മീറ്റിംഗുകളും സുഹൃത്തുക്കളുടെ പാര്‍ട്ടിയുമൊക്കെയായി മിക്കപ്പോഴും പുറത്തു നിന്നായിരുന്നു ഭക്ഷണം. അപ്പോള്‍ വണ്ണം വച്ചു. ഒന്നു ശ്രദ്ധിക്കണമെന്ന് പലരും പറഞ്ഞതോടെ പേടിച്ചിട്ട് ഫുഡൊക്കെ കണ്ട്രോള് ചെയ്തു. അത്രയേ ഉള്ളൂ.
സിനിമയെന്ന മധുരം
സണ്‍ഡേ ഹോളിഡേയില്‍ അസിഫ് അലിയുടെ അനിയത്തിയായി അഭിനയിച്ചു. അഞ്ച് ദിവസത്തെ ഷൂട്ടേ ഉണ്ടായിരുന്നുള്ളുവെങ്കിലും ചെറിയ ടെന്‍ഷനുണ്ടായിരുന്നു. അഭിനയിക്കുകയാണെന്ന തോന്നല്‍ വന്നത് ശിക്കാരി ശംഭുവിലാണ്, പ്രണയവും ഫൈറ്റും ഒക്കെയുള്ള കഥാപാത്രമായിരുന്നു എനിക്ക്.
കുഞ്ചാക്കോ ബോബന്, മണിയന് പിള്ള രാജു, സ്ഫടികം ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്, ശിവദ എന്നിങ്ങനെ എക്സ്പീരിയന്സുള്ളവര്ക്കൊപ്പമായിരുന്നു അഭിനയിച്ചത്. അവരെല്ലാം പുതുമുഖം എന്ന പരിഗണന നല്‍കിയിരുന്നു.
കുടുംബം
അപ്പച്ചന് തോമസ്, ഫര്‍ണ്ണിച്ചര്‍ ഷോപ്പ് നടത്തുന്നു. അമ്മ മോളി ഹെഡ് നേഴ്സായി റിട്ടയര്‍ ചെയ്തു. ചേച്ചി ദീപ വിവാഹിതയാണ്. അമ്മയാണ് കൂടുതലെന്നെ സപ്പോര്‍ട്ട് ചെയ്യുന്നത്, അപ്പച്ചന് ഞാന്‍ അഭിനയിക്കുന്നത് ഇഷ്ടമൊക്കെയാണെങ്കിലും പുറമേ കാണിക്കില്ല. എനിക്കൊരുപാട് സുഹൃത്തുക്കളുണ്ട്.
അവരെല്ലാം കട്ട സപ്പോര്‍ട്ടുമായി ഒപ്പമുണ്ട്. ഓഡീഷനുകള്‍ക്കും മീറ്റിംഗുകള്ക്കുമൊക്കെ ഒറ്റയ്ക്കു പോകാന്‍ മടിയാകുമ്പോള്‍ ഞാനവരെ വിളിക്കും. അവര്‍ എനിക്കൊപ്പം വന്ന് എന്നെ കംഫര്‍ട്ടബിളാക്കും.
അശ്വതി അശോക്