
കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചെന്ന കാരണത്താല്‍ പൊളിക്കാന്‍ വിധിക്കപ്പെട്ട മരട് ഫ്ളാറ്റ് സമുച്ചയങ്ങളായ എച്ച്ടുഒ ഹോളിഫെയ്ത്തിന് പിന്നാലെ ആല്‍ഫാ സെറീന് ഇരട്ട ടവറുകളും സുരക്ഷിതമായി നിലംപൊത്തി. നിയന്ത്രിത സ്ഫോടനങ്ങളില്‍ രാവിലെ 11.20 ന് ഹോളി ഫെയ്ത്തും 11.40 യോടെ ആല്‍ഫയിലെ ഇരട്ട ടവറുകളും നിലം പതിക്കുകയായിരുന്നു. ആദ്യം ചെറിയ കെട്ടിടവും പിന്നാലെ വലിയ കെട്ടിടവും നിലംപൊത്തി. നിശ്ചയിച്ചതിലും ഏറെ വൈകി 11 .46 നായിരുന്നു സ്ഫോടനം പൂര്‍ത്തിയായത്.
പറഞ്ഞതിലും ഇരുപത് മിനിറ്റ് വൈകിയായിരുന്നു സ്ഫോടനം. 11 മണിയോടെ ഹോളിഫെയ്ത്തില്‍ ആദ്യ സ്ഫോടനം നടക്കുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും മൂന്നാം സൈറണ്‍ നല്കാന് ഏറെ വൈകി. രണ്ടു കെട്ടിടങ്ങളും നിലം പതിച്ചപ്പോള്‍ അതിശക്തമായ പൊടിപടലമാണ് ഉയര്‍ന്നത്. ഒരു രണ്ടു നില കെട്ടിടത്തിന്റെ ഉയരത്തില്‍ ഹോളിഫെയ്ത്തിന്റെ മാത്രം കോണ്‍ക്രീറ്റ് വെയ്സ്റ്റുകള് ഉള്ളതായിട്ടാണ് കണക്കാക്കുന്നത്. അവശിഷ്ടങ്ങള്‍ കായലില്‍ പതിക്കാതെ തന്നെ സ്ഫോടനം നടന്നു. രാജ്യത്ത് തന്നെ ഇതാദ്യമാണ് ഇത്തരമൊരു നടപടി.
രാജ്യത്ത് ഈ രീതിയില്‍ തകര്‍ക്കുന്ന ആദ്യത്തേതും ഏറ്റവും വലുതുമായ കെട്ടിടമായിട്ടാണ് ഹോളിഫെയ്ത്ത് മാറിയത്. എല്ലാ സുരക്ഷിത സാഹചര്യങ്ങളും ഉറപ്പു വരുത്തിയാണ് സ്ഫോടനം നടത്തിയത്. രാജ്യത്തു സ്ഫോടനത്തിലൂടെ തകര്‍ന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണു 19 നിലകളുള്ള എച്ച്.ടു.ഒ. ഹോളിഫെയ്ത്ത്. രണ്ടു കെട്ടിടങ്ങളില്‍ എറ്റവും ശക്തമായ സ്ഫോടനം നടന്നതും ഇവിടെയാണ്. ഒരേസമയം ഒന്നിലധികം കെട്ടിടങ്ങള്‍ ഒരുമിച്ച് പൊളിച്ചതും രാജ്യത്ത് ഇതാദ്യമായിരുന്നു. സ്ഫോടനം വിജയകരമെന്ന് ഹോളിഫെയ്ത്തിന്റെ ജോലികള്‍ ചെയ്ത എഡിഫൈസ് കമ്പനി പ്രതികരിച്ചു.
അഞ്ചു സെക്കന്‍ഡിനുള്ളിലായിരുന്നു ആദ്യ ഫ്ളാറ്റ് പൊടിഞ്ഞത്. ഫഌറ്റിലെ 1471 ദ്വാരങ്ങളില്‍ 212 കിലോഗ്രാം സ്ഫോടകവസ്തുക്കളാണു നിറച്ചായിരുന്നു സ്ഫോടനം. ''വി'' ആകൃതിയിലുള്ള ഫ്ളാറ്റ് രണ്ടു ഭാഗത്തേക്കായി 37 ഡിഗ്രിയും 47 ഡിഗ്രിയും ചരിഞ്ഞാണ് വീണത്. അവശിഷ്ടങ്ങള്‍ കായലിലും കരയിലും പതിച്ചത്. രണ്ടാമത് തകര്‍ത്ത ആല്‍ഫയിലെ ഇരട്ട ടവറുകളില്‍ 343 കിലോ സ്ഫോടകവസ്തുക്കള്‍ 3598 ദ്വാരങ്ങളിലായാണു നിറച്ചിരുന്നത്. 45 ഡിഗ്രി ചരിച്ച്, മധ്യത്തിലുള്ള പുല്‍ത്തകിടിയിലേക്കും അടുത്തുള്ള കായലിലേക്കുമായിരുന്നു ആല്‍ഫ തകര്‍ന്ന് വീണത്.
2019 മേയ് 8 നായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് ഫ്ളാറ്റുകള്‍ പൊളിക്കാന്‍ അന്തിമമായി ഉത്തരവിട്ടത്. സി.ആര്.സെഡ്. മൂന്നിലാണു ഫഌറ്റുകളെന്ന റിപ്പോര്‍ട്ട് പരിശോധിച്ചായിരുന്നു വിധി. ഫ്ളാറ്റ് കേസില്‍ സംസ്ഥാനസര്‍ക്കാരിന്റെ ഭാഗത്തുനിന്നും കുറ്റകരമായ അനാസ്ഥ ഉണ്ടായെന്നും പ്രകൃതിദുരന്തമുണ്ടായാല്‍ ആദ്യം മരിക്കുക ഫ്ളാറ്റ് വാസികളാണെന്നും സുപ്രീംകോടതി വിധിയില്‍ വിലയിരുത്തി. കേരളത്തില്‍ സമീപവര്‍ഷങ്ങളിലുണ്ടായ പ്രളയത്തിന് ആരാണ് ഉത്തരവാദിയെന്നു ചോദിച്ച സുപ്രീം കോടതി വിധിയില്‍ മാറ്റമില്ലെന്നും കോടതിയുടെ സമയം ദുര്‍വ്യയം ചെയ്യരുതെന്നും ഒക്ടോബര്‍ 25-നു താക്കീതും നല്കി.
ഒക്ടോബറില്‍ തന്നെ പൊളിക്കല്‍ ജോലികള്‍ തുടങ്ങിയെങ്കിലും ജനുവരി ആദ്യ വാരം മുതലാണ് സ്ഫോടക വസ്തുക്കള്‍ നിറച്ചു തുടങ്ങിയത്. കിടപ്പാടം നഷ്ടപ്പെടുന്നതിനെതിരേ ഫ്ളാറ്റിലെ താമസക്കാരുടേതും പൊളിക്കല്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള നാട്ടുകാരുടെ ആശങ്കയുമെല്ലാം അവഗണിച്ചാണ് പൊളിക്കല്‍ ജോലികള്‍ മുമ്പോട്ട് പോയത്. ഫ്ളാറ്റ് വാസികള്‍ക്കു സര്‍ക്കാര്‍ താമസസൗകര്യമൊരുക്കണം. നഷ്ടപരിഹാരം വ്യക്തമാക്കണമെന്നും കഴിഞ്ഞ സെപ്റ്റംബര്‍ 27-നു കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
2006 ഓഗസ്റ്റിലായിരുന്നു ഫ്ളാറ്റുകളുടെ നിര്‍മാണത്തിനു മരട് പഞ്ചായത്തിന്റെ അനുമതി കിട്ടിയത്. കേരളാ ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമായി ഒട്ടേറെ നിയമനടപടികള്‍ക്ക് ശേഷമാണ് ഫ്ളാറ്റ് സമുച്ചയങ്ങള്‍ തകര്‍ത്തത്. നാളെ രാവിലെ മറ്റു രണ്ടു ഫ്ളാറ്റുകള്‍ കൂടി വീഴ്ത്തും. 11-ന് ജയിന് കോറല്‍കോവ്, ഉച്ചകഴിഞ്ഞ് രണ്ടിനു ഗോള്‍ഡന്‍ കായലോരം ഫ്ളാറ്റുകള്‍ നിയന്ത്രിതസ്ഫോടനത്തിലൂടെ തകര്‍ക്കും.