
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഞായറാഴ്ച 80 വയസ്സ് തികഞ്ഞു. എന്നാൽ തന്റെ ഈ എൺപതാം ജന്മദിനത്തിൽ താൻ ഒട്ടും സന്തുഷ്ടനല്ലെന്ന് പരസ്യമായി സമ്മതിച്ചിരിക്കുകയാണ് ട്രംപ്. ജന്മദിനത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അദ്ദേഹം തന്റെ അതൃപ്തി വ്യക്തമാക്കുകയായിരുന്നു. അമേരിക്കൻ മെഡികെയർ ആൻഡ് മെഡിക്എയ്ഡ് സർവീസസ് അഡ്മിനിസ്ട്രേറ്ററായ ഡോ. മെഹ്മത് ഒസുമായുള്ള കൂടിക്കാഴ്ചയിലാണ് ട്രംപ് മനസ്സ് തുറന്നത്. ഡോക്ടർ തനിക്ക് ജന്മദിനാശംസകൾ നേരേണ്ടതില്ല എന്നും ഈ ജന്മദിനം ആഘോഷിക്കുന്നതിൽ ഞാൻ ഒട്ടും സന്തുഷ്ടനല്ല എന്നും ട്രംപ് പറഞ്ഞു. എൺപത് തനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒരു നമ്പറാണ് എന്നും ഓവൽ ഓഫീസിൽ വെച്ച് ട്രംപ് പറഞ്ഞതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു.
തനിക്ക് 80 വയസ്സ് ആയതിൽ സങ്കടമുണ്ടെങ്കിലും ആഘോഷങ്ങൾക്ക് ട്രംപ് യാതൊരു കുറവും വരുത്തിയിട്ടില്ല. തന്റെ ജന്മദിനത്തോടനുബന്ധിച്ച് ചരിത്രത്തിലാദ്യമായി വൈറ്റ് ഹൗസ് വളപ്പിനെ ഒരു താൽക്കാലിക ഇടിക്കൂടാക്കിമാറ്റിയിരിക്കുകയാണ് ട്രംപ്. യുഎഫ്സി (അൾട്ടിമേറ്റ് ഫൈറ്റിംഗ് ചാമ്പ്യൻഷിപ്പ്) പ്രസിഡന്റ് ഡാന വൈറ്റുമായി ചേർന്നാണ് വൈറ്റ് ഹൗസിന്റെ സൗത്ത് ലോണിൽ 'ദി ക്ലോ' എന്ന് പേരിട്ടിരിക്കുന്ന കൂറ്റൻ അഷ്ടഭുജ റിംഗ് സ്ഥാപിച്ചിരിക്കുന്നത്. അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ 250-മത് വാർഷികാഘോഷങ്ങളുടെയും 'ഫ്ലാഗ് ഡേ'യുടെയും ഭാഗമായാണ് ഈ കായികമാമാങ്കം എന്നാണ് വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വിശദീകരണം.
ബൈഡൻ തന്റെ എൺപതാം ജന്മദിനം കുടുംബത്തോടൊപ്പം ലളിതമായി ആഘോഷിച്ചപ്പോൾ, അതിൽ നിന്ന് തികച്ചും വ്യത്യസ്തമായി രക്തരൂക്ഷിതമായ ഒരു കൂട്ടിലിടി മത്സരത്തിനാണ് ട്രംപ് വേദിയൊരുക്കുന്നത്. ഇറാനുമായുള്ള യുദ്ധസാഹചര്യവും പണപ്പെരുപ്പവും കാരണം രാജ്യം പ്രതിസന്ധി നേരിടുമ്പോൾ ഇത്തരം ഒരു ധൂർത്ത് നടത്തുന്നത് ജനശ്രദ്ധ തിരിക്കാനാണെന്ന് പരസ്യമായി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പുരാതന റോമിലെ ജനങ്ങളെ കബളിപ്പിക്കാൻ ഭരണാധികാരികൾ നടത്തിയിരുന്ന 'ബ്രെഡ് ആൻഡ് സർക്കസ്' (ഭക്ഷണവും വിനോദവും നൽകി യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കൽ) തന്ത്രമാണിതെന്ന് നിരീക്ഷകർ പരിഹസിക്കുന്നു.
യുഎഫ്സി തന്നെയാണ് ചിലവുകൾ വഹിക്കുന്നത് എന്ന് ട്രംപ് അവകാശപ്പെടുമ്പോഴും, നാഷണൽ പാർക്ക് സർവീസിന്റെ രേഖകൾ പ്രകാരം 60 മില്യൺ ഡോളറിലധികം (ഏകദേശം 500 കോടിയിലധികം രൂപ) നികുതിപ്പണവും പതിനായിരക്കണക്കിന് മണിക്കൂർ അധ്വാനവും ഇതിന്റെ ഒരുക്കങ്ങൾക്കായി സർക്കാർ ഏജൻസികൾ ഉപയോഗിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. കൂടാതെ ട്രംപിന്റെ കുടുംബവുമായി ബന്ധമുള്ള ഒരു ക്രിപ്റ്റോകറൻസി കമ്പനിയാണ് വിജയിക്കുന്ന പോരാളികൾക്കുള്ള ബോണസ് തുക സ്പോൺസർ ചെയ്യുന്നത് എന്നതും വിവാദങ്ങൾക്ക് ആക്കം കൂട്ടുന്നു. എന്തായാലും, അമേരിക്കയുടെ ചരിത്രത്തിൽ അധികാരത്തിലിരിക്കുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായി മാറിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. ഇനി അദ്ദേഹത്തിന് തിരഞ്ഞടുപ്പിൽ മത്സരിക്കാനും കഴിയില്ല.






