
കോഴിക്കോട്: വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ആദ്യം അതൊരു ഷോക്ക് തന്നെ ആയിരുന്നു! ഇലക്ട്രീഷന്‍ ജോലിയില്‍ നിന്ന് പെട്ടെന്ന് ഒരു ദിവസം ഏഴു ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് നെല്‍കൃഷി തുടങ്ങുക. തുടങ്ങുക മാത്രമല്ല, പാടത്ത് പൊന്നു തന്നെ വിളയിക്കുകയും, ഇന്ത്യയിലെ തന്നെ ആദ്യ 'നെല്‍ പാര്‍ക്ക്' എന്ന വിശേഷണവും കേരളത്തിലേയ്ക്ക് എത്തിച്ചത് കോഴിക്കോട് സ്വദേശിയായ താഴത്തുവീട്ടില്‍ ജയകൃഷ്നാണ്. അദേഹത്തിനൊപ്പം കെ. ലെനീഷും.
സംസ്ഥാനത്ത് ജൈവ നെല്കൃഷിയിലുടെ വിജയം നേടിയിരിക്കുകയാണ് ഇരുവരും. ഇവരുടെ പാടത്ത് 118 ഓളം പാരമ്പരാഗതവും, അപൂര്‍വവും,വിദേശിയുമായ നെല്‍ ഇനങ്ങളാണ് ഇന്നുള്ളത്. ഇതില്‍ പലതും മരുന്നിനായി ഉപയോഗപ്രദവുമാണ്.
13 വര്‍ഷങ്ങള്‍ക്കു മുമ്പാണ് ജയകൃഷ്ണന്റെ മനസില്‍ ജൈവ നെല്‍കൃഷി എന്ന ആശയം മൊട്ടിട്ടത്. മകന് ഭഗതിന് അസുഖം തുടരെ തുടരെ എത്തിയപ്പോള്‍, മരുന്നുകള്‍ പലതും ഫലം കാണാതെ വരികയും ചെയ്തതോടെയാണ് ആരോഗ്യ പ്രശ്നങ്ങളുടെ ഒരു കാരണം കെമിക്കല്‍ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ തന്നെയാണെന്ന നിഗമനരത്തില് ജയകൃഷ്ണന് എത്തിയത്. ഇതോടെ പാരമ്പര്യമായ കൃഷി രീതിയിലേയ്ക്ക് ജയകൃഷ്ണന് തിരികെ നടന്നു. കോഴിക്കോട് ഏഴു ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് അനന്ദ ഫാംസ് എന്ന് പേരു നല്കി നെല്‍ കൃഷി ആരംഭിക്കുകയായിരുന്നു. എല്ലാവരും രാസവളങ്ങള്‍ കൃഷിയ്ക്കായി ഇടുമ്പോള്‍ ജൈവകൃഷി രീതിയാണ് ജയകൃഷ്ണന് അവലംബച്ചത്. ഇന്നിപ്പോള്‍ ജയകൃഷ്ണന്റെ മകന് 14 വയസുണ്ട്. ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ജയകൃഷ്ണന് എടുത്തു പറയുന്നു.
ഇതോടൊപ്പം വീട്ടില്‍ നിന്ന് സോപ്പ്, പേസ്റ്റ്, സംസ്കരിച്ച പഞ്ചസാര, ഡിഷ്വാഷ് സോപ്പുകള്‍ ഉള്‍പ്പെടെ പടിക്കു പറത്താക്കി. ബദലായി പ്രകൃതിയോട് ഇണങ്ങി നില്ക്കുന്ന സാധനങ്ങളാണ് ജയകൃഷ്ണന്റെ കുടുംബം ഉപയോഗിക്കുന്നത്.
ജയകൃഷ്ണന്റെ പാടത്ത് മുള്ളന്‍ കയമ, രക്ളതശാലി, വാല്ക്യ ചെനല്‍, കലമളള്ളി ഫുല എന്നീ ഇനങ്ങള്‍ കതിരണിഞ്ഞ് നില്ക്കുന്നു. രാജ്യത്തുടനീളം സഞ്ചരിച്ചും, പാക്കിസ്ഥാനിലും തായ്ലാന്ഡില് നിന്നും അപൂര്‍വ ഇനങ്ങള്‍ കോഴിക്കോട്ടെ പാടത്ത് എത്തിച്ചു വിളയിച്ചിരിക്കുകയാണ് ഇലക്ട്രീഷന്‍ മേഖലയില്‍ നിന്ന് കൃഷിയിലേക്ക് തിരിച്ചെത്തിയ ജയകൃഷ്ണന്.