കൊല്‍ക്കത്ത: എല്ലാ സംസ്ഥാനങ്ങളും പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഭരിക്കുന്ന സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണമെന്നും മമത ആവശ്യപ്പെട്ടു.
രാജ്യത്തെ ജനാധിപത്യം കടുത്ത ഭീഷണി നേരിടുകയാണ്. യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് മമത നേരത്തെ കത്തയച്ചിരുന്നു. രാജ്യത്തിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും ഒറ്റക്കെട്ടായി പോരാടണമെന്നും മമത ആഹ്വാനം ചെയ്തിരുന്നു.
ആശങ്കകളാണ് താന്‍ ഈ കത്തില്‍ പങ്കുയ്ക്കുന്നത്. പൗരത്വ നിയമ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ത്രീകളും കുട്ടികളും കര്‍ഷകരും തൊഴിലാളികളും പട്ടിക വര്‍ഗ വിഭാഗക്കാരും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളും വളരെ ആശങ്കാകുലരാണെന്നും ഈ സാഹചര്യത്തെ വളരെ ഗൗരവത്തോട് പരിഗണിക്കേണ്ടിയിരിക്കുന്നുവെന്നും മമത വിശദീകരിച്ചിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളാ നിയമസഭയാണ് ആദ്യമായി പ്രമേയം പാസാക്കിയത്. പിന്നീട് കേരളത്തെ മാതൃകയാക്കി പഞ്ചാബ് നിയമസഭയും പ്രമേയം പാസാക്കിയിരുന്നു. രാജസ്ഥാന് നിയമസഭയും പ്രമേയം പാസാക്കാന്‍ തയ്യാറെടുക്കുകയാണ്.






