
വിടര്‍ന്ന കണ്ണുകളും നീളന്‍ തലമുടിയും നറുപുഞ്ചിരിയും മലയാളികളുടെ സങ്കല്‍പ്പത്തിലെ ശാലീന സൗന്ദര്യം, അനു സിതാര. ചുരുങ്ങിയ സമയംകൊണ്ടാണ് അനു സിതാര എന്ന വയനാട്ടുകാരി പെണ്‍കുട്ടി ആരാധക ഹൃദയങ്ങളില്‍ ഇടം നേടിയത്. അനു സിതാരയ്ക്ക് പിന്നാലെ അനിയത്തി അനു സൊനാരയും സിനിമയിലേക്കെത്തുകയാണ്.
മാമാങ്കവും കടന്ന്
മുന്‍വര്‍ഷങ്ങളിലേതുപോലെ കഴിഞ്ഞു പോയ വര്‍ഷവും ഭാഗ്യ നിര്ഭാഗ്യങ്ങളുടേതായിരുന്നു. അതില്‍ മാമാങ്കം പോലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞ സന്തോഷത്തിലാണിപ്പോഴും. മലയാളത്തില്‍ പൊതുവേ ഇത്തരം ചരിത്ര സിനിമകള്‍ വളരെ കുറച്ചു മാത്രമേ ഇറങ്ങാറുള്ളൂ.
അത്തരമൊരു ചിത്രത്തില്‍ എനിക്കുമൊരു വേഷം ചെയ്യാന്‍ കഴിഞ്ഞതിന്റെ എക്സൈറ്റ്മെന്റുണ്ട്. വളരെ കുറച്ച് സീനേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നല്ലൊരു എക്സ്പീരിയന്‍സായിരുന്നു. കോസ്റ്റിയൂമും ആര്ട്ടുവര്ക്കുമെല്ലാമായപ്പോള് പഴയൊരു കാലത്തിലേക്ക് തിരിച്ചുപോയൊരു ഫീലായിരുന്നു.
ചെറിയ വേഷങ്ങള്‍ ചെയ്തു നായികയായ ആളാണ് ഞാന്‍. ചുരുങ്ങിയ നാളുകള്‍ക്കിടയില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്തു. ആറുവര്‍ഷത്തിനിടെ, ദൂരെ നിന്ന് കണ്ട് ആരാധിച്ചവരുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു.
കുറേയേറെ പ്രോഗ്രാമുകള്‍ ചെയ്തുകൊണ്ട് നൃത്തവും ഒപ്പം കൊണ്ടുപോകുന്നു. ഒട്ടേറെ പ്രശസ്തമായ നൃത്തവേദികളില്‍ ചുവടുവയ്ക്കാന്‍ കഴിഞ്ഞതിന്റെ കാരണവും സിനിമയാണ്.
വിവാഹമെന്ന മാറ്റം
ചില കാര്യങ്ങളെ സീരിയസായി കാണാന്‍ തുടങ്ങിയതൊഴിച്ചാല് ജീവിതത്തില്‍ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. വിവാഹശേഷമാണ് ഞാന്‍ സിനിമയിലേക്ക് വന്നത്. എപ്പോഴും വിഷ്ണുവേട്ടനും കുടുംബവും എനിക്ക് സപ്പോര്‍ട്ടായുണ്ട്.
വിവാഹത്തിന് മുമ്പ് എന്റെ കുടുംബം തന്ന സപ്പോര്‍ട്ടാണ് ഇപ്പോള്‍ വിഷ്ണുവേട്ടന്റെ വീട്ടില്‍ നിന്ന് കിട്ടുന്നത്. വലിയൊരു കാര്യമാണത്. ചെറിയൊരു പരസ്യമാകട്ടെ, സിനിമയാകട്ടെ ടിവിയില്‍ എന്നെ കണ്ടാല്‍ ചാനല്‍ മാറ്റാതെ അച്ഛനും അമ്മയും ഇരുന്നത് കാണും.
വീട്ടിലെ താരം
അച്ഛന് നാടക പ്രവര്ത്തകനായതുകൊണ്ടുതന്നെ വീട്ടിലെന്നും എനിക്കും അനിയത്തി അനു സൊനാരയ്ക്കും കലാപരമായി നല്ല സപ്പോര്‍ട്ടാണ് കിട്ടിയിരുന്നത്. അനിയത്തിയും യുവജനോത്സവങ്ങള്ക്കൊക്കെ പങ്കെടുത്തിരുന്നു. ക്ഷണം എന്ന ചിത്രത്തിലൂടെ ഭരതിന്റെ നായികയായി അനു സൊനാരയും സിനിമയില്‍ അരങ്ങേറുകയാണ്. ഷൂട്ടിംഗ് നടക്കുന്നു. അവള്‍ക്കും അഭിനയിക്കാന്‍ ഇഷ്ടമാണ്. നല്ലൊരു തുടക്കമാവട്ടെ എന്നു പ്രാര്‍ത്ഥിക്കുകയാണ്.
ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍
ഇതുവരെ ചെയ്ത കഥാപാത്രങ്ങളൊക്കെ എന്നെ തൃപ്തിപ്പെടുത്തിയവയായിരുന്നു. ക്യാപ്റ്റനിലെ അനിത റിയല്‍ കഥാപാത്രമാണ്. അത്തരം കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ ചില തയാറെടുപ്പുകള്‍ നടത്താറുണ്ട്, അവര്‍ എങ്ങനെയാണ് പെരുമാറുന്നതെന്നൊക്കെ ചോദിച്ച് മനസിലാക്കാറുണ്ട്.
രാമന്റെ ഏദന്‍തോട്ടത്തിലെ മാലിനിയാണ് എന്റെ കരിയര്‍ മാറ്റിമറിച്ചത്. അത്തരത്തിലൊരു ഹീറോയിന് ഓറിയന്റഡായ കഥാപാത്രം കിട്ടുമെന്ന് കരുതിയതല്ല. അന്നൊന്നും അഭിനയത്തെ കുറിച്ച് കാര്യമായറിയില്ലായിരുന്നു.
ഒരുപാട് കാര്യങ്ങള്‍ രാമന്റെ ഏദന്തോട്ടത്തില് നിന്ന് പഠിച്ചു. പുതിയ ഓഫറുകള്‍ വന്നു. ഇതുവരെ ചെയ്ത എല്ലാ സിനിമകളും നല്ല എക്സ്പീരിയന്‍സാണ് തന്നത്. രാമന്റെ ഏദന്‍ തോട്ടം, ക്യാപ്റ്റന്‍, നീയും ഞാനും എന്നീ സിനിമകളിലെ കഥാപാത്രങ്ങളാണ് കൂടുതലിഷ്ടം. അതില്‍ മാലിനിയോടാണ് കൂടുതല്‍ അടുപ്പം.
കംഫര്‍ട്ടാണ് പ്രധാനം
കഥയും കഥാപാത്രവും ഇഷ്ടപ്പെടുന്ന സിനിമകള്‍ മാത്രമേ ചെയ്യാറുള്ളൂ. കഥകേട്ടിട്ട് ചെയ്യാന്‍ കഴിയാത്ത കഥാപാത്രമെന്ന് തോന്നിയാല്‍ വേണ്ടെന്നു വയ്ക്കാറുണ്ട്. കോണ്‍ഫിഡന്‍സ് ഇല്ലാത്തതുകൊണ്ടാണത്.
എനിക്കാ വേഷം ചെയ്യാന്‍ കഴിയുമെന്നുറപ്പില്ലാതെ ഏറ്റെടുത്ത് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ എത്ര പേര്‍ക്കത് ബുദ്ധിമുട്ടാകും. അതുകൊണ്ട് എനിക്ക് കംഫര്‍ട്ടബിള്‍ എന്ന് തോന്നുന്ന വേഷങ്ങളെ തെരഞ്ഞെടുക്കൂ.
എല്ലാ സിനിമയും കാണുകയും ആസ്വദിക്കുകയും ചെയ്യാറുണ്ട്. മറ്റ് ഭാഷകളില്‍ നിന്നൊക്കെ ഓഫറുകള്‍ വരുന്നുണ്ട്. മലയാളം വിട്ട് അന്യഭാഷ സിനിമകളില്‍ അഭിനയിക്കണമെങ്കില്‍ അത്രയും പ്രാധാന്യമുള്ളൊരു വേഷമായിരിക്കണം. അല്ലാതെ വെറുതെയൊരു സിനിമ ചെയ്യാന്‍ ആഗ്രഹമില്ല.
ശാലീന സുന്ദരി
നാടന്‍ പെണ്‍കുട്ടിയായി എന്നെ കാണാനാണ് പ്രേക്ഷകര്‍ക്കിഷ്ടം. മോഡേണ്‍ അപ്പിയറന്‍സുള്ള വേഷം ചെയ്താല്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടണമെന്നില്ല. അവരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ചുള്ള സിനിമകള്‍ ചെയ്യാനാണ് എനിക്കിഷ്ടം.
നടനം മോഹനം
നാട്ടിലൊരു ഡാന്‍സ് സ്കൂള്‍ നടത്തുന്നുണ്ടെങ്കിലും അമ്മയാണത് നോക്കി നടത്തുന്നത്. എനിക്കിപ്പോള്‍ പ്രാക്ടീസൊക്കെ കുറവാണ്. എങ്കിലും സിനിമയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകള്‍ ചെയ്യുന്നതുകൊണ്ട് ഒരിക്കലും നൃത്തത്തെ മാറ്റി നിര്‍ത്തേണ്ടി വന്നിട്ടില്ല.
വലിയ അവാര്‍ഡ് ഷോകളടക്കമുള്ള സ്റ്റേജുകളില്‍ പെര്‍ഫോം ചെയ്യാന്‍ കഴിയുന്നുണ്ട്. സിനിമയില്‍ വന്നില്ലായിരുന്നെങ്കില്‍ നാട്ടില്‍ ഡാന്‍സ് സ്കൂളൊക്കെ നടത്തി മുന്നോട്ട് പോവുമായിരുന്നു.
ഇനിയും നൃത്തം പഠിച്ച് നന്നായി പ്രാക്ടീസ് ചെയ്യണമെന്നുണ്ട്. കുറച്ചുകൂടിയൊക്കെ പ്രാക്ടീസ് ചെയ്തശേഷം സ്വന്തമായി കൊറിയോഗ്രഫി ചെയ്യണമെന്നാണ് ആഗ്രഹം.
എന്റെ നാട്
വയനാട് എന്ന എന്റെ നാടും അവിടെയുള്ള കാര്യങ്ങളുമൊക്കെ എനിക്കൊരുപാടിഷ്ടമാണ്. ഷൂട്ടിനിടയില്‍ ചെറിയൊരു ബ്രേക്ക് കിട്ടിയാല്‍ പോലും ഞാന്‍ നാട്ടിലെത്തും. വിഷ്ണുവേട്ടന്റെ വീടും എന്റെ വീടും തമ്മില്‍ ഒരു കിലോമാറ്റര്‍ ദൂരമേയുള്ളൂ.
ബ്രേക്ക് കിട്ടിയാല്‍ രണ്ടുവീട്ടിലും പോയി വരാനുള്ള സമയം കിട്ടും. ഷൂട്ടുള്ള സമയത്താണെങ്കില്‍ അച്ഛനമ്മമാര്‍ ലൊക്കേഷനില്‍ വരാറുണ്ട്. അതുകൊണ്ടുതന്നെ അവരെയാരേയും മിസ് ചെയ്യാറില്ല.
മുത്തങ്ങ റോഡിലൂടെയുള്ള യാത്രയാണ് മറ്റൊരു ഇഷ്ടം. മുത്തങ്ങയ്ക്കടുത്ത് ചാംരാജ് നഗര്‍ എന്നൊരു സ്ഥലമുണ്ട്. പഴയ രീതിയിലുള്ള വീടുകളും തടാകവും അമ്പലവുമൊക്കെയുള്ള ഒരു കര്‍ഷക ഗ്രാമമാണത്. ഇടയ്ക്കൊക്കെ അവിടെ പോകാറുണ്ട്. വയനാട്ടില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങളാണ് മുത്തങ്ങ യാത്രയും ചാംരാജ് നഗറെന്ന ഗ്രാമവും.
അശ്വതി അശോക്