
തിരുവനന്തപുരം: ദുബായിലെ സോഫ്റ്റ് വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചതിന് പിന്നാലെ ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരം സ്വദേശിയായ പെണ്‍കുട്ടി മഞ്ചേരിയിലെ ഇസ്ലാമിക മതപഠന കേന്ദ്രത്തില്‍. രണ്ടാഴ്ചയ്ക്ക് മുമ്പ് കാണാതായ യുവതിക്ക് വേണ്ടിയുള്ള പോലീസിന്റെ അന്വേഷണമാണ് മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ അവസാനിച്ചത്.
സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയപ്പോഴാണ് പെൺകുട്ടിയെ കണ്ടെത്തിയത്. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു. തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) യാണ് വിവാഹത്തിന് 15 ദിവസം മുമ്പ് കാണാതായത്. മതപഠനം തുടരുകയാണെന്ന് അപര്‍ണ്ണ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
സത്യസരണിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ 70 ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികള്‍ മതംമാറിയതിന്റെ രേഖകളും പിടിച്ചെടുത്തതായാണ് വിവരം. പെൺകുട്ടികളെ മതപഠനത്തിനായാണ് താമസിപ്പിച്ചിരിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. അപർണയെ തിരിച്ചെത്തിക്കണമെന്നും രാജയം വിടുന്നത് തടയണമെന്നും ആവശ്യപ്പെട്ട് അമ്മ മിനി വിജയൻ എ.ഡി.ജി.പി ബി.സന്ധ്യക്ക് പരാതിനൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയ്ഡ് നടത്തിയത്. അപർണയ്ക്ക് പാസ്പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഇതുസംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. മറ്റു വിഭാഗങ്ങളില്‍ നിന്നുള്ള സ്ത്രീകളെ വശീകരിച്ച് ശാരീരികമായി ദുരുപയോഗം ചെയ്ത് മതം മാറ്റുന്നെന്ന് അടുത്തിടെയാണ് ഒരു ക്രൈസ്തവ സഭ ആരോപണം നടത്തിയത്. ഈ പ്രസ്താവന സംസ്ഥാനത്ത് വലിയ ചര്‍ച്ചകള്‍ക്കായിരുന്നു വഴി വെയ്ക്കുകയും ചെയ്തിരുന്നു.






