
കോട്ടയം: അനാശാസ്യം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മൂന്ന് വൈദികരെ താല്‍ക്കാലികമായി ഒഴിവാക്കി. ഓര്‍ത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനത്തില്‍പ്പെട്ട കൂരോപ്പട സ്വദേശി ഫാ. വര്‍ഗീസ് മര്‍ക്കോസ്, മീനടം സ്വദേശി ഫാ. വര്‍ഗീസ് എം.വര്‍ഗീസ് (ജിനൊ), പാക്കില്‍ എന്നിവരെയാണ് സഭയുടെ കീഴിലുള്ള പള്ളികളില്‍ ആത്മീയ പ്രവര്‍ത്തനം നടത്തുന്നതില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. പ്രാഥമിക നടപടി മാത്രമാണിപ്പോള്‍ എടുത്തിട്ടുള്ളത്. കൂടുതല്‍ അന്വേഷണത്തിന് ശേഷമാകും വിശദമായ നടപടി.
സഭാവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന ആരോപണത്തെത്തുടര്‍ന്ന് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്കോറോസ് മെത്രാപ്പൊലീത്തയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വൈദികര്‍ക്ക് എതിരേ അനാശാസ്യം ഉള്‍പ്പെടെ അനേകം പരാതികള്‍ ഉയരുകയും നിയമ നപടികള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യം കണക്കിലെടുത്താണ് നീക്കം. വൈദികരെ പുറത്താക്കി മെത്രാപ്പൊലീത്തായുടെ കല്പന ഞായറാഴ്ച പള്ളികളില്‍ വായിക്കുമെന്നാണ് വിവരം.
കോട്ടയം കുഴിമറ്റത്ത് വീട്ടമ്മ ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നയാളാണ് ഫാ. വര്‍ഗ്ഗീസ് മര്‍ക്കോസ് ആര്യാട്ട്. കഴിഞ്ഞ ദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ ചാപ്പലില്‍ തടയപ്പെട്ട ആളാണ് ഫാ. വര്‍ഗീസ് ചക്കും ചിറ. നേരത്തേതന്നെ വികാരിസ്ഥാനത്തു നിന്ന് മാറ്റിനിര്ത്തപ്പെട്ടിരിക്കുന്നായാളും സഭാ നേതൃത്വം തന്നെ അന്വേഷണം നടത്തിവരുന്നയാളുമാണ് ഫാ. റോണി വര്‍ഗീസ്.
പുറത്താക്കപ്പെട്ട വൈദികര്‍ക്കെതിരേ, കാതോലിക്കാബാവായ്ക്കും സഭാനേതൃത്വത്തിനും വിശ്വാസികള്‍ ഒട്ടേറെ പരാതികള്‍ നല്‍കിയിരുന്നു. ആലപ്പുഴയിലെ ഒരു പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചുവരികയാണ് വര്‍ഗീസ് മര്‍ക്കോസ് ആര്യാട്ട്. ഇദ്ദേഹത്തിനെതിരേ അവിഹിതബന്ധവും പണമിടപാട് ആരോപിച്ച് വീട്ടമ്മയുടെ ഭര്‍ത്താവ് സഭാനേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. പോലീസിനു നല്കിയ പരാതിയില്‍ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നു വരികയാണ്.
കോട്ടയത്ത് വാകത്താനത്ത് ഒരു ചാപ്പലില്‍ വികാരിയായ ഫാ. വര്‍ഗീസ് എം.വര്‍ഗീസ് ചക്കുംചിറയിലിനെ, കഴിഞ്ഞദിവസം അനാശാസ്യം ആരോപിച്ച് വിശ്വാസികള്‍ ചാപ്പലില്‍ തടഞ്ഞു വെച്ചിരുന്നു.
അനാശാസ്യം ഉള്‍പ്പെടെ വിവിധ ആരോപണങ്ങളെത്തുടര്‍ന്ന് നേരത്തേതന്നെ വികാരിസ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തിയിരുന്ന വൈദികനാണ് ഫാ. റോണി വര്‍ഗീസ് ചെറുവള്ളില്‍. വിശ്വാസികളുടെ പരാതിയില്‍ ഫാ. റോണിക്കെതിരേ സഭാനേതൃത്വം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാ. റോണിയെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയത്.
അടുത്തുചേരുന്ന സഭയുടെ കോട്ടയം ഭദ്രാസന കൗണ്‍സില്‍ വിഷയം ചര്‍ച്ചചെയ്യുമെന്നാണ് സൂചന. തുടര്‍ന്ന് പരാതിയില്‍ അന്വേഷണകമ്മിഷനെ നിയമിക്കുകയാണ് നടപടിക്രമം. കമ്മിഷന് റിപ്പോര്‍ട്ടാകും നിര്‍ണ്ണായകമാകുക.






