
ബിഗ് ബോസ് സീസണ് ടുവിലെ മത്സരങ്ങള്‍ ആദ്യ മാസത്തില്‍ നിന്ന് മാറിയിരിക്കുകയാണ് രണ്ടാം മാസം എത്തുമ്പോള്‍. തണുപ്പന്‍ രീതികളുമായി മുന്നോട്ടു പോയിരുന്ന മത്സരാര്‍ത്ഥികളില്‍ പലരും തങ്ങളുടെ അഭിപ്രായങ്ങള്‍ ശക്തമായി മുന്നോട്ടു വെയ്ക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിലെ എലിമിനേഷന് പുറത്തേക്ക് പോയത് തെസ്നി ഖാന് ആയിരുന്നു. പുറത്തിറങ്ങിയ തെസ്നി ബിഗ് ബോസിലെ തന്റെ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്.
'' ലാലേട്ടന്റെ വരവും എലിമിനേഷന് നിമിഷങ്ങളും പെരുന്നാള്‍ പോലെ ആണ്. വെള്ളിയാഴ്ച തുടങ്ങുമ്പോള്‍ തന്നെ ടെന്‍ഷന്‍ തുടങ്ങും. ആരെങ്കിലും ഈ ആഴ്ച പോകും എന്ന് ഉറപ്പാണല്ലോ. പക്ഷെ ഈ ആഴ്ച ഞാന്‍ ഉറപ്പിച്ചിരുന്നു ഞാന്‍ പുറത്താകും എന്ന്. ചിലര്‍ എന്നെ അവോയ്ഡ് ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് തോന്നി ഇനിയും ഇവിടെ നിന്നാല്‍ ഞാന്‍ കൂടുതല്‍ ഡള്‍ ആയി മാറുമെന്ന്.
സുജോയുടെയും സാന്‍ഡ്രയുടെയും ട്രാക്ക് എന്ന് പറയുന്നത് വളരെ സത്യസന്ധമായിട്ടാണ് എനിക്ക് തോന്നുന്നത്. സുജോ വളരെ നന്മ ഉള്ള പയ്യനാണ്. അവിടെ ഒരു മാസം കഴിഞ്ഞതില്‍ നിന്നും എനിക്ക് അവനെ മനസിലായി. അവനെ പോലെ തന്നെ സാന്‍ഡ്രയെ എനിക്ക് നേരത്തെ അറിയാം. ഒരു പ്രാവശ്യം സാന്‍ഡ്ര എയര്‍ ഹോസ്റ്റസ് ആയ ഫ്ലൈറ്റില്‍ ഞാന്‍ കയറിയിരുന്നു.
അബുദാബിയില്‍ അമ്മയുടെ ഷോയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി എനിക്ക് നല്ല പനിയായി. ഞാന്‍ ആ കുട്ടിയോട് തണുക്കുന്നു എന്തെങ്കിലും തരാമോ എന്ന്ചോദിച്ചു. അപ്പോള്‍ അവള് ധരിച്ചിരുന്ന കോട്ടൊക്കെ ഊരി എനിക്ക് തന്നു. ആ വിവരം സാന്‍ഡ്രയാണ് ബിഗ് ബോസില്‍ വച്ച് എന്നോട് വീണ്ടും പറയുന്നത്. അപ്പോഴാണ് ഞാന്‍ അത് ഓര്‍ത്തതും. അത് നന്മ ഉള്ള, ഹെല്‍പ്പിംഗ് മെന്റാലിറ്റി ഉള്ള വ്യക്തിയാണ്. ആളൊരു പാവമാണ്. അങ്ങിനെയുള്ള രണ്ടാളുകള്‍ ഒരുമിക്കും എന്നാണ് എനിക്ക് തോന്നുന്നത്. '' - തെസ്നി പറയുന്നു.






