
ഇന്ത്യയിലെ അഞ്ച് ഭാഷകള്‍ കൂടി സ്നാപ്ചാറ്റില്‍ ഉള്‍പ്പെടുത്തി. ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്നിവയും ബംഗാളി ഭാഷയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ഇന്ത്യന്‍ പ്രാദേശിക ഭാഷകളിലേക്ക് സേവനം വ്യാപിപ്പിക്കുന്നതിലൂടെ ഇന്ത്യയില്‍ വിപണിയില്‍ ശക്തിവര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുകയാണ് സ്നാപ്ചാറ്റ്.
നേരത്തെ ഹിന്ദി, മറാത്തി, ഗുജറാത്തി, പഞ്ചാബി എന്നീ ഇന്ത്യന്‍ ഭാഷകളാണ് സ്നാപ്ചാറ്റിലുണ്ടായിരുന്നത്. 21.8 കോടി പ്രതിദിന ഉപയോക്താക്കളാണ് സ്നാപ്ചാറ്റിനുള്ളത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഏറെ സ്വീകാര്യതയുണ്ടെങ്കിലും ഇന്ത്യയില്‍ സ്നാപ്ചാറ്റ് കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. ഇന്ത്യന്‍ വിപണിക്കനുയോജ്യമാകുന്ന തരത്തില്‍ സ്നാപ്ചാറ്റ് സേവനങ്ങളും ഉല്പ്പന്നങ്ങളുമെത്തിക്കുന്നതിനായി കഴിഞ്ഞ വര്‍ഷമാണ് സ്നാപ്ചാറ്റ് മുംബൈയില്‍ ആദ്യ ഓഫീസ് ആരംഭിച്ചത്. ടി സീരീസ്, എന്‍ഡിടിവി, ജിയോ തുടങ്ങിയ കമ്പനികളുമായി സ്നാപ്ചാറ്റ് പങ്കാളിത്തം ആരംഭിച്ചിട്ടുണ്ട്.






