ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ പ്രതികരിച്ച് ബി.ജെ.പി ഡല്‍ഹി യൂണിറ്റ് അധ്യക്ഷന്‍ മനോജ് തിവാരി. ബി.ജെ.പി വെറുപ്പിന്റെ രാഷ്ട്രീയമല്ല പ്രവര്‍ത്തിക്കുന്നതെന്ന് മനോജ് തിവാരി. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും മനോജ് തിവാരി അവകാശപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പല കാര്യങ്ങളും പറഞ്ഞു. എന്നാല്‍ ബി.ജെ.പി 60 ദിവസം റോഡ് ബ്ലോക്ക് ചെയ്തിട്ടില്ല. ഇന്നലെയും ഷഹീബാഗ് സമരത്തെ എതിര്‍ത്തു. നാളെയും എതിര്‍പ്പ് തുടരുമെന്നും മനോജ് തിവാരി പറഞ്ഞു. ഷഹീന്‍ബാഗ് സമരത്തിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു തിവാരിയുടെ പ്രസ്താവന. തിളക്കമാര്‍ന്ന വിജയത്തില്‍ അരവിന്ദ് കെജ്രിവാളിനെ അഭിനന്ദിച്ച മനോജ് തിവാരി ബി.ജെ.പിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ 63 സീറ്റുമായാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തിയത്. ബി.ജെ.പി ഏഴ് സീറ്റില്‍ ഒതുങ്ങി. അധികാരം തിരിച്ചുപിടിക്കുമെന്ന അവകാശവാദവുമായാണ് ബി.ജെ.പി തിരഞ്ഞെടുപ്പ് ഗോഥയില്‍ ഇറങ്ങിയത്. എന്നാല്‍ ഒറ്റയക്കത്തില്‍ ഒതുങ്ങി. വോട്ടെണ്ണല്‍ തുടങ്ങിയ ഘട്ടത്തില്‍ 25 സീറ്റില്‍ ലീഡ് നില നേടിയ ബി.ജെ.പി നില മെച്ചപ്പെടുത്തുമെന്ന തോന്നലുളവാക്കിയെങ്കിലൂം ഏഴ് സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു.






