
നവജാത ശിശുക്കള്‍ മുതല്‍ പ്രായമായവരെ ശല്യപ്പെടുത്തുന്ന ഒരു പ്രശ്നമാണ് ചെവിവേദന. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ തുടങ്ങുന്ന വേദന ചിലപ്പോള്‍ ശക്തമായേക്കാം. നവജാതശിശുക്കളുടെ നിര്‍ത്താതെയുള്ള കരച്ചില് ചെവിവേദനയുടെ ലക്ഷണമാകാറുണ്ട്. ചെവിയുടെ സംരക്ഷണത്തില്‍ വരുത്തുന്ന വീട്ടുവീഴ്ച മനോഭാവമാണ് പലപ്പോഴും ഇതിനു കാരണമാകുന്നത്.
അലര്‍ജി പോളിപ്പുകള്‍
അലര്‍ജി ഉണ്ടാകുമ്പോള്‍ മൂക്കില്‍ ദശ അഥവാ പോളിപ്പ് ഉണ്ടാകുന്നു. മൂക്കിലുണ്ടാകുന്ന കഫത്തെ പോളിപ്പുകള്‍ തടഞ്ഞുനിര്‍ത്തും. അങ്ങനെ കഫം ചെവിയിലെത്തുന്നു. ഇതും ചെവിവേദന ഉണ്ടാക്കാം.
അണുബാധ സൂക്ഷിക്കുക
ചെവിയും മൂക്കും തമ്മില്‍ ബന്ധിപ്പിക്കുന്ന ട്യൂബാണു യൂസ്ട്രേച്ചിന്‍ ട്യൂബ്. ജലദോഷം, മൂക്കൊലിപ്പ്, മൂക്കടപ്പ് എന്നിവ ഉണ്ടാകുമ്പോള്‍ മൂക്കിലുണ്ടാകുന്ന ദ്രാവകം (കഫം) ട്യൂബിലൂടെ ചെവിയിലെത്തി അണുബാധ ഉണ്ടാക്കാം. ഇത് ചെവിവേദനയ്ക്കു കാരണമാകുന്നു.
ചെവിക്കായം നീക്കുമ്പോള്‍
ചെവിക്കായം നീക്കം ചെയ്യാന്‍ കൈയില്‍ കിട്ടുന്നതെന്തും ചെവിയിലിടുന്ന സ്വഭാവമാണു നമ്മുടേത്. അങ്ങനെ ചെയ്യുമ്പോള്‍ ചെവിയില്‍ മുറിവ്് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഈ മുറിവിലൂടെ ചെവിയുടെ പുറത്തെ കനാലിലുള്ള ബാക്ടീരിയകള്‍ അകത്തു കടക്കുന്നു. അതുവഴി അണുബാധയുണ്ടാകുന്നു.
എല്ലിന് അകല്‍ച്ച
കീഴ്ത്താടിയും മേല്‍ത്താടിയും തമ്മില്‍ ബന്ധിപ്പിക്കുന്ന എല്ലിന് അകല്‍ച്ചയുണ്ടായാലും ചെവിവേദന ഉണ്ടാകാനിടയുണ്ട്. ഡെന്റല്‍ സര്‍ജനെ കാണുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാവുന്നതാണ്.
കഫത്തിന്റെ ഒഴുക്ക്
സൈനസൈറ്റിസ് രോഗമുള്ളവരില്‍ മൂക്കില്‍ ഉണ്ടാകുന്ന കഫം രാത്രിയില്‍ കിടക്കുമ്പോള്‍ ഒഴുകി ചെവിയിലെത്തുന്നു. മിക്കവരിലും ചെവിവേദന രാത്രിയില്‍ കൂടുതലായി അനുഭവപ്പെടുന്നതിന കാരണമിതാണ്. കഫം ചെവിയിലെത്തി അണുബാധയുണ്ടാകുകയും ചെവിവേദനയായി മാറുകയും ചെയ്യുന്നു.
പ്രാണികളും ഉറുമ്പും ചെവിയില്‍ പോകുക, മൂക്കിന്റെ പാലത്തിനു വളവ്, അണ്ണാക്ക് ഇല്ലാതെ വരുക, മുച്ചുണ്ട് എന്നിങ്ങനെ നിരവധി കാരണങ്ങളാല്‍ ചെവി വേദന ഉണ്ടാകാം.
ചെവിവേദനയ്ക്ക് എണ്ണ ചൂടാക്കി ഒഴിക്കുക, വറ്റല്‍മുളക് കുരുക്കളഞ്ഞ് ചൂടാക്കിയ എണ്ണ ഒഴിച്ചു ചെവിയില്‍ ഇറ്റിക്കുക എന്നീ മുറിവൈദ്യമൊന്നും ചെയ്യരുത്. കാരണം കര്‍ണപുടം പൊട്ടിപ്പോകുന്നതിന് ഇത് കാരണമാകുന്നു. കര്‍ണപുടം പൊട്ടിയാല്‍ കേള്വിശക്തിവരെ നഷ്ടപ്പെടാം.
കടപ്പാട്:
ബേബി ആന്‍ഡ്
ചൈല്‍ഡ് കെയര്‍






