
വിജയ്യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ താരത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. അതിലൊന്ന് വിജയ്യുടെ മതവുമായി ബന്ധപ്പെട്ട പ്രചരണമാണ്. ഇത്തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നവര്‍ക്കെതിരെ വിജയ് സേതുപതി രംഗത്തെത്തിയിരിക്കുകയാണ്.
വിജയ്യ്ക്ക് നേരെ ഉണ്ടായ ആദായ നികുതി വകുപ്പിന്റെ റെയ്ഡിന്റെ പിന്നാമ്പുറം എന്ന രീതിയില്‍ ഒരു കുറപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതില്‍ വിജയ്യുടെ മതത്തെ കുറിച്ചും വിജയ് സേതുപതിയെ കുറിച്ചും പരാമര്‍ശിക്കുന്നുണ്ടായിരുന്നു.
മതപരമായി ബന്ധമുള്ള സ്ഥാപനം താരങ്ങളില്‍ നിന്നും ഫണ്ട് സ്വീകരിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്ന രീതിയിലായിരുന്നു പ്രചാരണം. ഇതാണ് കേന്ദ്രസര്‍ക്കാരിനെ ചൊടിപ്പിച്ചതെന്നും ഇനിയും റെയ്ഡ് ഉണ്ടാകുമെന്നും കുറിപ്പില്‍ പറയുന്നു.
'പോയി വേറെ പണി ഉണ്ടെങ്കില്‍ അത് പോയി ചെയ്യൂ' എന്നായിരുന്നു ഈ ആരോപണത്തില്‍ വിജയ് സേതുപതിയുടെ മറുപടി. ഈ കുറിപ്പിന്റെ സ്ക്രീന്‍ഷോട്ട് അടക്കം ട്വിറ്റരില് പങ്കുവച്ചാണ് താരം ട്വിറ്ററിലൂടെ മറുപടി പറഞ്ഞത്.
போயி வேற வேலை இருந்தா பாருங்கடா... pic.twitter.com/6tcwhsFxgT
— VijaySethupathi (@VijaySethuOffl) February 12, 2020
കഴിഞ്ഞ ദിവസമാണ് ബിഗില്‍ സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് വിജയ്യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത്. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനിലെത്തിയാണ് ഇവര്‍ വിജയ്യെ ചോദ്യം ചെയ്തത്. 30 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിജയ് മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ മടങ്ങിയെത്തിയത്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്ററില്‍ വിജയ് സേതുപതിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.






