
മിനുസമുള്ള മുടി, ബ്ളഷിന്റെ തുടുപ്പുള്ള കവിള്, ലിപ്ഗ്ലോസിന്റെ തിളക്കമുള്ള ചുണ്ടുകള്‍, തിളങ്ങുന്ന ചര്‍മം... ഒറ്റനോട്ടത്തിലെ ഈ പെര്‍ഫെക്ട് ലുക്കാണ് ഒട്ടുമിക്ക പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത്. മേക്കപ്പിന്റെ മാജിക്കിലൂടെ സൗന്ദര്യത്തിന്റെ ശോഭ ഇരട്ടിയാക്കാം. എന്നാല്‍ സാഹചര്യത്തിനനുസരിച്ച് മേക്കപ്പ് ചെയ്യാന്‍ ശ്രമിക്കണം. കല്യാണപ്പെണ്ണ് ഒരുങ്ങും പോലെയല്ലല്ലോ കല്യാണത്തില്‍ പങ്കെടുക്കുന്നവര്‍ ഒരുങ്ങേണ്ടത്. പ്രായം, ത്വക്കിന്റെ സ്വഭാവം, പങ്കെടുക്കുന്ന ചടങ്ങിന്റെ രീതി, സമയം, രാത്രിയോ പകലോ, ചടങ്ങിലെത്തുന്ന ആളുകള്‍... ഇങ്ങനെ പലതും കണക്കിലെടുത്താവണം അനുയോജ്യമായ മേക്കപ്പ്.
ചര്മസ്വഭാവം തിരിച്ചറിയാം
ഏതു മേക്കപ്പിനും മുമ്പ് ചര്‍മത്തിന്റെ സ്വഭാവം തിരിച്ചറിയണം. ചര്‍മം എണ്ണമയമുള്ളതാണോ വരണ്ടതാണോ സാധാരണ ചര്‍മമാണോ എന്നു സ്വയം പരിശോധിച്ചു നോക്കുക.മുഖം തണുത്ത വെള്ളത്തില്‍ കഴുകിയിട്ട് അഞ്ചു മിനിറ്റ് കഴിഞ്ഞ് ഒരു ടിഷ്യുപേപ്പര്‍ വച്ച് മുഖത്ത് അമര്‍ത്തുക. ടിഷ്യുപേപ്പറില്‍ നന്നായി എണ്ണമയം ഉണ്ടെങ്കില്‍ എണ്ണമയമുള്ള ചര്‍മമാണ് (ഓയ്ലി സ്കിന്‍). ഒട്ടും എണ്ണമയം വന്നില്ലെങ്കില്‍ വരണ്ട ചര്‍മമാണ് (ഡ്രൈ സ്കിന്‍). ഡ്രൈ സ്കിന്‍ എണ്ണമയമില്ലാതെ വരണ്ടിരിക്കും. നേരിയ തോതില്‍ എണ്ണമയം വരുന്നുവെങ്കില്‍ സാധാരണ ചര്‍മമാണ്. സാധാരണ ചര്‍മം അധികം എണ്ണമയമുള്ളതും വരണ്ടതുമാവില്ല.
കാഷ്വല്‍ മേക്കപ്
ഓഫീസിലോ കോളജിലോ സാധാരണ പുറത്തു പോകുമ്പോഴോ ഏറ്റവും ലളിതമായ കാഷ്വല്‍ മേക്കപ്പ് മതി.
സ്റ്റെപ്പ് 1 :
സാധാരണ ചര്‍മമുള്ളവര്‍ ഫേസ് വാഷ് ഉപയോഗിച്ച് മുഖം നന്നായി കഴുകി മൃദുവായി ടവല്‍ കൊണ്ട് തുടച്ചുണക്കുക. വരണ്ട ചര്‍മമുള്ളവര്‍ ക്ളെന്‍സിങ് മില്‍ക്ക് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ഓയ്ലി സ്കിന്‍ ആണെങ്കില്‍ ആസ്ട്രിജന്റ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
സ്റ്റെപ്പ് 2:
ചര്‍മത്തിനനുയോജ്യമായ മോയിസ്ചറൈസര്‍ പുരട്ടുക. സണ്‍സ്ക്രീന്‍ അടങ്ങിയ മോയിസ്ചറൈസറാണു നല്ലത്. സണ്‍ പ്രൊട്ടക്ഷന്‍ 30 ഉള്ള, മികച്ച കമ്പനിയുടെ മോയിസ്ചറൈസര്‍ തിരഞ്ഞെടുക്കുക. മേക്കപ്പ് തുടങ്ങുന്നതിന് അഞ്ചു മിനിറ്റ് മുമ്പേ തന്നെ മോയിസ്ചറൈസര്‍ പുരട്ടാം.
സ്റ്റെപ്പ്് 3:
ഇനി ഫൗണ്ടേഷന് ഇടുക. അതിനു സേഷം കോംപാക്ട് ഇടുക. ഡ്രൈ സ്കിന്‍ ആണെങ്കില്‍ ലിക്വിഡ് ഫൗണ്ടേഷന് ഉപയോഗിക്കുക. എന്നിട്ട് കോംപാക്ടോ ടാല്‍ക്കം പൗഡറോ മുഖത്തിടുക. രണ്ടും മിക്സ് ചെയ്തും ഇടാം. കൈ കൊണ്ട് ഇട്ടാല്‍ മതി. ഓയ്ലി സ്കിന്‍ ആണെങ്കില്‍ മാറ്റ് ഫൗണ്ടേഷന് ഇടുക. ഈ ഫൗണ്ടേഷന് എണ്ണമയമില്ല. ഫൗണ്ടേഷനിട്ട ശേഷം കോംപാക്ട് ഇടുക. സാധാരണ ഫൗണ്ടേഷനു പകരം ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ത്രീ ഇന്‍ വണ്‍ ഫൗണ്ടേഷനും ഉപയോഗിക്കാം. ഇത് ഏതു ചര്‍മക്കാര്‍ക്കും ഇണങ്ങും. ആദ്യം ചര്മസ്വഭാവമനുസരിച്ച് മുഖം വൃത്തിയാക്കിയിട്ട് ത്രീ ഇന്‍ വണ്‍ ഫൗണ്ടേഷനിടുക. ഇതില്‍ കണ്‍സീലര്‍, ഫൗണ്ടേഷന്, കോംപാക്ട് ഇതു മൂന്നും അടങ്ങിയിട്ടുണ്ട്.
സ്റ്റെപ്പ്് 4:
ഇനി കണ്ണുകള്‍ക്കും ചുണ്ടിനും മേക്കപ്പ് ചെയ്യാം.
കണ്ണിനും ചുണ്ടിനും മേക്കപ്പ്
ഓഫീസോ ജോലിസ്ഥലമോ അനുസരിച്ച് വേണം കണ്ണിന്റെ മേക്കപ്പ്. റിസപ്ഷനിസ്റ്റിനെപ്പോലെ ലുക്കിന് വളരെ പ്രാധാന്യമുള്ള ജോലിയാണെങ്കില്‍ ഐ ഷാഡോസ് കണ്പോളകളില് പുരട്ടി മേക്കപ്പ് ചെയ്യാം. ഗോള്‍ഡന്‍ (അല്ലെങ്കില്‍ ബ്രോണ്‍സ്) നിറമുള്ള ഐഷാഡോ ആണ് നല്ലത്. വസ്ത്രത്തിനനുയോജ്യമായ നിറത്തിലുള്ള ഐ പെന്‍സില്‍ കൊണ്ട് കണ്കോണില് ടച്ച് ചെയ്യാം. സാധാരണ ഐ മേക്കപ്പിന് കണ്ണിന്റെ മുകളില്‍ ഐ ലൈനറും താഴെ കാജലും കൊണ്ട് വരയ്ക്കുക. ജെല്‍, സ്റ്റിക്ക്, പെന്‍സില്‍ ഈ രൂപങ്ങളില്‍ കാജല്‍ ലഭ്യമാണ്.
ജെല്‍ കാജല്‍ എഴുതാന്‍ സൗകര്യമാണ്, പടരുകയുമില്ല. കണ്പീലികളില് മസ്കാര പുരട്ടുക. പീലിയുടെ ചുവട്ടില്‍ നിന്ന് അറ്റത്തേക്ക് വേണം മസ്കാര പുരട്ടാന്‍.കണ്ണിന്റെ വലുപ്പം മേക്കപ്പിലൂടെ ക്രമീകരിക്കാം. ചെറിയ കണ്ണാണ് നിങ്ങളുടേതെങ്കില്‍ അധികം വീതിയില്ലാതെ ചെറിയ ടെയ്ല് ഇട്ട് വേണം ഐ ലൈനര്‍ കൊണ്ട് വരയ്ക്കാന്‍. വലിയ കണ്ണാണെങ്കില്‍ കുറച്ച് വീതി കൂട്ടി ഐ ലൈനര്‍ കൊണ്ട് വരയ്ക്കണം. കുഴിഞ്ഞ കണ്ണാണെങ്കില്‍ കണ്ണിന്റെ താഴെ കണ്മഷി, ജെല്‍, മസ്കാര ഇവ ഇടരുത്. കണ്ണിന്റെ കുഴിവ് എടുത്തു കാട്ടും. പുരികത്തിനു കട്ടിയില്ലാത്തവര്‍ ഐബ്രോ പെന്‍സിലുപയോഗിച്ച് ചെറുതായി പുരികം വരച്ചുകൊടുക്കുക.ചുണ്ടില്‍ ലിപ്ബാം പുരട്ടിയ ശേഷം ലിപ്ലൈനര് കൊണ്ട് ചുണ്ടിന്റെ അരികുകള്‍ വരയ്ക്കുക. ന്യൂഡ് ലിപ്സ്റ്റിക്കോ ലിപ് ഗ്ലോസോ ഇട്ട് ഫില്‍ ചെയ്യുക. ഇതോടെ കാഷ്വല്‍ ഫേസ് മേക്കപ്പ് പൂര്‍ത്തിയായി.
ന്യൂഡ് മേക്കപ്പ്
മേക്കപ്പ് ഉണ്ടോ എന്നു പോലും സംശയം തോന്നുന്ന തരത്തില്‍ പെര്‍ഫെക്ട് ലുക്ക് തരുന്നതാണ് കാഷ്വല്‍ മേക്കപ്പിലെ ട്രെന്‍ഡ് ആയ ന്യൂഡ് മേക്കപ്പ്.
സ്റ്റെപ്പ് 1:.
മോയിസ്ചറൈസര്‍ ഇട്ട ശേഷം ഫൗണ്ടേഷന് ഇടുക. അധികം വിയര്ത്തൊലിക്കാത്ത തരം ഫൗണ്ടേഷന് വേണം തിരഞ്ഞെടുക്കാന്‍.
സ്റ്റെപ്പ്് 2:
അതിനുശേഷം കണ്‍സീലര്‍ കൊണ്ട് പാടുകള്‍ മറയ്ക്കുക.
സ്റ്റെപ്പ് 3:.
കോംപാക്ട് ഇടുക.
സ്റ്റെപ്പ്് 4:
കവിളില്‍ ബ്ളഷ് ഇടുക. ബ്ളഷ് ഉപയോഗിക്കുന്നത് മുഖത്തിനു തുടിപ്പ് തോന്നിക്കും. ചര്‍മത്തിന്റെ ടോണിനു ചേരുന്ന ബ്ളഷ് ഉപയോഗിക്കണം. സ് കിന് ടോണിനോട് ബ്െളന്ഡ് ചെയ്തിരിക്കണം ബ്ളഷ്. പക്ഷേ, അധികം ബ്രൈറ്റ് ആവരുത്.
സ്റ്റെപ്പ്് 5:
കണ്ണിന്റെ മേക്കപ്പ് ചെയ്യുക. ന്യൂഡ് മേക്കപ്പിന് ഷിമ്മറി ഷാഡോസ് ആണ് വേണ്ടത്. അധികം ബ്രൈറ്റ് ഐ ഷാഡോ ഇടരുത്.
സ്റ്റെപ്പ്് 6:
ചുണ്ടിന്റെ മേക്കപ്പ് ചെയ്യുക. ചുണ്ടുകള്‍ വളരെയധികം മാറ്റ് ഫിനിഷോ വളരെയധികം ഗോസിയോ ആകരുത്. ലിപ്ബാം ഇട്ടിട്ട് ചുണ്ടില്‍ ന്യൂഡ് ഷെയ്ഡുള്ള ലിപ്സ്റ്റിക് പുരട്ടുക. ന്യൂഡ് മേക്കപ്പ് പൂര്‍ത്തിയായി.
പാര്‍ട്ടി മേക്കപ്പ്
* സ്റ്റെപ്പ് 1 : ആദ്യം മുഖം നന്നായി കഴുകി വൃത്തിയാക്കണം. ഓയ്ലി സ്കിന്‍ ആണെങ്കില്‍ ആസ്ട്രിജന്റ് ഉപയോഗിച്ച് വേണം മുഖം തുടച്ച് വൃത്തിയാക്കുവാന്‍. അമിതമായ എണ്ണമയമുള്ളവര്‍ക്ക് ആസ്ട്രിജന്റ് കൊണ്ടു തുടയ്ക്കുന്നതിനു പുറമേ മുഖത്ത് ഐസ് ക്യൂബ്സ് കൊണ്ട് ഉരസുന്നതും നല്ലതാണ്. സാധാരണ ചര്‍മം ആണെങ്കില്‍ ഫേസ്വാഷ് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. ഡ്രൈ സ്കിന്‍ ഉള്ളവര്‍ ക്ളെന്‍സിങ് മില്‍ക്ക് ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
പാര്‍ട്ടി ഐ മേക്കപ്പ്
ലൈറ്റ് ആയ ഐബ്രോ പെന്‍സിലുപയോഗിച്ച് ഐബ്രോസ് ആവശ്യമെങ്കില്‍ ഷെയ്ഡ് ചെയ്തു കൊടുത്ത് കോംമ്പ് ചെയ്ത് ശരിയാക്കുക. ഇനി ഐഷാഡോ പുരട്ടുക. ഏതു നിറമുള്ള വസ്ത്രത്തിനും യോജിക്കുന്നത് ബ്രോണ്‍സ് കളര്‍ ആണ്. ഇത് കണ്ണിന്റെ കോര്‍ണറില്‍ പുരട്ടുക. കണ്ണിന് അനുയോജ്യമായ രീതിയില്‍ ഐ ലൈനര്‍ ഇടുക. മസ്കാര ഇടുക. വസ്ത്രത്തിന് അനുയോജ്യമായ നിറമുള്ള ഐ പെന്‍സില്‍ ലഭ്യമാണ്.
ആവശ്യമെങ്കില്‍ കാജല്‍ ഇട്ട ശേഷം അതും ഉപയോഗിക്കുക.
കണ്ണിന്റെ അടിവശം തുടുത്തിരിക്കുന്നവര്, അതു കുറയ്ക്കാന്‍ കണ്ണിന്റെ അടിവശത്ത് ഡാര്‍ക്ക് ഷെയ്ഡ് ഉള്ള ഫൗണ്ടേഷന് അല്ലെങ്കില്‍ കണ്‍സീലര്‍ ഉപയോഗിക്കുക. കണ്ണ് കുഴിഞ്ഞിരിക്കുന്നവര് കണ്ണിന്റെ താഴെ ലൈറ്റ് ഷെയ്ഡ് ഫൌണ്ടേഷന് കണ്ണിന്റെ താഴെ ഉപയോഗിക്കുക. കണ്ണിന്റെ താഴെ കറുപ്പ് അടയാളം ഉള്ളവര്‍ ലൈറ്റ് ഷെയ്ഡ് ഫൌണ്ടേഷന് കണ്ണിന്റെ താഴെ ഉപയോഗിക്കുക.കണ്ണിന്റെ ചുറ്റും ഫൗണ്ടേഷന് ഇടുമ്പോള്‍ വളരെ മൃദുവായി വേണം ഇടാന്‍. അല്ലെങ്കില്‍ കണ്ണിന്റെ വശങ്ങളില് ചുളിവുകളുണ്ടെങ്കില്‍ എടുത്തു കാണിക്കും. പുരികം വരയ്ക്കരുത് കൃത്രിമമായി തോന്നും. ഐ പെന്‍സില്‍ കൊണ്ട് ഷെയ്ഡ് ചെയ്തേ കൊടുക്കാവൂ. പുരികത്തിന്റെ തുടക്കത്തില്‍ ഡാര്‍ക്ക് ഷെയ്ഡ് കൊടുക്കരുത്. മുഖത്തിന് ക്രൂരഭാവം തോ
ന്നും.
കണ്ണ് കുഴിഞ്ഞവര് കണ്ണെഴുതുമ്പോള്‍ ഐഷാഡോ ലൈറ്റ് ഷെയ്ഡായേ കൊടുക്കാവൂ. കണ്ണിന്റെ മുകളില്‍ മാത്രം ഐ ജെലോ ഐ ലൈനറോ ഇട്ടിട്ട്, മസ്കാരയിടുക. വലിയ ഉണ്ടക്കണ്ണുള്ളവര്‍ ഐ ലാഷിനോട് ചേര്‍ന്ന് വാലിട്ട് കണ്ണെഴുതുക. ഐ ബോളിന്റെ (കൃഷ്ണമണിയുടെ) നിറം അനുസരിച്ച് ഐ ജെല്‍ തിരഞ്ഞെടുക്കുക. പൂച്ചക്കണ്ണുള്ളവര് കറുപ്പ് ഐ ലൈനര്‍ കൊണ്ട് എഴുതരുത്. ബ്രൌണ്‍ ഐലൈനര്‍ കൊണ്ട് എഴുതുന്നതാണ് നല്ലത്.
പലതരം കളര്‍ കാജല്‍ കിട്ടും. ഗ്രീന്‍, ബ്രൗണ്‍ തുടങ്ങിയ നിറങ്ങളില്‍. അത് വസ്ത്രത്തിന്റെ നിറമനുസരിച്ച് സെലക്ട് ചെയ്ത് കണ്ണിന്റെ കോണില്‍ ചെറുതായി ഷെയ്ഡ് ചെയ്തു കൊടുത്താല്‍ ടീനേജ് പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ക്ക് ഭംഗിയേകും.
പാര്‍ട്ടി മേക്കപ്പിന് കവിളില്‍ ബ്ളഷ് വേണം. ഗിറ്ററന്സ് ഉള്ള ബ്ളഷ് ഇട്ടാല്‍ കവിളിനു തുടിപ്പു തോന്നിക്കും. ലൈറ്റ് ബ്രൌണ്‍ ഷെയ്ഡ്, ഐഷാഡോ ആയും ബ്ളഷ് ആയും ഇട്ടാല്‍ നാച്വറല്‍ ലുക്ക് തോന്നും. പാര്‍ട്ടി ലിപ് മേക്കപ്പ് ആരംഭിക്കുന്നതിന്റെ തുടക്കത്തില്‍ തന്നെ ചുണ്ടില്‍ ലിപ് ബാം പുരട്ടുന്നതു ചുണ്ടുകള്‍ക്ക് മോയിസ്ചറൈസേഷന്‍ നല്‍കും. ലിപ്സ്റ്റിക്ക് ഇടുന്നതിനു മുമ്പ് മുഖത്തിടുന്ന ഫൗണ്ടേഷന് ഒരല്പം എടുത്ത് ചുണ്ടില്‍ പുരട്ടിയിട്ട് ലിപ്സ്റ്റിക് ഇടുന്നത് നന്നായിരിക്കും.
ഹെയര്‍ ഏതു തരത്തിലായാലും സെറ്റ് ചെയ്തിട്ട് അതുപോലെയിരിക്കാന് ഹെയര്‍സ്പ്രേ ജെല്‍ ഉപയോഗിക്കുക. സീറം ഉപയോഗിക്കുന്നത് മുടിക്ക് തിളക്കം കിട്ടാനാണ്. സീറം തേക്കുന്നത് മുടിയുടെ പുറമെ മാത്രമാവണം. ഒരിക്കലും സിറം തലയോട്ടിയില്‍ പുരട്ടരുത്. മുടി ചീകി വച്ച ശേഷം ഹെയര്‍സ്പ്രേ മുടിക്കു മുകളിലായി സ്പ്രേ ചെയ്താല്‍ മുടി പറക്കില്ല. ഹെയര്‍ സ്പ്രേ, സിറം തുടങ്ങിയവ ഉപയോഗിച്ചാല്‍ വൈകിട്ട് ഷാമ്പൂ ഇട്ട് മുടി നന്നായി കഴുകി കളഞ്ഞിരിക്കണം.
ഹെയര്‍ ട്രീറ്റ്മെന്റ്
മേക്കപ്പില്‍ ഹെയര്‍ സ്റ്റൈലിന് വളരെ പ്രാധാന്യമുണ്ട്. ട്രീറ്റ് ചെയ്ത മുടി സ്റ്റൈല്‍ ചെയ്യാന്‍ എളുപ്പമാണ്. ഇന്ന് ഏറെപ്പേരും മുടി ട്രീറ്റ് ചെയ്യാറുണ്ട്. പക്ഷേ, എല്ലാത്തരം ഹെയര്ട്രീറ്റ്മെന്റുകളിലും രാസവസ്തുക്കളടങ്ങിയതിനാല് അവയ്ക്ക് അവയുടേതായ ദോഷങ്ങളും ഉണ്ടെന്നോര്‍ക്കുക. മുടിക്ക് ട്രീറ്റ്മെന്റ് ചെയ്യാനുള്ള ആരോഗ്യമുണ്ടോ എന്നും ഉറപ്പു വരുത്തണം. അല്ലെങ്കില്‍ കുറച്ചുകാലം കഴിയുമ്പോള്‍ മുടിക്ക് ദോഷമാകും. 20 വയസ് വരെ ഹെയര്‍ ട്രീറ്റ്മെന്റ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.
ട്രെയ്റ്റനിങ്, സ്മൂത്തനിങ്, കെരാറ്റിന്‍ ട്രീറ്റ്മെന്റ് എന്നിവയാണ് പെര്മനെന്റ് ഹെയര്‍ ട്രീറ്റ്മെന്റുകള്‍. സ്ട്രെയ്റ്റനിങ്ങിനെ അപേക്ഷിച്ചു നല്ലത് സ്മൂത്തനിങ് ആണ്. കെരാറ്റിന്‍ ട്രീറ്റ്മെന്റ് ആണ് ലേറ്റസ്റ്റ് ട്രെന്‍ഡ്. കെരാറ്റിന്‍ ട്രീറ്റ്മെന്റ് അധികകാലം നീണ്ടുനില്‍ക്കില്ല. ഏതു തരം ഹെയര്‍ ട്രീറ്റ്മെന്റ് ആയാലും വിദഗ്ധ നിര്‍ദേശത്തോടെ മാത്രം ചെയ്യുക. ആദ്യ ട്രീറ്റ്മെന്റില്‍ മുടി
കൊഴിഞ്ഞില്ലെങ്കിലും തുടര്‍ച്ചയായി ചെയ്യുമ്പോള്‍ മുടി കൊഴിച്ചിലുണ്ടെങ്കില്‍ ഹെയര്‍ ട്രീറ്റ്മെന്റ് ചെയ്യരുത്.
ഹെയര്‍ ട്രീറ്റ്മെന്റ് ചെയ്താല്‍ ഇതിനനുസരിച്ചുള്ള ഹെയര്‍ സ്പാ, ഷാമ്പൂ, കണ്ടീഷണര്‍ എന്നിവ പിന്നീട് ഉപയോഗിക്കണം. ഹെയര്‍ ട്രീറ്റ്മെന്റ് ചെയ്തവര്‍ ഹെയര്‍ സീറം ഉപയോഗിക്കണം. അല്ലെങ്കില്‍ മുടി വരണ്ടുപോകും.ഹെയര്‍ ട്രീറ്റ്മെന്റ് ചെയ്യാത്തവര്‍ക്ക് പാര്‍ട്ടിയില്‍ ബ്ളോ ഡ്രൈ, അയേണിങ് ഇതിലൊന്ന് ചെയ്യാം. മുടി കുറച്ചുള്ളവര്‍ ബ്ളോ ഡ്രൈ ചെയ്യുന്നതാണ് നല്ലത്. ഇവര്‍ അയേണിങ് ചെയ്യരുത്.
കാരണം, അയേണിങ് ചെയ്യുന്ന മുടി ഒട്ടിപ്പോയതുപോലെ തോന്നിക്കും. ബ്ളോഡ്രൈ ആകുമ്പോള്‍ മുടിക്ക് ഉള്ള് തോന്നിക്കും.
ബ്ളോഡ്രൈ ചെയ്യുമ്പോള്‍ തലയോട്ടിയില്‍ അധികം ചൂട് തട്ടാതെ ശ്രദ്ധിക്കണം. മുടി കൂടുതലുള്ളവര്‍ക്ക് അയേണിങ് അനുയോജ്യമാണ്. അയേണിങ് പതിവായി ചെയ്യുമ്പോള്‍ മുടി ഡ്രൈ ആകും. ഇതു മാറ്റാന്‍ ഇടയ്ക്ക് ഓയില്‍ മസാജ് നല്‍കണം. ബ്ളോ ഡ്രൈയോ അയേണിങ്ങോ പതിവായി ചെയ്യുന്നവര്‍ ഹെയര്‍ പ്രൊട്ടക്റ്റിങ് ക്രീം ഉപയോഗിച്ച ശേഷമേ ഇവ ചെയ്യാവൂ...