
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച ബ്രിട്ടീഷ് എം.പിയെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ച നടപടിയെ ന്യായീകരിച്ച് സര്‍ക്കാര്‍. ബ്രിട്ടീഷ് എം.പി ഡെബി അബ്രഹാംസ് ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പ് തന്നെ അവരുടെ ഇ-വിസ റദ്ദാക്കിയിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഡെബി അബ്രഹാംസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അധികൃതര്‍ ആരോപിച്ചു. ഫെബ്രുവരി 14ന് തന്നെ ഇ വിസ റദ്ദാക്കിയ വിവരം ഡെബിയെ അറിയിച്ചിരുന്നുവെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച രാവിലെയാണ് ഡെബി അബ്രഹാംസിനെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചത്. ഡല്‍ഹിയില്‍ വിമാനമിറങ്ങിയതിന് പിന്നാലെ വിസ റദ്ദാക്കിയതായി അവരെ അറിയിക്കുകയായിരുന്നു. എം.പിയെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ തടഞ്ഞ ശേഷം ദുബായിലേക്ക് കയറ്റിവിടുകയായിരുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്നതിന് സാധുവായ വിസ ഡെബി അബ്രഹാംസിന് ഇല്ലായിരുന്നുവെന്നും അവരെ വിവരങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്കിയ വിശദീകരണം.
ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ എല്ലാ യാത്രാ രേഖകളും ഹാജരാക്കിയിരുന്നതായി ഡെബി അബ്രഹാംസ് പറഞ്ഞു. തന്റെ ഫോട്ടോ വിമാനത്താവളത്തിലെ ഉദ്യോഗസ്ഥന് നല്കി. അപ്പോള്‍ അയാള്‍ മുന്നിലുണ്ടായിരുന്ന കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കിയ ശേഷം വിസ റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. പിന്നീട് വളരെ മോശമായ രീതിയില്‍ തന്നോട് പെരുമാറിയെന്നും ഡെബി പറഞ്ഞു. ബ്രിട്ടീഷ് ഹൈക്കമ്മീഷണറും വിഷയത്തില്‍ ഇടപെട്ടിരുന്നു.







Comments