
ആമസോണിന്റെ സ്മാര്‍ട് അസിസ്റ്റന്റ് സേവനമായ അലെക്സയുടെ ശബ്ദം മിക്കവര്‍ക്കും പരിചിതമാണ്. ഇന്ത്യയില്‍ നിന്ന് അലെക്സയുടെ ശബ്ദം പോലെ തന്നെയുള്ള ഒരു ശബ്ദത്തിന് ഉടമയെ കണ്ടെത്തിയിരിക്കുകയാണ്. സുപ്രിയ കപൂര്‍ എന്ന പെണ്‍കുട്ടിയാണ് ഇത്. അലക്സയെ പോലെ സംസാരിക്കുന്ന സുപ്രിയയുടെ വീഡിയോകള്‍ ഇപ്പോള്‍ ടിക് ടോക്കിലും മറ്റ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
അലക്സയുടെ മുഖം എന്നാണ് സുഹൃത്തുക്കള്‍ സുപ്രിയയെ വിളിയ്ക്കുന്നത്. പലര്‍ക്കും സുപ്രിയ ആണോ അലക്സയെന്നാണ് സംശയം. എന്നാല്‍ അലക്സയ്ക്ക് ശബ്ദം നല്‍കിയിരിക്കുന്നത് സുപ്രിയ അല്ല. അലെക്സയുടെ ഉച്ചാരണം പോലും അതുപോലെ അനുകരിക്കാന്‍ സുപ്രിയയ്ക്ക് സാധിക്കും. അലക്സയോട് ചോദിക്കുന്നത് പോലെ സുഹൃത്തുക്കള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് സുപ്രിയ അലെക്സയുടെ ശൈലിയില്‍ മറുപടി പറയുന്ന വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അലെക്സയുടെ സ്വന്തം ശബ്ദത്തിന് പിന്നില്‍ ഏതെങ്കിലും ഒരു വ്യക്തിയുണ്ടോ എന്ന് വ്യക്തമല്ല. 'ന്യൂറല്‍ ടെക്സ്റ്റ്-ടു-സ്പീച്ച്'' ടെക്നോളജി അല്ലെങ്കില്‍ എന്ടിടിഎസ് വികസിപ്പിച്ചെടുത്തതാണ് അലെക്സയുടെ സംഭാഷണ ശൈലി തയ്യാറാക്കിയതെന്ന് ആമസോണ്‍ പറയുന്നു. സ്പീച്ച് സിന്തസിസ് മാര്‍ക്ക് ലാംഗ്വേജ് സാങ്കേതികത പരിഷ്കരിച്ചതാണ് എന്ടിടിഎസ്. ഇതില്‍ മെഷീന് ലേണിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് അതിവേഗം ശബ്ദങ്ങള്‍ സൃഷ്ടിക്കുന്നു. സംഭാഷണ സാമ്പിളുകള്‍ വ്യത്യസ്ത ശബ്ദങ്ങളായി വിഭജിച്ച് അവയെ ഒന്നിച്ച് ചേര്‍ത്ത് പുതിയ പദങ്ങളും വാക്യങ്ങളും രൂപപ്പെടുത്തുന്ന കോണ്കാറ്റനേറ്റീവ് സ്പീച്ച് സിന്തസിസാണ് ആമസോണ്‍ ഉപയോഗിക്കുന്നത്.






