
അവിനാശിയിലെ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ 19 മനുഷ്യ ജീവനുകള്‍ക്കൊപ്പം പൊലിഞ്ഞത് മൂന്ന് പട്ടിക്കുട്ടികളുടെ ജീവന് കൂടി. ബസിലെ യാത്രക്കാരിലാരോ കൊണ്ട് വന്നതായിരുന്നു ഇവരെ. മറ്റ് യാത്രക്കാരെ പോലെ തന്നെ അപകടം നടക്കുമ്പോള്‍ അവരും നല്ല ഉറക്കത്തിലായിരുന്നുവെന്നാണ് സൂചന.
നാല് പട്ടിക്കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നല്കുന്ന വിവരം. വിദേശ ബ്രീഡിലുള്ള പട്ടിക്കുട്ടികളായിരുന്നു. അഗ്നിരക്ഷാ സംഘത്തിലെ പ്രവര്‍ത്തകരാണ് ബസില്‍ നിന്ന് ഇവരെ പുറത്തെടുത്തത്. മൂന്ന് പട്ടിക്കുട്ടികള്‍ ചത്തിരുന്നു, പരിക്കേറ്റ നാലാമനെ പുറത്തെടുത്തപ്പോഴേക്കും ഓടിക്കളഞ്ഞു.
രണ്ട് കെഎസ്ആര്‍ടിസി ജീവനക്കാരടക്കം 19 മലയാളികളാണ് ഇന്നലെ അവിനാശിയിലുണ്ടായ അപകടത്തില്‍ മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കേരളത്തെ നടുക്കിയ അപകടമുണ്ടായത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന കെഎസ്ആര്‍ടിസിയുടെ സ്കാനിയ ബസിലേക്ക് കണ്ടെയ്നര്‍ ലോറി ഇടിച്ച് കയറുകയായിരുന്നു.
പരിക്കേറ്റ് ചികിത്സയിലുള്ളവരില്‍ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റിയ ഒരാളുടെ കാര്യത്തിലാണ് ആശങ്ക കൂടുതല്‍.






