ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത പരാജയം നേരിട്ടതിന് പിന്നാലെ നേതാക്കളുടെ വിദ്വേഷ പ്രസംഗം തിരിച്ചടിയാകുന്നതായി പാര്‍ട്ടി നേതാവ് മനോജ് തിവാരി. വിദ്വേഷ പ്രസംഗം നടത്തുന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിന്ന് പുറത്തക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ കേന്ദ്രമന്ത്രിമാര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ള നിരവധി ബി.ജെ.പി നേതാക്കള്‍ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു.
എന്നാല്‍ സാമുദായിക ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തിയ പ്രസംഗങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നും അവരെ വെടിവച്ച് കൊല്ലണമെന്നും ബി.ജെ.പി നേതാവ് കപില്‍ മിശ്രം പ്രസംഗിച്ചിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യാ-പാക്കിസ്ഥാന് മത്സരമാണെന്നും കപില്‍ മിശ്ര പറഞ്ഞിരുന്നു.
മുഖ്യമന്ത്രി അരവിന്ദ് കെജ്വരിവാളിനെ തീവ്രവാദിയെന്ന് വിളിച്ചുകൊണ്ടാണ് ബി.ജെ.പി എം.പി പര്‍വേഷ് വര്‍മ്മ രംഗത്ത് വന്നത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വര്‍മ്മയെ പിന്തുണയ്ക്കുകയും ചെയ്തു. ഷഹീന്‍ബാഗ് സമരക്കാര്‍ വീട്ടില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു വര്‍മ്മയുടെ മറ്റൊരു പ്രസ്താവന. വിദ്വേഷ പ്രസ്താവനകളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ട് തവണ വര്‍മ്മയെ പ്രചരണത്തില്‍ നിന്ന് വിലക്കേണ്ടി വന്നു. ഷഹീന്‍ബാഗ് സമരക്കാരെ വെടിവയ്ക്കണമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ പ്രസ്താവിച്ചതും വിവാദമായിരുന്നു.
അതേസമയം ഏത് സാഹചര്യത്തിലായാലും ഇത്തരം വിദ്വേഷ പ്രസ്താവനകള്‍ പൊതുസമൂഹത്തിന് മുന്നില്‍ പാര്‍ട്ടിയുടെ മുഖം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് മനോജ് തിവാരി പറഞ്ഞു. ഇത്തരം വിദ്വേഷ പ്രസംഗം നടത്തുന്നവരെ എന്നെന്നേക്കുമായി പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. ഇത്തരക്കാര്‍ക്ക് യാതൊരു നിയമസഹായവും ലഭിക്കാത്ത വിധത്തില്‍ പുതിയ സിസ്റ്റം ആരംഭിക്കണം. വ്യക്തിപരമായി താന്‍ അതിനെ പിന്തുണയ്ക്കുന്നുവെന്നും തിവാരി പറഞ്ഞു.






