
കോഴിക്കോട് : പരശുറാം എക്സ്പ്രസില്‍ വന്‍ കള്ളപ്പണ വേട്ട. മതിയായ രേഖകള്‍ ഇല്ലാതെ കടത്തിയിരുന്ന 24 ലക്ഷം രൂപയാണ് പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര സ്വദേശി സായാഗിയെയാണ് പോലീസ് പിടികൂടിയത്. പ്രതി ട്രയിനിലൂടെ പണം കടത്തുന്ന വിവരം കോഴിക്കോട് റെയില്‍വേ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തുകയും ഇയാളെ പിടികൂടുകയും ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കുകയും ഇയാളെ റിമാന്റ് ചെയ്യുകയും ചെയ്തു.
വസ്ത്രത്തിനുള്ളില്‍ പ്രത്യേക അറകളുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു പണം. ബോംബെയില്‍ നിന്നും മംഗലാപുരം വഴി ഷോര്‍ണ്ണൂരിലെത്തിക്കാനായിരുന്നു നിര്‍ദ്ദേശമെന്ന് പിടിയിലായ ഇയാള്‍ പോലീസിനോട് പറഞ്ഞു. സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണം ആണെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഇത് സ്ഥിരീകരിക്കുന്നതിനുള്ള മതിയായ തെളിവുകള്‍ പ്രതിക്ക് ഹാജരാക്കാന്‍ സാധിച്ചില്ല. രാവിലെയാണ് ഇയാളെ പിടികൂടുന്നത്.
സയാഗി കുഴല്‍പണ സംഘത്തിലെ ഒരു സഹായി മാത്രമാണെന്ന് പോലീസ് നിഗമനം. പിടിയിലായ ശേഷം നിരവധി പേര് സായാഗിയെ ഫോണില്‍ വിളിച്ചിട്ടുണ്ട്. ഇവരെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കോഴിക്കോട് റെയില്‍വേ പോലീസ് അന്വേഷണ ചുമതല.






