
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റ വിവാദത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അദാനി-എംഎസ്‌സി ഓഹരി കൈമാറ്റ നീക്കത്തെക്കുറിച്ച് സർക്കാരിന് മുൻകൂട്ടി അറിവില്ലായിരുന്നുവെന്ന നിലപാട് അദ്ദേഹം വീണ്ടും ആവർത്തിച്ചു.
പ്രതിപക്ഷ നേതാവ് അയച്ച കത്തിനുള്ള മറുപടിയിലാണ് സതീശൻ ഇക്കാര്യം വ്യക്തമാക്കിയത്. മുൻകൂർ അനുമതിയില്ലാതെ നടത്തിയ നീക്കത്തിൽ അദാനി ഗ്രൂപ്പിനോട് അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും മുമ്പേ ഓഹരി കൈമാറ്റ നടപടികൾ ആരംഭിച്ചിരുന്നുവെന്നും, ജൂൺ 5-ലെ ദേശാഭിമാനി വാർത്തയും ഇതിന് തെളിവായി മറുപടിയിൽ ചൂണ്ടിക്കാട്ടുന്നു.
എൽഡിഎഫ് ഭരണകാലത്ത് ഇത്തരം നടപടികൾ പിണറായി വിജയൻ അറിയാതെ നടക്കില്ലെന്നും, അന്നുണ്ടായ നീക്കങ്ങളെക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. യുഡിഎഫ് സർക്കാർ ചെയ്തതായി ആരോപിക്കുന്ന തെറ്റ് എന്താണെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






