
സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന ചെമ്പരത്തി സീരിയലിലെ കല്യാണി എന്ന കഥാപാത്രം നിഷ്കളങ്കയായ തനി നാട്ടിന്പുറത്തുകാരി പെണ്‍കുട്ടിയാണ്. അവളോട് സ്നേഹം തോന്നാത്ത മലയാളി പ്രേക്ഷകരില്ല. എന്നാല്‍ യഥാര്‍ഥത്തില്‍ ആരാണ് ഈ കല്യാണി എന്നറിയാന്‍ എല്ലാവര്ക്കും ആകാംഷയുണ്ടാവും.
ഇത് അമല ഗിരീശന്. തിരുവനന്തപുരംകാരായ ഗിരീശകുമാറിന്റെയും സലിജയുടേയും മകള്‍. ഒരു കുന്നിക്കുരുവിന്റെ നൈര്‍മല്യം പോലെ ജീവിതത്തെ കാണുന്ന വളരെ സാധാരണക്കാരിയായ പെണ്‍കുട്ടി. നൃത്തവും അഭിനയവും കളരിയുമടങ്ങുന്ന കലാരൂപങ്ങളെ നെഞ്ചോടുചേര്‍ക്കുന്ന കലാകാരി.
സ്വപ്നങ്ങളെക്കുറിച്ച് ചോദിച്ചാല്‍ ഒരു സുന്ദരമായ ചിരിയിലൂടെ തന്റെ കൊച്ചുകൊച്ച് ആഗ്രഹങ്ങളെക്കുറിച്ച് പറയുന്നവള്‍. അമലയില്‍ എവിടെയൊക്കെയോ നിങ്ങളുടെ കല്യാണി ഉണ്ടെന്ന് തോന്നുന്നത് സ്വാഭാവികം. അഞ്ച് വര്‍ഷത്തോളമായി അഭിനയരംഗത്തുളള അമലയെ അടുത്ത് പരിചയപ്പെടാം.
അമല കല്യാണിയായത്?
വളരെ യാദൃശ്ഛികമായിട്ടാണ് അഭിനയരംഗത്തേക്ക് വരുന്നത്. അഞ്ച് വര്‍ഷം മുന്‍പ് സ്റ്റാര്‍ വാര് യൂത്ത് കാര്‍ണിവെല്‍ എന്ന പ്രോഗ്രാമില്‍ പങ്കെടുക്കാനായതാണ് അഭിനയ ജീവിതത്തിലേക്കുളള വരവിന് കാരണമായത്. ചെമ്പരത്തിയില്‍ എത്തുന്നത് കാസ്റ്റിങ് കോള്‍ വന്നപ്പോള്‍ ഫോട്ടോസ് അയച്ചുകൊടുത്തതില്നിന്ന് സെലക്ട് ചെയ്താണ്. എനിക്ക് കല്യാണിയെ വളരെ ഇഷ്ടമാണ്. നാടന്‍ പെണ്‍കുട്ടിയാണെങ്കിലും അവള് സ്മാര്‍ട്ടാണ് എന്നെപ്പോലെതന്നെ. പിന്നെ ഈ സീരിയലിന്റെ കഥയിലേക്ക് എന്നെ ഏറെ അടുപ്പിച്ചത് ഇതിലെ അച്ഛന് മകള്‍ ബന്ധത്തിന്റെ ആഴംതന്നെയാണ്.
അഭിനയത്തോടുള്ള ഇഷ്ടം?
അഭിനയത്തോട് നേരത്തെമുതല്‍ ഇഷ്ടമുണ്ട്. ചെമ്പരത്തി എന്റെ ആദ്യ സീരിയല്‍ അല്ല. സ്പര്ശമായിരുന്നു ആദ്യ സീരിയല്‍ പിന്നീട് കാട്ടുകുരങ്ങ്, നീര്‍മാതളം, സൗഭാഗ്യവതി അങ്ങനെ കുറച്ച് സീരിയലുകള്‍ ചെയ്തിരുന്നു. 2014ല്‍ അജുവര്‍ഗ്ഗീസ്, അര്‍ച്ചനകവി, മണിയന്‍പിളള രാജു ഇവരൊക്കെ അഭിനയിച്ച മോനായി അങ്ങനെ ആണായി എന്നൊരു സിനിമയിലും അഭിനയിച്ചിരുന്നു. 2017 ല്‍ ഏഷ്യനെറ്റ് സംപ്രക്ഷണം ചെയ്ത നീര്‍മാതളം എന്ന സീരിയലിലെ അഭിനയത്തിന് മികച്ച നടിയ്ക്കുളള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം ലഭിച്ചിരുന്നു. ആ സമയത്താണ് ചെമ്പരത്തിയിലേക്ക് നായികയെ ആവശ്യമുണ്ടെന്നറിഞ്ഞ് ഫോട്ടോസ് അയക്കുന്നത്.
ഇഷ്ടമുളള അഭിനേതാക്കള്‍?
നൃത്തവും അഭിനയവും ഇഷ്ടമായതുകൊണ്ടാണോ എന്നറിയില്ല ശോഭനയേയും കാവ്യാമാധവനേയും വളരെ ഇഷ്ടമാണ്. റോള്‍ മോഡലൊന്നും ഇല്ല. സിനിമകളും സീരിയലുകളും എല്ലാം ശ്രദ്ധയോടെ കാണാറുണ്ട്.
കല്യാണിയെപ്പോലെതന്നെയാണോ അമല?
കല്യാണിയുടെ ക്യാരക്ടര്‍ എനിക്ക് വളരെ ഇഷ്ടമാണ്. ചെമ്പരത്തിയില്‍ വരുന്നതിനുമുന്പ് ഇതിന്റെ തമിഴ് പതിപ്പായ സെമ്പുരത്തി ശ്രദ്ധിച്ചിരുന്നു. സ്വഭാവത്തിന്റെ കാര്യത്തില്‍ കല്യാണിയെപ്പോലതന്നെ ഞാനും സിമ്പിളാണ്. വലിയ ആഡംബരങ്ങളൊന്നുമില്ലാതെ ജീവിക്കാനാണിഷ്ടം. വേഷത്തിന്റെ കാര്യത്തിലാണെങ്കില്‍ ഒരുപാട് നാടനുമല്ല, ഒരുപാട് മോഡേണുമല്ല.
രണ്ട് തരത്തിലുളള വേഷങ്ങളും ധരിക്കാറുണ്ട്. യാത്ര ചെയ്യുമ്പോള്‍ കംഫര്‍ട്ടബിളായത് ജീന്‍സ് ഒക്കെയായതുകൊണ്ട് അതാവും ഉപയോഗിക്കുക. കൂടുതലും നാടന്‍ വേഷങ്ങളായ സല്‍വാര്‍, ദാവണി, സാരി ഇതിനോടൊക്കെയാണ് താല്പര്യം. ഫാഷനബിളായിട്ടുള്ളതൊക്കെ കാണാനും മറ്റും താല്പര്യമാണ്.
ആരാധകരൊക്കെ ധാരാളമുണ്ടാവുമല്ലോ?
അതാണ് ഏറ്റവും രസം. ബസിലും ട്രെയിനിലും ഒക്കെ യാത്ര ചെയ്യാറുണ്ടെങ്കിലും അഭിനയരംഗത്ത് വന്ന് ഈ അഞ്ച് വര്‍ഷത്തിനിടയില്‍ എന്നെ ആകെ തിരിച്ചറിഞ്ഞിരിക്കുന്നവര് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്. ഒരുപാട് പേരൊന്നും അങ്ങനെ മനസിലാക്കാറില്ല എന്നതാണ് വാസ്തവം. സീരിയല്‍ ഇഷ്ടപ്പെടുന്നവര്‍ പലരും ലൊക്കേഷനില്‍ ഞങ്ങളെ കാണാന്‍ വരാറുണ്ട്. അടുത്തിടെ ചാത്തന്നൂര്‍ നിന്നും രണ്ട് അമ്മമാര്‍ വന്നിരുന്നു.
അവര്‍ ലൊക്കേഷനില്‍ എല്ലാ നടീനടന്മാരെയും പരിചയപ്പെട്ടും വര്‍ത്തമാനം പറഞ്ഞും വളരെ സന്തോഷത്തോടെയായിരുന്നു പോയത്. എനിക്ക് പക്ഷേ തൊണ്ടയില്‍ ഇന്ഫെക്ഷനായതുകൊണ്ട് അവരോട് സംസാരിക്കാന്‍ പറ്റിയില്ല. എന്നോട് സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് വീണ്ടും അവര്‍ ഒരുപ്രാവശ്യം കൂടി വന്നു. അതുപോലെ ഇടുക്കിയില്‍ നിന്ന് തിരുവല്ലയില്‍ ഷൂട്ടിംഗ് നടന്ന സ്ഥലത്തേക്ക് ഇതുപോലെ രണ്ടുപേരെത്തി, മധുരപലഹാരങ്ങളുമൊക്കെയായി ഞങ്ങളെ കാണാന്‍. അതൊക്കെ ഓര്‍ക്കുമ്പോള്‍ സന്തോഷമുള്ള കാര്യമാണ്.
വീട്ടിലെ അമല?
അച്ഛനും അമ്മയും ചേച്ചി അഖിലയും ചേച്ചിയുടെ ഭര്‍ത്താവും കുഞ്ഞും അടങ്ങുന്നതാണ് എന്റെ കുടുംബം. കോഴിക്കോടാണ് ജനിച്ചതെങ്കിലും വളര്‍ന്നതെല്ലാം തിരുവനന്തപുരത്താണ്. അ്ച്ഛന് കൃഷിക്കാരനാണ്, അമ്മ വീട്ടമ്മയും. തികച്ചും സാധാരണക്കാര്‍. ഷൂട്ടിംഗ് കഴിഞ്ഞാല്‍ നേരെ വീട്ടിലേക്ക്. അതാണ് എന്റെ പതിവ്. കറങ്ങിനടക്കാനും കൂട്ടുകൂടാനുമൊന്നും അധികം സുഹൃത്തുക്കളൊന്നുമില്ല. എന്റെ യാത്രകളും അടിച്ചുപൊളിയും സന്തോഷവും എല്ലാം അച്ഛന്റെയും അമ്മയുടെയും ഒപ്പമാണ്.
സമയം കിട്ടുമ്പോള്‍ ഏതെങ്കിലും പ്രകൃതിരമണീയമായ സ്ഥലത്തേക്ക് ഞങ്ങള്‍ യാത്രപോകും. എനിക്ക് അങ്ങനെയുളള യാത്രകള്‍ വളരെ ഇഷ്ടമാണ്. മാസത്തില്‍ 20 ദിവസമൊക്കെയായിരിക്കും ഷൂട്ടിംഗ്. അതിനിടയില്‍ അച്ഛനും അമ്മയും എന്നെ കാണാന്‍ വരും. ഇടയ്ക്ക് അമ്മ എന്റെ കൂടെ വന്നു നില്ക്കും. അച്ഛനും അമ്മയും ഫുള്‍ സപ്പോര്‍ട്ടാണ്.
ഐശ്വര്യയോടൊപ്പമുളള അഭിനയം?
സീരിയലില്‍ അഖിലാണ്ഡേശ്വരിയായി വേഷമിടുന്നത് ഐശ്വര്യയാണ്. നരസിംഹം സിനിമയൊക്കെ കണ്ട് ഐശ്വര്യ ചേച്ചിയുടെ ഫാനായതാണ്. അത്രയും സീനിയറായ അവരോടൊപ്പം സ്ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. ഐശ്വര്യ ചേച്ചി വളരെ ഫ്രണ്ട്ലിയാണ്. അതുപോലെ ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെയാണ് കഴിയുന്നത്. ചില ദിവസങ്ങളില്‍ എല്ലാവരും ഒന്നിച്ചുണ്ടാവും, അന്നൊക്കെ ഭയങ്കര രസമായിരിക്കും. ഇണക്കവും പിണക്കവും എല്ലാംകൂടിയുള്ള സെറ്റാണ്.
സിനിമയിലേക്ക് എപ്പോഴാണ്?
ബി. ടെക്ക് കഴിഞ്ഞാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2017 ല്‍ സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയ സമയത്തൊക്കെ ഫേസ്ബുക്കിലൂടെയും മറ്റും സിനിമയിലേക്കൊക്കെ അവസരം വന്നിരുന്നു. അപ്പോഴേക്കും ഞാന്‍ മറ്റ് സീരിയലുകളില്‍ ജോയിന്‍ ചെയ്തിരുന്നു. നമുക്ക് പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്ന വേഷം ലഭിച്ചാല്‍ തീര്‍ച്ചയായും സിനിമയില്‍ അഭിനയിക്കും. ഇപ്പോള്‍ സീരിയലില്‍ അഭിനയത്തോടൊപ്പം ക്യാരക്ടറിന് സ്വന്തം ശബ്ദം തന്നെയാണ് കൊടുക്കുന്നത്. അതുകൊണ്ട് ഡബ്ബിംഗും ഉണ്ടാവും. അതുകൊണ്ട് സീരിയല്‍ വിട്ട് മാറിനില്‍ക്കാനാവില്ല.
സ്വന്തം ശബ്ദവും പ്രേക്ഷകര്‍ സ്വീകരിച്ചു?
അത് ശരിക്കും റിസ്കുള്ള കാര്യമാണ്. തുടക്കത്തില്‍ എന്റെ ശബ്ദം ആളുകള്‍ സ്വീകരിക്കുമോ, അവര്‍ക്ക് ഇഷ്ടപ്പെടുമോ എന്നൊക്കെ പേടിയുണ്ടായിരുന്നു. പക്ഷേ എന്നെ ഇഷ്ടപ്പെട്ടതുപോലെതന്നെ എന്റെ ശബ്ദവും എല്ലാവര്ക്കും ഇഷ്ടപ്പെട്ടതില്‍ സന്തോഷമുണ്ട്.
വിവാഹത്തെക്കുറിച്ച്?
അതേക്കുറിച്ച് ആലോചനയുണ്ട്. കല്യാണം ഈ വര്‍ഷം നടത്തണമെന്നാണ് അച്ഛനും അമ്മയും പറയുന്നത്.
അഭിനയമല്ലാതെ ഏറ്റവും ഇഷ്ടമുള്ള കാര്യം?
യാത്രകള്‍ ചെയ്യാന്‍ ഇഷ്ടമാണ്. അതുപോലെ എനിക്ക് ഏറ്റവും ഇഷ്ടമുളള ഒന്ന് കളരി പഠിക്കുന്നതാണ്. തിരുവനന്തപുരത്തെ വീട്ടിലെത്തിയാല്‍ എന്റെ പ്രധാന അറ്റന്ഷന് അതിലേക്കാണ്. ട്രിവാന്‍ഡ്രം സി. വി. എന്‍ കളരിയില്‍ രാജന് സാറിന്റെ ശിക്ഷണത്തിലാണ് പഠിക്കുന്നത്. മുന്‍പ് ഡാന്‍സ് ചെയ്തിരുന്ന സമയത്ത് കളരിയും കൂടി പഠിക്കാന്‍ ചേര്‍ന്നതാണ്. കളരി ചെയ്യുമ്പോള്‍ ഒരു പോസിറ്റീവ് ഫീല്‍ കിട്ടും.
ഷെറിങ്ങ് പവിത്രന്