
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ പിതാവ് ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബി.ജെ.പി മുന്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗാര്‍ ഉള്‍പ്പെടെ 7 പേരെ പ്രതിയാക്കി ഡല്‍ഹി തീസ് ഹസാരി കോടതിയുടെ വിധി.
ബലാത്സംഗക്കുറ്റത്തിന് സെന്‍ഗാറിന് നേരത്തെ കോടതി ശിക്ഷ വിധിച്ചിരുന്നു. ഇപ്പോള്‍ സെന്‍ഗാര്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കോടതിയുടെ പുതിയ വിധി. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് സെന്‍ഗാറിനെതിരേ പരാതി നല്കി. പിന്നാലെ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 9നായിരുന്നു പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അദ്ദേഹം ക്രൂരമര്‍ദ്ദനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.
2017 ജൂണിലാണ് കേസിനാസ്പദമായ സംഭവം. ഉത്തര്‍പ്രദേശില്‍ നിന്ന് ജോലി ആവശ്യവുമായി എത്തിയ 17കാരിയായ പെണ്‍കുട്ടിയെ സെന്‍ഗാര്‍ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയെ കാണാനില്ലെന്ന് പിതാവ് പരാതിപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ പത്ത് ദിവസത്തിന് ശേഷം പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. കുട്ടിയുടെ മൊഴിയില്‍ സെന്‍ഗാറിന്റെ പേരുണ്ടായിരുന്നെങ്കിലും എം.എല്‍.എയുടെ പേര് പോലീസ് എഫ്.ഐ.ആറില്‍ ചേര്‍ത്തിരുന്നില്ല.
മൊഴിമാറ്റാന്‍ പോലീസടക്കം പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു. എന്നാല്‍ പെണ്‍കുട്ടിയും വീട്ടുകാരും പിന്മാറാന് തയ്യാറായിരുന്നില്ല. പിന്നീട് പെണ്‍കുട്ടിയുടെ പിതാവിനെതിരേ കള്ളക്കേസുണ്ടാക്കി. തുടര്‍ന്ന് ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും കസ്റ്റഡിയില്‍ ഇരിക്കെ മരിക്കുകയുമായിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ സെന്‍ഗാറിനെതിരായ വിധി വന്നിരിക്കുന്നത്.






