
ലക്നൗ: ഉത്തര്‍പ്രദേശിലെ ലക്നൗവില്‍ കനത്ത മഴക്കിടെ തീഗോളം പതിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇടിവെട്ടുന്ന ശബ്ദത്തോടെയാണ് തീഗോളം ഭൂമിയില്‍ പതിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഗാസിയാബാദ് റെയില്‍വേ സ്റ്റേഷന് സമീപം ശനിയാഴ്ചയാണ് സംഭവം.
ഉല്ക്കപോലെ എന്തോ ഒരു വസ്തു ഭൂമിയില്‍ പതിച്ചുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അഗ്നിശമനസേന സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് തീ അണച്ചുവെങ്കിലും ഇതില്‍ നിന്നുള്ള പുക വീണ്ടും ഉയരുന്നുണ്ടായിരുന്നു. തുടര്‍ന്ന് ജില്ലാ മജിസ്ട്രേറ്റിന്റെ നിര്‍ദ്ദേശം അനുസരിച്ച് ജിയോളജിസ്റ്റ് എസ്.സി ശര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
സോഡിയം പോലുള്ള വസ്തുവാണ് തീഗോളമായി പതിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഈ വസ്തു വെള്ളവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ ഇതില്‍ നിന്ന് തീ ഉയരുമെന്നാണ് സംഘത്തിന്റെ വിലയിരുത്തല്‍. കൂടുതല്‍ പരിശോധനകള്‍ക്കായി സാമ്പിളുകള്‍ ലക്നൗവിലേക്ക് അയച്ചതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. കൂടുതല്‍ പരിശോധനകള്ക്ക്് ശേഷം മാത്രമേ കൃത്യമായ വിവരം ലഭ്യമാകുകയുള്ളൂ.






