
മെല്‍ബണ്‍ : വനിതാ ടി20 കിരീടം ഓസ്ട്രേലിയ്ക്ക്. ഫൈനലില്‍ ഇന്ത്യയെ 85 റണ്‍സിന് തോല്‍പ്പിച്ചു. 185 റണ്‍സ് വിജയലക്ഷ്യമായി ഇറങ്ങിയ ഇന്ത്യ 99 റണ്‍സിന് ഓള് ഔട്ടായി. മെല്‍ബണില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ 184 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. ഇന്നിങ്സിന്റെ മൂന്നാം പന്തില്‍ തന്നെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന ഷഫാലി വര്‍മയെ (2) യാണ് ഇന്ത്യയക്ക് നഷ്ടമായത്. പിന്നീട് ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും തന്നെ ഓസീസ് ബൗളിങ് നിരയുടെ മുന്നില്‍ പിടിച്ച് നില്ക്കാന് സാധിച്ചില്ല.
ഇതിനിടെ താനിയ ഭട്ട് പരിക്ക് പറ്റി മടങ്ങിയതും ഇന്ത്യക്ക് തിരിച്ചടിയായി. ജെസ് ജൊനാസന്റെ പന്ത് ഹെല്‍മറ്റില്‍ അടിച്ച് തലയ്ക്ക് വേദന സഹിക്കാന്‍ കഴിയാതെ ക്രീസ് വിടുകയായിരുന്നു. സ്മൃതി മന്ദാന (11), ജെമീമ റോഡ്രിഗസ് (0), ഹര്‍മന്‍പ്രീത് കൗര്‍(4) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദീപ്തി ശര്‍മ (33), റിച്ച് ഘോഷ് (18), വേദ കൃഷ്ണമൂര്‍ത്തി (19) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഓസീസിനായി മേഗന് ഷുട്ട് നാല് വിക്കറ്റും ജെസ്സ് ജൊനാസ്സന്‍ മൂന്നും വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിനെ മികച്ച സ്കോറില്‍ എത്തിച്ചത് ഓപ്പണിങ് വിക്കറ്റ് കൂട്ടുക്കെട്ടില്‍ അടിച്ച് തകര്‍ത്ത അലീസ ഹീലിയുടെയും ബെത്ത് മൂണിയുടെയും മികവിലാണ്. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ട്ടത്തില്‍ 184 റണ്‍സെടുത്തു ഓസീസ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ തുടക്കം മുതല്‍ അലീസ് ഹീലി കത്തിക്കയറി. വെറും 39 പന്തില്‍ അഞ്ച് സിക്സും ഏഴ് ഫേറുമടക്കം 75 റണ്‍സെടുത്താണ് പുറത്തായത്. പതിയെ തുടങ്ങിയ മൂണി പിന്നീട് അടിച്ച് തകര്‍ത്തു. 54 പന്തുകള്‍ നേരിട്ട മൂണി 10 ഫോറിന്റെ മികവില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ മെഗ് ലാന്നിങ് (16), ആഷ്ലി ഗാര്‍ഡ്നര്‍ (2), റേച്ചല്‍ ഹായ്നസ് (4) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഇന്ത്യക്കായി ദീപ്തി ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപ്തി ശര്‍മ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ രണ്ട് ഫേറുകളോടെ മികച്ച തുടക്കമിട്ട് ഹീലിയുടെ രണ്ട് ക്യാച്ച് ഷെഫാലിയും, രാജേശ്വരിയും വിട്ട് കളഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി.






