
ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ബെംഗളൂരുവിൽ വലിയ സുരക്ഷാ ഭീതി ഉയർന്നു. മോദിയുടെ പരിപാടി നടക്കുന്ന സ്ഥലത്തിന് സമീപം രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയതാണ് സുരക്ഷാ ഉദ്യോഗസ്ഥരെ പരിഭ്രാന്തരാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
ഞായറാഴ്ച രാവിലെ നടന്ന പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. പ്രധാനമന്ത്രി എത്താനിരുന്ന കനകപുരയിലെ വേദിയിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ റോഡരികിൽ ഫുട്പാത്തിന് വശത്തായാണ് രണ്ട് ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ് എന്ന് ബെംഗളൂരു സെൻട്രൽ റേഞ്ച് ഡിഐജി പറഞ്ഞു.
ഭീകരാക്രമണ ഭീഷണിയെക്കുറിച്ചുള്ള വിവരങ്ങളെത്തുടർന്ന് ഇന്റലിജൻസ് ഏജൻസികൾ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഡൽഹി പോലീസും മറ്റ് സുരക്ഷാ ഏജൻസികളും മിക്കയിടങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
സംശയാസ്പദമായ നീക്കങ്ങൾ, ഉടമസ്ഥരില്ലാത്ത വസ്തുക്കൾ, തന്ത്രപ്രധാന മേഖലകളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ എന്നിവയെക്കുറിച്ച് കർശന ജാഗ്രത പാലിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.






